X

ടെക്നോളജിയല്ല, കഥ ഇല്ലായ്മയാണ് നമ്മുടെ പ്രശ്നം; ആനിമേഷന്‍ സംവിധായകന്‍ സുരേഷ് ഏരിയാട്ട്/അഭിമുഖം

സുരേഷ് ഏരിയാട്ട്/എം കെ രാമദാസ്

ഏറണാകുളം തൃപ്പൂണിത്തറ സ്വദേശിയായ സുരേഷ് ഏരിയാട്ട് ഇന്ത്യന്‍ അനിമേഷന്‍ മേഖലയിലെ സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളാണ്. 350ലേറെ പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹത്തിന്റെ മുംബൈയിലെ സ്റ്റുഡിയോ Eeksaurus ഈ രംഗത്തെ എണ്ണപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നും. അനിമേഷന്‍ മേഖലയിലെ ഓസ്‌കാര്‍ എന്ന് അറിയപ്പെടുന്ന ആനസി ക്രിസ്റ്റല്‍ അവാര്‍ഡ് അടക്കം നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സുരേഷ് ഏരിയാട്ട് നേടിയിട്ടുണ്ട്. സുരേഷ് ഏരിയാട്ട് സംവിധാനം ചെയ്ത  ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്കിനാണ്  മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം. 

എം കെ രാമദാസ്: ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് എന്ന അനിമേഷന്‍ സിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയിരിക്കുന്നു. സാധാരണ നിലയില്‍ അനിമേഷന്‍ സിനിമകള്‍ അങ്ങനെ പരിഗണിക്കപ്പെടാറില്ല. എന്ത് തോന്നുന്നു?

സുരേഷ് ഏരിയാട്ട്: ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് ഇതേ പടത്തിന് ടോക്കിയോയില്‍ നിന്ന് വലിയ ഒരു അവാര്‍ഡ് കിട്ടി. അപ്രതീക്ഷിതമായിരുന്നു അത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 500 ചിത്രങ്ങളില്‍ നിന്ന് 35 എണ്ണം പ്രാഥമിക ഘട്ടത്തില്‍ അവര്‍ തിരഞ്ഞെടുത്തു. ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എന്നെ ടോക്കിയോയിലേക്ക് ക്ഷണിച്ചു. അപ്പോള്‍ തന്നെ ഞെട്ടി. യൂറോപ്പിലെയും ജപ്പാനിലെയും സിനിമകളോടാണ് മത്സരിച്ചത്. ജപ്പാന്‍ അനിമേഷന്‍ സിനിമകളുടെ വേള്‍ഡ് സെന്ററാണ്. അനിമേഷന്‍ വിദഗ്ധരും കോംപ്ലിക്കേറ്റഡ് സിനിമകള്‍ ചെയ്യുന്നവരുമൊക്കെ അവിടെയുണ്ട്. അവിടെ നമുക്ക് ഒരു അവാര്‍ഡ് കിട്ടുകയെന്നത് വലിയ സംഭവമാണ്. ടോക്കിയോയില്‍ നിന്നുള്ള അവാര്‍ഡ് ലോകതലത്തില്‍ വിലപ്പെട്ടതാണെങ്കിലും നമ്മുടെ ദേശീയ അവാര്‍ഡിനോളം ഇവിടെ പ്രസക്തിയില്ല. ടോക്കിയോയില്‍ നിന്ന് തിരികെ ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പ് അനവധിപേരുടെ അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചു. എല്ലാം ദേശീയ അവാര്‍ഡിന്റെ പേരിലായിരുന്നു. ഗവണ്‍മെന്റ് പരിപാടിയായതുകൊണ്ട് അവാര്‍ഡ് വിവരം നേരിട്ട് അറിയിച്ചിരുന്നില്ല. ഒരു പത്രം ഓഫീസില്‍ നിന്നാണ് അവാര്‍ഡ് നേടിയ വിവരം അറിയുന്നത്. ടോക്കിയോ അനിമേഷന്‍ അവാര്‍ഡ് ഫെസ്റ്റിവലില്‍ സിനിമയുടെ നാല് കണ്സെപ്റ്റുകളാണ് വിലയിരുത്തിയത്. ഒന്ന്, സ്റ്റോറിയുടെ ഒറിജിനാലിറ്റി. രണ്ട്, ഫോക്ക് അല്ലെങ്കില്‍ കള്‍ച്ചറിനോടുള്ള അടുപ്പം. പിന്നെ അതിന്റെ യുണീക്ക് ലൊക്കാലിറ്റി. നാലാമതായി ടെക്‌നോളജിയാണ് വിലയിരുത്തിയത്.

രാ: ടെക്‌നോളജിക്ക് നിര്‍ണ്ണായക സ്ഥാനം അനിമേഷനില്‍ ഉണ്ട്. സാങ്കേതികമായി ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലെ അനിമേഷന്‍ ടെക്‌നോളജിയുമായി മത്സരിക്കാനുള്ള കഴിവ് നമുക്കുണ്ടോ?

സു: അനിമേഷനില്‍ ടെക്‌നോളജി ഉപയോഗത്തിന് ഒരുപാട് തലങ്ങളുണ്ട്. അവര്‍ ഉപയോഗിക്കുന്നത് നമുക്ക് ഇല്ല എന്നര്‍ത്ഥമില്ല. നമുക്കും ഉപയോഗിക്കാം. യൂസ് ചെയ്ത് യൂസ് ചെയ്ത് നമ്മള്‍ പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. ഒരുപാട് അനിമേഷന്‍ സിനിമകള്‍ അവര്‍ നിര്‍മ്മിക്കുന്നുണ്ട്. അതുകൊണ്ട് ഒരു മുന്‍കൈ അവര്‍ക്കുണ്ട്.

രാ: ഫിഷര്‍ വുമണ്‍ ആന്റ്  ടുക്ക് ടുക്ക് എന്ന സിനിമയെ കുറിച്ച്?

സു: മീന്‍ വില്‍പ്പനക്കാരികളായ സ്ത്രീകളെ മുംബൈയില്‍ കണ്ടിട്ടുണ്ട്. അവര്‍ റഫും ടഫും ആയി തോന്നും. കേരളത്തില്‍ എന്നല്ല അവര്‍ ലോകത്തില്‍ എവിടെയും അവര്‍ അങ്ങനെയാണെന്ന് തോന്നുന്നു. നമ്മള്‍ സ്ത്രീകള്‍ക്ക് വേണമെന്ന് കരുതുന്ന സോഫ്റ്റ്‌നസ് ഒന്നും ഇല്ല. ഹാര്‍ഡാണ് അവരെന്നാണ് തോന്നുക. മുംബൈയിലെ ട്രാഫിക് ജാമിനിടെ നാലഞ്ച് മീന്‍ വില്‍പ്പനക്കാരികള്‍ റോഡ് ക്രോസ് ചെയ്യുന്നത് എന്റെ മനസ്സില്‍ ഉടക്കി. ഒരാളെയും ഗൗനിക്കാതെയായിരുന്നു അവരുടെ മൂമന്റ്. വാഹനങ്ങള്‍ക്കിടയിലൂടെ ഒരു കൂസലും ഇല്ലാതെ ധൈര്യത്തോടെ റോഡ് മുറിച്ച് കടക്കുന്നു. ഇവരുടെ എന്തൊരു ആറ്റിറ്റ്യൂഡ് എന്നാണ് ആദ്യം മനസ്സില്‍ ചോദിച്ചത്. ജീവിത സാഹചര്യമാകാം അവരെ ഇങ്ങനെ പരുവപ്പെടുത്തിയതെന്ന് സ്വയം ഉത്തരം കണ്ടെത്തി. അവിടെ നിന്നാണ് കഥയുടെ തുടക്കം. ഒരു ഓട്ടോറിക്ഷയില്‍ മീന്‍ വില്‍ക്കുന്ന സ്ത്രീക്കും ഒരു ഡ്രീം ഉണ്ടാകുമല്ലോ? അങ്ങനെയെങ്കില്‍ അത് എന്തായിരിക്കും എന്നാണ് ആലോചന പോയത്. നൂറുപേര്‍ മീന്‍ വില്‍ക്കുന്നുവെങ്കില്‍ അതില്‍ അഞ്ചുപേര്‍ക്കെങ്കിലും തൊഴിലിനോട് ദേഷ്യം ഉണ്ടായിരിക്കുമല്ലോ? അങ്ങനെയാണല്ലോ അതിന്റെ ഒരു രീതി. ചിലരെയെങ്കിലും ബലമായി ഏല്‍പ്പിച്ചതായിരിക്കും ഈ തൊഴില്‍. മറ്റ് ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ട്. സ്വപ്നം ഉണ്ടെങ്കില്‍ തന്നെ കുറെപ്പേര്‍ മിണ്ടാതിരിക്കും. ഒരു മീന്‍ക്കാരിക്ക് ഒരു റിക്ഷവാങ്ങി പുറം കാഴ്ചകണ്ട് കറങ്ങി നടക്കാന്‍ ഒരു മോഹം. എന്നാല്‍ ഈ ആഗ്രഹത്തെ തടയിടാനാണ് മറ്റുള്ളവരുടെ ശ്രമം. നീ ഒരു സ്ത്രീയാണ്, നിനക്ക് ഇത് പാടുണ്ടോ? എന്നൊക്കെ ചോദ്യം. വണ്ടിയോടിച്ച് കളിക്കാനാണോ നിനക്ക് സമയം എന്നും ചോദ്യം. ഓരോരുത്തരും അവരുടെ തൊഴിലിന് പുറത്ത് ഒന്നും ചെയ്യരുതെന്ന് ഒരു ധാരണയുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍.

രാ: ഇത്തരം ഒരു കഥാപാത്രത്തിന് സാര്‍വ്വ ലൗകികതയുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളോട് സമൂഹത്തിന്റെ ആറ്റിറ്റ്യൂഡ് ഇതിലുണ്ടോ?

സു: തീര്‍ച്ചയായും. എന്റെ കഥാപാത്രത്തെ കണ്ടുകഴിഞ്ഞാല്‍  ആണിന്റെ ലുക്കാണ്. പൊതുവെ കാണാന്‍ കൊള്ളില്ലെന്നാണ് അവരെക്കുറിച്ചുള്ള ധാരണ. ഇക്കഥ അവരെക്കൊണ്ട്പറയിപ്പിക്കാനാണ് ശ്രമിച്ചത്. ഈ കഥാപാത്രത്തെ ആസ്വാദകര്‍ എത്രമാത്രം സ്വീകരിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. കണ്‍വെന്‍ഷന്‍ലി ക്യൂട്ട് ആയ കഥാപാത്രങ്ങളാണ് അനിമേഷനില്‍ ഉപയോഗിക്കുന്നത്. പ്രേക്ഷകര്‍ക്ക് തുടക്കം മുതല്‍ ഈ മനോഹാരിത ഫീല്‍ ചെയ്യണം. എന്റെ ക്യാരക്ടറിന് അങ്ങനെ ഒരു ക്വാളിറ്റിയില്ലാതിരുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു.

രാ: ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് എന്ന സിനിമ നല്‍കുന്ന സന്ദേശം എന്താണ്?

സു: അനുയോജ്യമായ കഥയില്ലായ്മയാണ് നമ്മുടെ അനിമേഷന്‍ നേരിടുന്ന പ്രധാന പരിമിതി. മുന്നിലുള്ള ജീവിതം അറിഞ്ഞ് അവിടെ നിന്ന് കഥാപാത്രങ്ങളെ കണ്ടെത്താന്‍ കഴിയും എന്ന് തെളിയിക്കുകയായിരുന്നു ഈ സിനിമയിലൂടെ. ആ ശ്രമം ഫലം കണ്ടുവെന്ന് സിനിമയ്ക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളിലൂടെ വ്യക്തമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റുവെലുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു. എല്ലായിടത്തുനിന്നും നല്ല റെസ്‌പോണ്‍സ് കിട്ടി. ഇന്ത്യന്‍ സാഹചര്യത്തില്‍ കഥ പറയാന്‍ ആകുമെന്ന് പ്രൂവ് ചെയ്യാന്‍ കഴിഞ്ഞു. ഇന്ററസ്റ്റിംഗ് ആയ കഥയുണ്ടെങ്കില്‍ നമുക്ക് സിനിമ ചെയ്യാനാകും. ഈ സിനിമയില്‍ കളര്‍ വളരെ ശ്രദ്ധിച്ചാണ് ഉപയോഗിച്ചത്. ബോളിവുഡ്ഡിലെ പോസ്റ്ററുകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? വളരെ ബ്രൈറ്റ് ആയ കളര്‍ ഫുള്ളായ ചിത്രങ്ങള്‍. ഇന്ത്യക്കാരുടെ പ്രത്യേകയാണത്. അവസരം കിട്ടിയാല്‍ സെലിബ്രേറ്റ് ചെയ്യും. പാട്ട് കേട്ടാല്‍ തുള്ളിച്ചാടും. ഡാന്‍സ് ചെയ്യുന്നു അങ്ങനെ. മലയാളികളെക്കുറിച്ചല്ല. മലയാളികള്‍ പൊതുവെ നാണം കുണുങ്ങികളാണല്ലോ? അനിമേഷന്‍ സിനിമകള്‍ ഇന്ത്യന്‍ സാഹചര്യം മുന്നില്‍ കണ്ട് നിര്‍മ്മിക്കാനാകും. അത്രയും വലിയ വോളിയം ആസ്വാദര്‍ക്ക് ആവശ്യമുണ്ട്. വളരെ ചെലവേറിയ മീഡിയമാണ് അനിമേഷന്‍.

രാ: വിപണിയുടെ സ്വാധീനം ആസ്വാദനത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. ടെലിവിഷനിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ പോലും ഇക്കാര്യം വ്യക്തമാകും? വര്‍ണലോകത്തിന്റെ താരതമ്യത്തിനായാണ് കറുത്തവരുടെയും ദളിതരുടെയും കഥകള്‍ വാര്‍ത്തകളില്‍ പോലും ചിലപ്പോര്‍ ഇടം പിടിക്കുന്നത്. അനിമേഷന് ഈ പ്രതിസന്ധി അതിജീവിക്കാന്‍ ആകുമോ?

സു: ഫിക്ഷനില്‍ നിന്നാണ് അനിമേഷന് അനുയോജ്യമായ കഥാപാത്രങ്ങളെ പൊതുവില്‍ സ്വീകരിക്കുന്നത്. മിത്തോളജിയിലെ ക്യാരക്റ്ററുകളെ വെച്ച് കഥ പറയാന്‍ ശ്രമിക്കുന്നു. അവിടെ വലിയ നിയന്ത്രണം ആവശ്യമുണ്ട്. മലയാളത്തില്‍ അങ്ങനെ നടന്നിട്ടുണ്ട്. എം ടി വാസുദേവന്‍ നായര്‍ അദ്ദേഹത്തിന്റെ ചില കഥകളില്‍ ഇങ്ങനെ ശ്രമം നടത്തിയത് കാണാം. പക്ഷേ അതെല്ലാം കേരളത്തിന് വെളിയില്‍ അംഗീകരിക്കപ്പെട്ടില്ല. ദേശീയതലത്തിലും ആ കഥകള്‍ക്ക് ആസ്വാധ്യതയുണ്ട്. അനിമേഷന്‍ മേഖലയുടെ വ്യാപ്തി അതിവിശാലമാണ്. ലോകം മുഴുവനുമാണ് അതിന്റെ ഫെയിം. മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം എന്ന സിനിമ മലയാളികള്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാകും. ഇന്ത്യയില്‍ തന്നെ മറ്റൊരിടത്ത് ഇങ്ങനെയല്ല. ദൃശ്യം ഇന്ത്യയില്‍ റീമേക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമായി ഉപയോഗിക്കാന്‍ കഴിയില്ല. അത് മലയാളിയുടെ ജീവിത പരിസരമാണ്. സമാനമല്ല, മറ്റിടങ്ങളില്‍. മലയാളികള്‍ക്കേ ദൃശ്യത്തെ പൂര്‍ണരീതിയില്‍ ആസ്വദിക്കാനാകൂ.

പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമുണ്ട് ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് എന്ന എന്റെ സിനിമയ്ക്ക്. 350ലേറെ പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ലോങ്ങ് ഫോര്‍മേറ്റിലേയ്ക്കുള്ള മാറ്റത്തിന് വേണ്ടിയുള്ള ശ്രമം കൂടിയാണ് ഈ സിനിമ. ഫീച്ചര്‍ ഫിലിം നമ്മള്‍ ചെയ്യുകയാണെങ്കില്‍ സാമ്പത്തികമായി വിജയിക്കണം. ആരുടെയും ഫണ്ട് സ്വീകരിക്കാതെയാണ് ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് പൂര്‍ത്തിയാക്കിയത്. പരസ്യവും മറ്റ് ജോലികളും ചെയ്ത് നേടിയ പണമാണ് സിനിമയ്ക്കായി മുടക്കിയത്. ലോങ്ങ് നരേഷനുള്ള സാധ്യത അനിമേഷനില്‍ വളരെ കുറവാണ്. ചിലവ് മാത്രമല്ല കഥപറയാന്‍ പ്രാഗത്ഭ്യമുള്ളവരും വിരളമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒന്നരയോ അതില്‍ കൂടുതലോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കഥ പറയാന്‍ പ്രാഗത്ഭ്യമുള്ളവര്‍ നമുക്കുണ്ടോ എന്ന കാര്യം സംശയമാണ്. നമ്മുടെ പ്രാഗത്ഭ്യം ടെക്‌നിക്കലാണ്. നന്നായി വരയ്ക്കുന്നവന്‍ ഉണ്ടെങ്കിലും കഥ പറയാന്‍ ആകുമോ എന്നത് സംശയകരമാണ്. കുട്ടികളാണ് പ്രധാനമായും അനിമേഷന്‍ ചിത്രങ്ങളുടെ ആസ്വാദകര്‍. കുഞ്ഞുങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മുതിര്‍ന്നവര്‍ അനിമേഷന്‍ സിനിമകള്‍ കാണുന്നത്. അനിമേഷന്‍ സിനിമകള്‍ ടെലിവിഷനിലൂടെയും മറ്റും അനിമേഷന്‍ സിനിമകള്‍ കണ്ട് വളര്‍ന്ന കുട്ടികളുടെ തലമുറ ഈ കലാരൂപത്തെ കൂടുതല്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്. അത്തരം ആസ്വാദകര്‍ക്ക് അനുയോജ്യമായ അനിമേഷന്‍ സൃഷ്ടികള്‍ ഉണ്ടാകണം. ഹോളിവുഡ്ഡുമായി കോംപീറ്റ് ചെയ്യുന്ന അനിമേഷന്‍ സിനിമയാണ് ലക്ഷ്യം. അതിനുളള ശ്രമം തുടങ്ങിക്കഴിഞ്ഞു. പുറത്ത് നിന്ന് വരുന്ന ജോലികള്‍ ചെയ്യുകയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ അനിമേഷന്‍ രംഗം. പ്രധാനമായും ഔട്ട് സോഴ്സുകളിലൂടെ ലഭിക്കുന്ന പണമാണ് പ്രധാനം. കഥ പറയുന്നവര്‍ ഇല്ല എന്നതാണ് നമ്മുടെ പ്രധാന പരിമിതി. അതിനുള്ള സംവിധാനവുമില്ല. പഠിക്കാനായി നല്ല ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഇല്ല.

രാ: അനിമേഷനില്‍ എത്തിപ്പെട്ട സാഹചര്യം?

സു: കലയുമായി വളരെ അടുത്ത ബന്ധമുള്ള ഒരു കുടംബമാണ് എന്റേത്. കുട്ടിക്കാലത്ത് എട്ട് ഒന്‍പത് വര്‍ഷം ഞാന്‍ സംഗീതം അഭ്യസിച്ചു. പിന്നീടാണ് അലഹബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ചേരുന്നത്. അപൂര്‍വ്വം ആളുകള്‍ക്കു മാത്രമെ ഈ ഭാഗ്യം ഉണ്ടാകൂ. അടിസ്ഥാനപരമായി ഒരു ഡിസൈനറാണ് ഞാന്‍.

രാ: അടുത്ത പ്രോജക്റ്റ് ?

സു: രണ്ട് മൂന്ന് പ്രോജക്റ്റുകള്‍ ഉണ്ട്. 12 വര്‍ഷമായുള്ള ഒരു പ്രോജക്റ്റാണ് പ്രധാനം. കേരളത്തിലാണ് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയും പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ല. ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് എന്ന സിനിമ പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ സിനിമ കാണണമെന്ന ആഗ്രഹം നേരിട്ട് പ്രകടിപ്പിച്ചിട്ടുണ്ട്. അതുതന്നെ ആ സിനിമയുടെ വിജയമാണ്. ഉത്തരവാദിത്തവുമാണ്. യൂടൂബ് വഴിയെല്ലാം സിനിമ കാണിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആസ്വാദകര്‍ ഫിഷര്‍ വുമണ്‍ ആന്റ് ടുക്ക് ടുക്ക് കാണാന്‍ ആഗ്രഹിക്കുന്നുവെന്നതാണ് ദേശീയ പുരസ്‌കാരത്തിന്റെ മാറ്റ് കൂട്ടുന്നത്. 

This post was last modified on April 8, 2016 7:13 pm

Related Post
Leave a Comment