X

ഒടുവില്‍ സി.പി.എം തിരുത്തി; സുള്‍ഫത്ത് ടീച്ചര്‍ക്കെതിരെ നടപടിയില്ല

കണ്ണൂര്‍ ചെറുതാഴം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ സുല്‍ഫത്തിനെ പിന്തുണക്കാന്‍ ഒടുവില്‍ സഹപ്രവര്‍ത്തകരും പിടിഎയും തീരുമാനിച്ചു. കൊച്ചിയില്‍ നടന്ന ചുംബനസമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് സുല്‍ഫത്ത് എന്ന അധ്യാപിക സ്‌കൂളിന് അപമാനമാണെന്നും അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സ്‌കൂളിലെ അധ്യാപകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ നിലപാടെടുത്തതാണ് തന്നെ ഒറ്റപ്പെടുത്താന്‍ കാരണമെന്നായിരുന്നു സുല്‍ഫത്ത് ടീച്ചറുടെ ആരോപണം. പ്രാദേശിക സി പി എം പ്രവര്‍ത്തകരെ തനിക്കെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍വലിക്കണം എന്നാവിശ്യപ്പെട്ട് ടീച്ചര്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കത്തയച്ചിരുന്നു. പ്രശ്നം പരിഹരിക്കപ്പെട്ടതിനെക്കുറിച്ചും സ്കൂള്‍ അധികൃതരും പി ടി എയും എടുത്ത തീരുമാനങ്ങളെക്കുറിച്ചും സുല്‍ഫത്ത് ടീച്ചര്‍ അഴിമുഖം പ്രതിനിധി നീതു ദാസിനോട് സംസാരിക്കുന്നു.

(ഈ വിഷയത്തില്‍ അഴിമുഖം മുമ്പു പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇവിടെ വായിക്കാം- ചുംബനസമരം: സദാചാരക്കാര്‍ നില്‍ക്കുന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനു വേണ്ടി – സുല്‍ഫത്ത് ടീച്ചര്‍ സംസാരിക്കുന്നു, സി.പി.എംകാരെ നിയന്ത്രിക്കണം; പിണറായി വിജയന് സുല്‍ഫത്ത് ടീച്ചറുടെ കത്ത്). 

“ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സി എം വേണുഗോപാലിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എനിക്ക് തുടര്‍ന്നും സുഗമമായി പ്രവര്‍ത്തിക്കാനുള്ള സൗകര്യം സ്‌കൂളിലൊരുക്കാനുള്ള തീരുമാനമെടുത്തത്. സ്‌കൂളിന്റെ പ്രധാനധ്യാപകനും പിടിഎ പ്രസിഡന്റും മറ്റും യോഗത്തില്‍ പങ്കെടുത്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ താത്പര്യപ്രകാരമായിരുന്നു യോഗം ചേര്‍ന്നത്. അനില്‍കുമാറെന്ന ആരോപണവിധേയനായ അധ്യാപകന് പരമാവധി ശിക്ഷ കിട്ടാനായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സ്‌കൂളില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കാനും ശ്രമമുണ്ടാകും. എനിക്കെതിരെ കണ്ണൂര്‍ ഡിഡിഇക്ക് കൊടുത്ത പരാതിയില്‍ തുടര്‍നടപടി വേണ്ടെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. സ്‌കൂള്‍ പിടിഎയും വികസന സമിതിയും സ്റ്റാഫ് കൗണ്‍സിലുമായിരുന്നു സ്‌കൂളിനെതിരായി പ്രവര്‍ത്തിക്കുന്ന എനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിഡിഇക്ക് പരാതി നല്‍കിയത്.

 

സ്‌കൂളില്‍ നടന്ന ലൈംഗിക പീഡനത്തെപ്പറ്റിയുള്ള സത്യാവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നോട്ടീസുകള്‍ അടിച്ചിറക്കിയിരുന്നു. ഇതിനെതിരെ പ്രധാനാധ്യാപകന്‍ പൊലീസില്‍ കൊടുത്ത പരാതിയില്‍ തുടര്‍നടപടികള്‍ ആവശ്യപ്പെടില്ലെന്നും തീരുമാനിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള കൂട്ടായ ശ്രമങ്ങളാണ് ഇനി നടക്കുക. എന്നാല്‍ സ്‌കൂളില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കുട്ടിയും മാതാപിതാക്കളുമാണ്. എന്തായാലും ഇത്തരത്തില്‍ സ്‌കൂളിന് അപമാനകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഞങ്ങളുടെ തീരുമാനം.”

This post was last modified on November 17, 2014 11:17 am