വനേസ വില്ല്യംസ്
ദി വാഷിംഗ്ടന്‍ പോസ്റ്റ്
National Diverstiy Coalition ട്രംപിനെ സംബന്ധിച്ച് അത്ര വലുതല്ലെങ്കിലും വളരെ വിഭിന്നരായവരുടെ കൂട്ടമാണ്.
ഗ്രൂപ്പിന്റെ വെബ് പേജിലെ ടെക്‌നികളര്‍ ഫോട്ടോ ഗാലറിയില്‍ ഉള്ള സ്ത്രീ, പുരുഷന്മാര്‍ പല പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്: വിയറ്റ്‌നാമീസ്, അറബ്, മുസ്ലീം, ഇന്ത്യ, ടര്‍ക്കിഷ്, ക്യൂബന്‍, മെക്‌സിക്കന്‍, അമേരിക്കന്‍ മുതലായവര്‍. ട്രംപിന്റെ ‘Make America Great Again’ മുദ്രാവാക്യം പ്രിന്റ് ചെയ്ത തലപ്പാവു ധരിച്ച സിഖുകാരനെയും അതില്‍ കാണാം.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളിലെ ഈ മുന്‍നിരക്കാരന്‍ നിയമാനുസൃതമല്ലാതെ കുടിയേറിയവരെയും മുസ്ലീങ്ങളെയും പറ്റി പല വിവാദ പ്രസ്താവനകളും നടത്തിയിട്ടുണ്ട്; കൂടാതെ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ ട്രംപിന് വളരെ കുറവാണ്. ഇതൊക്കെ കണക്കിലെടുത്താല്‍ ഇങ്ങനെയൊരു ഗ്രൂപ്പിന്റെ നിലനില്‍പ്പുതന്നെ അത്ഭുതമാണ്. എന്നാല്‍ ട്രംപിനെ ജനങ്ങള്‍ക്ക് ശരിക്കു മനസിലാക്കാത്തതു കൊണ്ടുള്ള ധാരണയാണ് അതെന്ന് ജോര്‍ജിയയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ബ്രൂസ് ലെവല്‍ പറയുന്നു.
ട്രംപ് ഒരു വംശീയ വിരോധിയാണെന്ന, അടിസ്ഥാനരഹിതവും അന്യായവുമായ ചിന്ത മാറ്റിയെടുക്കുന്ന ദൗത്യത്തിലാണ് കറുത്ത വര്‍ഗ്ഗക്കാരനായ ലെവല്‍ ഇപ്പോള്‍. വംശീയമായ പിരിമുറുക്കങ്ങളെ ട്രംപ് മുതലെടുത്തു എന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളിക്കളയുന്നു. മാത്രമല്ല, ട്രംപിന്റെ പ്രചാരണത്തെ പിന്തുണയ്ക്കാന്‍ ലെവല്‍ മറ്റ് കറുത്ത വംശജരെ പ്രേരിപ്പിക്കുന്നുമുണ്ട്. ‘ട്രംപ് ശരിക്കും വളരെ നല്ല മനുഷ്യനാണ്’ എന്നാണ് തന്റെ ആത്മാര്‍ത്ഥ വിശ്വാസമെന്ന് അദ്ദേഹം പറയുന്നു.
താനുംകൂടി ചേര്‍ന്നു രൂപീകരിച്ച ഗ്രൂപ്പിലെ മറ്റ് അംഗങ്ങളോടൊപ്പം തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ ട്രംപിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ‘കമിങ് ഔട്ട്’ പാര്‍ട്ടി നടത്തുമെന്ന് ലെവല്‍ അറിയിച്ചു; സ്ഥാനാര്‍ത്ഥിയും ഒപ്പമുണ്ടാകും.
ട്രംപിനെ കുറിച്ചുള്ള ധാരണകളെ പറ്റി ലെവല്‍ പറയുന്നത്: ‘എനിക്കറിയില്ല ഇതൊക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന്. മിക്കി മൗസ് ചന്ദ്രനില്‍ പോയെന്നു പറയുന്നതു പോലെയാണ് അദ്ദേഹത്തെ വംശീയ വിദ്വേഷി എന്ന് വിളിക്കുന്നത്!’
ലെവല്‍ (52) നേരിടുന്ന വലിയ വെല്ലുവിളി ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ ട്രംപിന്റെ സ്വീകാര്യത വളരെ കുറവാണെന്നല്ല, അങ്ങ് അടിത്തട്ടിലാണെന്ന് പറയേണ്ടി വരും. അടുത്തിടെ നടന്ന വാഷിംഗ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ് സര്‍വ്വേ പറയുന്നത് 91 ശതമാനം ആഫ്രിക്കന്‍ അമേരിക്കക്കാരും 81 ശതമാനം ഹിസ്പാനിക്കുകളും (സ്പാനിഷ് സംസാരിക്കുന്ന എല്ലാ വംശജരേയും കുറിക്കുന്ന പദം) ട്രംപിനെ അനുകൂലിക്കുന്നില്ല എന്നാണ്. ട്രംപിനെ പിന്തുണയ്ക്കാത്ത സ്ത്രീകളുടെ എണ്ണം 75 ശതമാനം വരും.
എന്നാല്‍ ഈ കണക്കുകളും ട്രംപിന്റെ റാലികളില്‍ നിന്നു അടിച്ചു പുറത്താക്കപ്പെടുന്ന ആഫ്രിക്കന്‍ അമേരിക്കന്‍ പ്രതിഷേധക്കാരുടെ ചിത്രങ്ങളും ഒക്കെയുണ്ടായിട്ടും ട്രംപ് എന്ന ന്യൂയോര്‍ക്ക് ബില്ല്യണയര്‍ തന്നെ പിന്തുണയ്ക്കുന്ന, വിശാല വീക്ഷണമുള്ള ഒരു വിഭാഗത്തെ പറ്റി പ്രചാരണത്തിലുടനീളം വീരവാദം മുഴക്കുന്നുണ്ട്. അവര്‍ കേബിള്‍ ന്യൂസില്‍ ട്രംപിനെ പ്രതിരോധിക്കുകയും റാലികളില്‍ സംസാരിക്കുകയും ചെയ്യുന്നു.
അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശത്തുള്ള ജ്വല്ലറി കമ്പനിയുടെ ഉടമയായ ലെവലും ഇങ്ങനെ വിശാല വീക്ഷണമുള്ള ട്രംപ് അനുകൂലികളുടെ സംഘം ഉണ്ടാക്കിയിട്ടുണ്ട് വെബ് സൈറ്റിലെ കണക്കനുസരിച്ച് 34 പേര്‍.
ഓമറോസ മാനിഗള്‍റ്റ് പോലെയുള്ള പരിചിതമായ പേരുകളുണ്ട് ആ ഗ്രൂപ്പില്‍. ട്രംപിന്റെ റിയാലിറ്റി ടെലിവിഷന്‍ ഷോ ആയ ‘ദ അപ്രെന്റീസി’ലെ ഏറ്റവും പ്രസിദ്ധയായ ഗ്രാജ്വേറ്റ് ആണ് അവര്‍. ക്ലീവ്‌ലന്‍ഡിലെ പാസ്റ്ററായ ഡാരല്‍ സ്‌കോട്ടും ഈ സംഘത്തിലുണ്ട്. ട്രംപിന് നൂറോളം കറുത്ത വംശജരായ പുരോഹിതരുടെ അംഗീകാരം പ്രഖ്യാപിക്കാനുള്ള ഇദ്ദേഹത്തിന്റെ നീക്കം മറ്റ് കറുത്ത വര്‍ഗ്ഗ മതനേതാക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നു പിന്‍വലിച്ചു.
ഡാലിസ് ഹാമില്‍ട്ടന്‍ ആണ് Hispanic Ptariots for Trump ചെയര്‍മാന്‍. ഈയിടെ അവര്‍ തന്റെ ഫേസ്ബുക് പേജില്‍ കാപ്പിറ്റല്‍ അക്ഷരങ്ങളില്‍ ഇങ്ങനെ കുറിച്ചു, ‘I’m getting off ‘Lyin’ Ted’s’ Cruz ship and boarding the Trumpt rain! (ഞാന്‍ നുണ പറയുന്ന ടെഡ് ക്രൂസിന്റെ കപ്പലില്‍ നിന്നിറങ്ങി ട്രംപ് ട്രെയിനില്‍ കയറുകയാണ്)’
ഏഷ്യന്‍ അമേരിക്കക്കാരുടെയും ടര്‍ക്കിഷ് അമേരിക്കക്കാരുടെയും അമേരിക്കന്‍ ഇന്ത്യക്കാരുടെയും സിഖ് അമേരിക്കരുടെയും മുസ്ലിം അമേരിക്കക്കാരുടെയും ഒക്കെ പ്രതിനിധികള്‍ എന്നവകാശപ്പെടുന്നവര്‍ ഈ ഗ്രൂപ്പിലുണ്ട്.
‘എനിക്കാരും ഇതിന് പണം തരുന്നില്ല!’ ലെവല്‍ പ്രഖ്യാപിക്കുന്നു. അടുത്തിടെ അദ്ദേഹം ഒരു അര്‍ബന്‍ റേഡിയോ സ്‌റ്റേഷന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ വിളിച്ച പലരും ചോദിച്ചത് ട്രംപിന് അനുകൂലമായി സംസാരിക്കുന്നതിന് ലെവലിനു എന്തു കിട്ടുന്നുണ്ട് എന്നായിരുന്നു. അതിനു ശേഷം ഇത് പ്രഖ്യാപിക്കാനുള്ള അവസരങ്ങളൊന്നും ലെവല്‍ പാഴാക്കാറില്ല. ‘ഞാന്‍ സ്വന്തമായി സാമ്പാദിക്കുന്നുണ്ട്. ഫൈവ് സ്റ്റാര്‍ നിലവാരമുള്ള ഒരു ബിസിനസ്സ് ഉണ്ടെനിക്ക്.’
ഗ്രൂപ്പ് ഒരു രാഷ്ട്രീയ കമ്മിറ്റിയല്ലെന്നും ട്രംപിന് വേണ്ടി ധനസമാഹരണം നടത്തില്ലെന്നും ലെവല്‍ പറഞ്ഞു. ഗ്രൂപ്പ് കാംപെയ്‌നിന്റെ ഭാഗമല്ലെന്നും സ്വതന്ത്രമാണെന്നും ട്രംപിന്റെ വക്താവായ ഹോപ് ഹിക്ക്‌സ് വ്യക്തമാക്കി. ‘എന്നാല്‍ അവരുടെ പിന്തുണയില്‍ മി. ട്രംപിന് അങ്ങേയറ്റം നന്ദിയുണ്ട്,’ അവര്‍ പറഞ്ഞു.
കഴിഞ്ഞ ഗ്രീഷ്മകാലത്ത് നടത്താനിരുന്ന പുരോഹിതരുടെ പിന്തുണ പ്രഖ്യാപനത്തിലേയ്ക്ക് സ്‌കോട്ട് ലെവലിനെയും ക്ഷണിച്ചിരുന്നു. ട്രംപ് ടവറിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വിവിധ വംശക്കാര്‍ പ്രവര്‍ത്തിക്കുന്നത് താന്‍ കണ്ടുവെന്ന് ലെവല്‍ പറയുന്നു, അവരില്‍ പല സ്ത്രീകളും ഉന്നത പദവികള്‍ വഹിക്കുന്നുണ്ട്. ആ ചിത്രം തന്റെ മനസ്സില്‍ പതിഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.
‘വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ഇവരെയെല്ലാം തന്റെ പ്രചാരണത്തിലും സ്ഥാപനത്തിലും ഉള്‍പ്പെടുത്തിയ ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ വംശീയ വിരോധി എന്നു വിളിക്കാനാകും? അദ്ദേഹം പരുക്കനും ധിക്കാരിയും ആണെന്ന് പറഞ്ഞാല്‍ സമ്മതിക്കാം. ഞാന്‍ വേണമെങ്കില്‍ ഒരു ചരക്കു തീവണ്ടിയുടെ മുന്‍പില്‍ കയറി നിന്നും ആണയിടാം ട്രംപ് റേസിസ്റ്റ് അല്ലെന്ന്,’ ലെവല്‍ പറഞ്ഞു.
ആള്‍ക്കൂട്ടത്തിന് മുന്നിലും ലെവല്‍ അത് പറയും. ന്യൂയോര്‍ക് സന്ദര്‍ശനത്തിന് ശേഷം ലെവല്‍ ജോര്‍ജിയയിലേയ്ക്ക് തിരിച്ചു പറന്നത് ട്രംപിന്റെ പ്രൈവറ്റ് ജെറ്റില്‍ അദ്ദേഹത്തിന്റെ കൂടെയാണ്. അന്ന് രാത്രി മെയ്ക്കണിലെ ഒരു റാലിയില്‍, സബര്‍ബന്‍ അറ്റ്‌ലാന്റയിലെ ഗ്വിന്നെറ്റ് കൗണ്ടിയിലെ മുന്‍ റിപ്പബ്ലിക്കന്‍ കൗണ്ടി ചെയര്‍മാന്‍ കൂടിയായ ലെവലിനെ ട്രംപ് വേദിയിലേയ്ക്ക് ക്ഷണിച്ചു. ‘ഡൊണാള്‍ഡ് ട്രംപ് ഒരു വംശ വിദ്വേശിയല്ല, കൂട്ടരേ,’ കൂടുതലും വെള്ളക്കാരായിരുന്ന ആ ആള്‍ക്കൂട്ടത്തിന് ലെവല്‍ ഉറപ്പു കൊടുത്തു.
കഴിഞ്ഞ രണ്ട് ഇലക്ഷന്‍ സൈക്കിളുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ന്യൂനപക്ഷ പിന്തുണ മുന്‍പെന്നത്തേക്കാളും താഴ്ന്നു. കറുത്ത വര്‍ഗ്ഗക്കാരില്‍ 19 ശതമാനമാണ് 2012ല്‍ മിറ്റ് റോംനിക്ക് വോട്ട് ചെയ്തത്. ചില GOP (റിപ്പബ്ലിക്കന്‍ പാര്‍ട്ടി) തന്ത്രജ്ഞര്‍ പറയുന്നത് ട്രംപ് ആണ് നോമിനിയെങ്കില്‍ പിന്തുണ ഇനിയും കുറയുമെന്നാണ്.
ബ്ലാക് ടീ പാര്‍ട്ടി പ്രവര്‍ത്തകനായ സൈമണ്‍ പെറി പറയുന്നത് ട്രംപിന്റെ വളര്‍ച്ച വെള്ളക്കാരല്ലാത്തവരുടെ പിന്തുണ നേടാനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങളെ ബാധിക്കുമെന്നാണ്.
‘ഒരു ഫാസിസ്റ്റിനെ നോമിനിയാക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പാര്‍ട്ടി എന്നു ഞങ്ങളെ തന്നെ വിളിക്കാനാവില്ല. ഞങ്ങളുടെ മൂല്യങ്ങളെ ഒരു റേസിസ്റ്റ് പ്രതിനിധീകരിക്കട്ടെ എന്നു തീരുമാനിക്കുമ്പോള്‍ അവസരങ്ങളുടെ പാര്‍ട്ടി എന്നും പറയാനാവില്ല,’ ജോര്‍ജിയയിലെ ടീ പാര്‍ട്ടി പേട്രിയോട്‌സിന്റെ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് മാനേജരായ പെറി പറഞ്ഞു.
കണ്‍സര്‍വേറ്റീവും, ഷിക്കാഗോയില്‍ നിന്നുള്ള കറുത്ത വംശജനായ ബ്ലോഗറുമായ ജോസഫ് ഹണ്ടര്‍ പറയുന്നത് ഹിസ്പാനിക് കുടിയേറ്റക്കാരെ പറ്റിയുള്ള പ്രസ്താവനകള്‍ കാരണം താന്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്നാണ്. മാത്രമല്ല, ഹണ്ടറുടെ അഭിപ്രായത്തില്‍ ട്രംപ് കണ്‍സര്‍വേറ്റീവല്ല, ‘ലിബറല്‍ ആണ്!’
ബാള്‍ട്ടിമോര്‍ പ്രദേശത്തെ ഒരു ബിസിനസ്സുകാരനായ ചന്ദോക് ജസ്ദീപ് സിങ് ലെവലിന്റെ കൂട്ടായ്മയിലെ അംഗമാണ്; ‘സിഖ് അമേരിക്കന്‍സ് ഫോര്‍ ട്രംപി’ന്റെ തലവനുമാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് സാജിദ് തരാര്‍ ‘മുസ്ലിം അമേരിക്കന്‍സ് ഫോര്‍ ട്രംപ്’ തുടങ്ങി. മറ്റ് രാജ്യക്കാരോട് വിരോധമുള്ള ഒരാളായി അദ്ദേഹത്തെ ചിത്രീകരിക്കാന്‍ വേണ്ടി കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു. രാജ്യത്തെ സുരക്ഷിതമാക്കി വയ്ക്കാന്‍ മാത്രമാണ് ട്രംപ് ആഗ്രഹിക്കുന്നത്; ആ ലക്ഷ്യം ഞങ്ങളുടേതുമാണ്.
47കാരനായ സിങ് 2008ലും 2012ലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തു. അദ്ദേഹം പറയുന്നു, 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് ഒരു ബിസിനസ്സ് ഡിഗ്രി സമ്പാദിക്കാന്‍ താന്‍ അമേരിക്കയില്‍ വന്നത് അത് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാണെന്ന് കരുതിയാണ്. എന്നാല്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ അമേരിക്കയുടെ ആ വീര്യം നഷ്ടപ്പെട്ടോ എന്നു ഭയപ്പെടുന്നുവെന്ന്! സിങ് പറഞ്ഞു. ‘അമേരിക്കയെ വീണ്ടും മഹത്തായതാക്കുക’ എന്നത് തന്റെ ആശയങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതു കൊണ്ട് ആ വാക്കുകള്‍ എഴുതിയ ടര്‍ബന്‍ ആണ് അദ്ദേഹം ധരിക്കുന്നത്.
ക്ലീവ്‌ലാന്‍ഡിലെ ഒരു റാലിക്ക് കഴിഞ്ഞ മാസം സിങ്ങും തരാരും പോയിരുന്നു. ഷിക്കാഗോയിലെ ഒരു റാലി റദ്ദാക്കി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അത്. പ്രതിഷേധക്കാരുമായി നടക്കുന്ന ഏറ്റുമുട്ടലുകളായിരുന്നു വാര്‍ത്തകളില്‍ നിറയെ. അത് കണ്ട് ഭയന്ന്, എങ്ങനെയാണ് ഒരു ട്രംപ് റാലി എന്ന് നേരിട്ടു കാണാനാണ് പോയതെന്ന് സിങ്ങ് പറയുന്നു.
‘എനിക്കു പരിഭ്രമമുണ്ടായിരുന്നു,’ അദ്ദേഹം സമ്മതിക്കുന്നു. ‘ഞാന്‍ മാത്രമാണ് ടര്‍ബന്‍ ധരിച്ചിരുന്നത്. ഏതാണ്ട് 10,000 ആള്‍ക്കാരുണ്ടായിരുന്നു അവിടെ. അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നു ഞങ്ങള്‍ക്ക് കിട്ടിയ സ്‌നേഹവും പിന്തുണയും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. ഞങ്ങള്‍ അവിടെ എന്തു ചെയ്യുന്നുവെന്ന് ഒരാളു പോലും ചോദിച്ചില്ല. അവിടെ വംശവെറിയുടെതായ ഒന്നുമുണ്ടായിരുന്നില്ല.’
ട്രംപിനെ കുറിച്ച് മറ്റ് മുസ്ലീങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നത് ഒരു വെല്ലുവിളി തന്നെയായിരുന്നുവെന്ന് തരാര്‍ പറയുന്നു.
‘തുടക്കത്തില്‍ അവര്‍ മുഖത്തു നോക്കി പറ്റില്ലെന്നു പറഞ്ഞു. ഞാന്‍ എന്തോ തെറ്റു ചെയ്ത പോലെയാണ് ആള്‍ക്കാര്‍ നോക്കിയത്, ഇസ്ലാമിനെയും മുസ്ലീങ്ങളേയും ചതിച്ചത് പോലെ. പിന്നെ ഞാന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. അമേരിക്കന്‍ മുസ്ലീങ്ങള്‍ എന്ന്! അദ്ദേഹം ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല എന്ന്. അപ്പോള്‍ അവര്‍ പറയുന്നത് അതേപ്പറ്റി ആലോചിക്കാമെന്നാണ്,’ തരാര്‍ പറഞ്ഞു.
സിങ്ങ് ഇങ്ങനെയാണ് അത് വിശദീകരിച്ചത്: ‘ഒരു കല്യാണത്തിനു പോയാല്‍, ബുഫെ തുറന്നിരിക്കുന്നു എന്ന് പറഞ്ഞാലും ആള്‍ക്കാര്‍ ആരെങ്കിലും ആദ്യം പോകാന്‍ നോക്കിയിരിക്കും. പിന്നെ അവരെ പിന്തുടരും. ആദ്യം പോയി ഒരു പ്ലെയ്റ്റ് എടുക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. അതുപോലെയാണ് ഇത്. ഞാനും എന്റെ ബിസിനസ്സ് പങ്കാളിയും ട്രംപിനെ പിന്തുണച്ചു മുന്നോട്ടു വരാന്‍ എല്ലാവരും കാത്തിരുന്നു. ഇപ്പോള്‍ ഒരുപാട് പേര്‍ ഞങ്ങളുടെ പുറകിലുണ്ട്.’
This post was last modified on April 21, 2016 8:03 am
Leave a Comment