X

മാഡം സുഷമ സ്വരാജ്, നിങ്ങളുടെ നടപടി തീര്‍ത്തും തെറ്റാണ്

എഡിറ്റോറിയല്‍ /ടീം അഴിമുഖം

ഈ കാര്യത്തില്‍ രണ്ടഭിപ്രായത്തിന് സാധ്യതയില്ല. ഐപിഎല്ലിന്റെ വിവാദ സ്ഥാപകനും ഇന്ത്യന്‍ നിയമങ്ങളില്‍ നിന്നും ഒളിച്ചോടി ലണ്ടനില്‍ ജീവിക്കുന്ന ആളുമായ ലളിത് മോദിക്ക് അനുകൂലമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബ്രിട്ടീഷ് അധികൃതരോട് സംസാരിച്ചതില്‍ പ്രത്യക്ഷത്തില്‍ തന്നെ ചില അനൗചിത്യങ്ങളുണ്ട്.

ഇപ്പോഴുള്ള വിവാദങ്ങളിലെ മുഖ്യകഥാപാത്രം സുഷമ സ്വരാജ് ആണെന്നത് തന്നെ കേന്ദ്ര സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടാക്കും. നരേന്ദ്ര മോദി സര്‍ക്കാരില്‍ നല്ല പ്രവര്‍ത്തനം നടത്തുന്ന അപൂര്‍വം മന്ത്രിമാരില്‍ ഒരാളാണ് അവരെന്ന് മാത്രമല്ല, സര്‍ക്കാര്‍ നയങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ന്യായീകരിക്കുന്നതില്‍ അവര്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്നുമുണ്ട്. നയതന്ത്രത്തിലും അനുനയപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുമുള്ള അവരുടെ കഴിവുകള്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ കാര്യത്തില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു പോലെ സമന്വയത്തില്‍ എത്തിക്കുന്നതില്‍ സഹായിച്ചു. ഇറാഖിലെയും യെമനിലെയും യുദ്ധമുഖങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിന് അവര്‍ നടത്തിയ ഫലപ്രദമായ ഇടപെടലുകള്‍ പരക്കെ അംഗീകരിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ ഒരു സര്‍ക്കാര്‍ നയമാകേണ്ടിയിരുന്ന ലളിത് മോദി വിഷയത്തെ, ഇത്രയും അനുഭവസമ്പത്തുള്ള ഭരണാധികാരിയും പാര്‍ലമെന്റേറിയനുമായ അവര്‍ ഒരു സ്വകാര്യ, വ്യക്തിപരമായി വിവേചനാധികാരമുള്ള വിഷയമായി കൈകാര്യം ചെയ്തത് ഒരേ സമയം അത്ഭുതകരവും നിരാശാജനകവുമാണ്.

ഒരു സഹപൗരനോട് മനുഷ്യത്വപരമായ സമീപനമാണ് സുഷമ സ്വരാജ് സ്വീകരിച്ചതെന്ന സര്‍ക്കാര്‍ ന്യായവാദം അവിശ്വസനീയമാണ്. പോര്‍ച്ചുഗലില്‍ രോഗാതുരയായി കഴിയുന്ന തന്റെ ഭാര്യയെ സന്ദര്‍ശിക്കുന്നതിന് യാത്രാനുമതി വേണമെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിനോട് ലളിത് മോദി ആവശ്യപ്പെട്ടത്. അതേസമയം തന്നെ, കള്ളപ്പണം വെളുപ്പിച്ചതിനെ കുറിച്ചുള്ള കേസില്‍ പ്രതിയായ മോദി ഇന്ത്യന്‍ നിയമങ്ങളെ മറികടക്കാന്‍ ബ്രിട്ടനില്‍ അഭയം തേടിയ വ്യക്തിയാണെന്ന് കൂടി നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ലളിത് മോദിക്ക് ഏതെങ്കിലും തരത്തിലുള്ള യാത്രാനുമതി നല്‍കുന്നത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കുമെന്ന് ന്യൂഡല്‍ഹി ഔദ്യോഗികമായി ലണ്ടനെ അറിയിച്ചിരുന്നതുമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍, ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലൂടെ ഇന്ത്യ സര്‍ക്കാരിന് അപേക്ഷ നല്‍കുക എന്നതായിരുന്ന ലളിത് മോദി നിയമപരമായി പിന്‍തുടരേണ്ടിയിരുന്ന നടപടിക്രമം. ലളിത് മോദിയുടെ കേസുകള്‍ ധന, ആഭ്യന്തര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍, ഇത്തരം ഒരു അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് വിദേശകാര്യമന്ത്രാലയം ആ മന്ത്രാലയങ്ങളുടെ അഭിപ്രായവും തേടേണ്ടിയിരുന്നു.

ഈ വിഷയത്തില്‍ മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകരുമായി സുഷമ കൂടിയാലോചന നടത്തിയിരുന്നോ? കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബിജെപി പ്രധാന ആയുധമാക്കിയ വിദേശത്തുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്ന സര്‍ക്കാരിന്റെ വലിയ അവകാശവാദവും ലളിത് മോദിക്ക് സഹായം ചെയ്യാനുള്ള സുഷമ സ്വരാജിന്റെ വിവേചാനാധികാരവും എവിടെയെങ്കിലും ഒത്തുപോകുന്നുണ്ടോ? പാര്‍ലമെന്റിലുള്ള സര്‍ക്കാരിന്റെ ഇടപാടുകളില്‍ കൂടുതല്‍ ആര്‍ജ്ജവവും സുതാര്യതയും വേണമെന്ന് കഴിഞ്ഞ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വാദിച്ചയാളാണ് സുഷമ സ്വരാജ്. മാത്രമല്ല അവരുടെ ഇപ്പോഴത്തെ വിവേചനപരമായ തീരുമാനം നിരവധി വ്യക്തി താല്‍പര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുമുണ്ട്: അവരുടെ മകള്‍ ലളിത് മോദിയുടെ നിയമസഹായ സംഘത്തിലെ അംഗമാണെന്ന് മാത്രമല്ല അവരുടെ ഭര്‍ത്താവ് കഴിഞ്ഞ 22 വര്‍ഷമായി മോദിയുടെ അഭിഭാഷകനാണെന്ന കാര്യം പുറത്തു വരികയും ചെയ്തിട്ടുണ്ട്. 

ഈ കാര്‍മേഘം സ്വയം പെയ്‌തൊഴിയില്ല എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അടുത്തമാസം തുടങ്ങാനിരിക്കെ കാര്യങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ദമാകും. ചരക്ക്, സേവന നികുതി ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസാക്കുന്നതിന് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ സഹകരണം ആവശ്യമായിരിക്കെ പ്രത്യേകിച്ചും. പക്ഷെ, അത്തരം കാര്യങ്ങള്‍ സംഭവിക്കണമെങ്കില്‍ സര്‍ക്കാര്‍ ഒരുപാട് വിശദീകരണങ്ങള്‍ നല്‍കേണ്ടി വരുമെന്ന് തീര്‍ച്ച.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on June 16, 2015 2:11 pm