X

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം വിജയം

അഴിമുഖം പ്രതിനിധി

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗ് ഘട്ടത്തില്‍ കേരളത്തിന് രണ്ടാം ജയം. മികച്ച ബൗളിംഗിന്റെ മികവില്‍ വിദര്‍ഭയെയാണ് കേരളം കീഴടക്കിയത്. രണ്ട് വിക്കറ്റിനായിരുന്നു വിജയം. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയെ 105 എന്ന നിസാര സ്‌കോറിന് പുറത്താക്കിയ ബൗളര്‍മാരാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നിയാസ് നിസാറും മനു കൃഷ്ണനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഫാബിദ് അഹമ്മദും ചേര്‍ന്നാണ് വിദര്‍ഭയെ പിടിച്ചു കെട്ടിയത്. പ്രശാന്ത് പരമേശ്വരനും സന്ദീപ് വാര്യരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

വിദര്‍ഭയ്ക്ക് വേണ്ടി മൂന്നു ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 28 റണ്‍സ് എടുത്ത യു ആര്‍ പട്ടേല്‍ ആണ് അവരുടെ ടോപ്‌സ്‌കോറര്‍. ലക്ഷ്യം നിഷ്പ്രയാസം മറികടക്കാം എന്നു കരുതി ഇറങ്ങിയ കേരളത്തിന് കാര്യങ്ങള്‍ അനുകൂലമായിരുന്നില്ല. കേരളത്തെ ഞെട്ടിച്ചുകൊണ്ട് സഞ്ജു സാംസണ്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി. രോഹന്‍ പ്രേം( 34 പന്തില്‍ 34 റണ്‍സ്) നിഖിലേഷ് സുരേന്ദ്രന്‍, ജഗദീഷ് എന്നിവരാണ് കേരളത്തെ വിജയിത്തിലേക്കടുപ്പിച്ചത്. സ്‌കോര്‍ നൂറു കടക്കുന്നതുവരെ രോഹന്‍ പ്രേം ക്രീസില്‍ ഉണ്ടായിരുന്നതാണ് കേരളത്തിന് അനുഗ്രഹമായത്. സച്ചിന്‍ ബേബി, റൈഫി ഫാബിദ് അഹമ്മദ് എന്നിവര്‍ പെട്ടെന്നു തന്നെ കൂടാരം കയറി. 16 പന്തില്‍ 13 റണ്‍സെടുത്ത പ്രശാന്ത് പരമേശ്വരനാണ് രോഹനൊപ്പം നിന്നു പൊരുതിയത്. ഇരുവരും പുറത്തായശേഷം നിയാസ് നിസാറിനെ ഒരറ്റത്തു നിര്‍ത്തി മനു കൃഷ്ണനാണ് കേരളത്തിന് വിജയം നേടിക്കൊടുത്തത്.

This post was last modified on January 18, 2016 1:21 pm