X

സിറിയയെ ഒബാമ എന്തു ചെയ്യാന്‍പോകുന്നു?

നിക്കൊളാസ് ബേണ്‍സ്, ജെയിംസ് ജെഫ്രി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആപല്‍ക്കരമായ ആഗോള വെല്ലുവിളികള്‍ നേരിടുന്ന ഒബാമ ഭരണകൂടത്തിന്റെ അവസാന വര്‍ഷത്തില്‍ ഏറ്റവും വലിയ തലവേദന സിറിയ ആകാനാണ് സാധ്യത. രൂക്ഷമായ സിറിയന്‍ അഭ്യന്തരയുദ്ധം അതിന്റെ നിര്‍ണായകമായ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിനകം 250,000 സിറിയക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. 12 ദശലക്ഷം പേര്‍ക്ക് പാര്‍പ്പിടവും ഇല്ലാതായി.  യുദ്ധമെന്ന ക്യാന്‍സര്‍ അയല്‍ രാജ്യങ്ങളിലേക്കും യൂറോപ്പിന്റെ ഹൃദയഭൂമിയിലേക്കും പടര്‍ന്നു പിടിക്കുകയാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഒരു തലമുറയെ ഈ ഭീകരത തകര്‍ത്തു തരിപ്പണമാക്കിയേക്കാം. 

യൂറോപ്യന്‍ രാജ്യങ്ങളുടെ കഷ്ടതകളുടേയും അക്രമങ്ങളുടേയും സുനാമിയെ ദുര്‍ബലപ്പെടുത്താന്‍ പോരുന്ന ശക്തമായ അമേരിക്കന്‍ നേതൃത്വം പ്രദാനം ചെയ്യാന്‍ പ്രസിഡന്റ് ഒബാമക്ക് കഴിയുമെന്ന് തോന്നുന്നില്ല. അമേരിക്കയുടെ തന്ത്രപരമായ താല്‍പ്പര്യങ്ങളും നമ്മുടെ മാനുഷികമായ ഉത്തരവാദിത്തങ്ങളും വാഷിംഗ്ടണില്‍ ഇരുന്ന് നിയന്ത്രിക്കുകയാണ് ലോകത്തിലെ ഏറ്റവും ശക്തമായ ആ രാജ്യം. 

സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ എഫ് കെറിയുടെ നേതൃത്വത്തില്‍ ഭരണകാര്യങ്ങള്‍ ഭംഗിയായി നടക്കുമ്പോള്‍ തന്നെയാണ് തെരഞ്ഞെടുപ്പിന്റേയും ഭരണമാറ്റത്തിന്റേയും വെടിനിര്‍ത്തലിന്റേയും പുതിയ കൂടിയാലോചനകളും മുന്നേറുന്നത്. അത്തരം സംഭാഷണങ്ങള്‍ നിലനില്‍ക്കുക പ്രയാസമാണ്. എന്തായാലും നയതന്ത്രം മാത്രം ഫലപ്രദമാകണമെന്നില്ല. 

തങ്ങളുടെ പാരമ്പര്യമായ നേതൃത്വം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ വ്യക്തവും ശക്തവുമായ തന്ത്രം ആവിഷ്‌ക്കരിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ച സംഭവിച്ചിരിക്കുന്നു. അതിന്റെ ഫലമായി കടുത്ത ബലഹീനതയാണ് കൂടിയലോചനകളുടെ തലത്തില്‍  ഉണ്ടായിരിക്കുന്നത്. ശക്തമായ റഷ്യ- ഇറാന്‍- ഹിസ്‌ബൊള്ള കൂട്ടുകെട്ടിന്റെ പിന്തുണയോടെ ബാഷര്‍ ആസാദിന്റെ നിഷ്ഠുരഭരണകൂടം വിവേചനരഹിതമായി ബോംബ് വര്‍ഷിക്കുകയാണ്. നഗരങ്ങളില്‍ പട്ടിണി അഴിഞ്ഞാടുന്നു. ഉദ്ദേശ്യശുദ്ധിയും പട്ടാളശക്തിയും പിന്തുണക്കുന്ന വേളയില്‍  നയന്ത്രമാണ് പലപ്പോഴും ഫലപ്രദം. ഇവയാണ് സിറിയയുടെ കാര്യത്തില്‍ അമേരിക്കക്ക് ഇല്ലാതായിരിക്കുന്നത്.

ജനീവയിലെ കഠിനമായ നടപടികള്‍ക്ക് മുമ്പ് അമേരിക്കയുടെ ശക്തി ബലപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണം. അസാദ് സര്‍ക്കാരിനും ഇസ്ലാമിക് സ്റ്റേറ്റിനും ബദലായി നില്‍ക്കുന്ന സുന്നി, ഖുര്‍ദ്ദിഷ് ശക്തികള്‍ക്ക് സത്വരമായ സാമ്പത്തിക സഹായം ചെയ്യണം. അതോടൊപ്പം തുര്‍ക്കിക്കും യൂറോപ്യന്‍ ഘടകകക്ഷികള്‍ക്കും സുന്നി അറബ് സ്റ്റേറ്റുകള്‍ക്കും ഫലപ്രദമായ നേതൃത്വം നല്‍കേണ്ടതാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ, ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിനു സാധാരണക്കാരെ സംരക്ഷിക്കുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഒബാമയും കെറിയും മുന്നോട്ടു വരേണ്ടതുണ്ട്. സര്‍ക്കാരിന്റേയും ഭീകരവാദികളുടേയും ആക്രമണത്തിനു വിധേയരായവര്‍ക്ക്  മാനുഷികതയുടെ പരിഗണനയാണ് നല്‍കേണ്ടത്. വടക്കന്‍ സിറിയയിലെ  ജനങ്ങള്‍ക്കായി സുരക്ഷിത മേഖല സൃഷ്ടിക്കണമെന്നത് അതിപ്രധാനമാണ്. ഒബാമ സംഘം മുമ്പ് ഈ ആവശ്യം നിരാകരിച്ചിരുന്നു. സുരക്ഷിത മേഖല സൃഷ്ടിക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പട്ടാളത്തിനു മുന്‍പരിചയവുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ പുറത്താക്കിയെങ്കില്‍ മാത്രമേ യുദ്ധം അവസാനിക്കുന്നതിനു മുമ്പ് സാധാരണക്കാര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കുകയുള്ളു.

സുരക്ഷിത മേഖല സൃഷ്ടിക്കാനും അത് സംരക്ഷിക്കാനും റഷ്യക്ക് കഴിയും. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗമെന്ന നിലയ്ക്ക് റഷ്യക്ക് വൈറ്റ് ഹൗസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താം. റഷ്യന്‍ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ ഭരണകൂടവും പങ്കാളികളും ശക്തമായ നിരകള്‍ തീര്‍ത്ത് സുരക്ഷിതമേഖല സംരക്ഷിക്കണം. സുരക്ഷിത മേഖലക്ക് പലതരത്തിലുള്ള നേട്ടങ്ങളുണ്ട്. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സിറിയക്കാരുടെ അഭയാര്‍ത്ഥി പ്രവാഹം ഗണ്യമായി കുറയ്ക്കാനാകും. ജനങ്ങളെ കൊന്നൊടുക്കുന്ന സിറിയന്‍ എയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും അതുവഴി കഴിയും. റഷ്യ, ഇറാന്‍, ഹിസ്ബുള്ള എന്നിവരുടെ പട്ടാളശക്തിയെ നിലയ്ക്ക് നിര്‍ത്താന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് സാധിക്കും. അത്തരത്തിലുള്ള ഒരു മേഖല സ്ഥാപിക്കുന്നതിനുള്ള അസാധാരണമായ ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ വിസ്മരിക്കുന്നില്ല. മേഖല സ്ഥാപിച്ചു കഴിഞ്ഞാല്‍ അമേരിക്ക, നാറ്റോ എന്നീ വന്‍ശക്തികളെ റഷ്യ വെല്ലുവിളിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. തുര്‍ക്കിയില്‍ നിന്ന് അവര്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പ്രത്യേകിച്ചും.

സിറിയക്കുള്ളിലും തുര്‍ക്കി അതിര്‍ത്തിയിലും അതേപോലെ സുന്നി അറബ് സ്റ്റേറ്റുകളിലും അമേരിക്ക ഭടന്മാരെ വിന്യസിക്കണമെന്നാണ് നയതന്ത്രത്തില്‍ പരിചയമുള്ള ഞങ്ങളുടെ നിര്‍ദ്ദേശം. എയര്‍ പവറും മിസൈലുകളും ഈ രാജ്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. നോ ഫ്‌ളൈ സോണ്‍ നിരീക്ഷിക്കാന്‍ തുര്‍ക്കി പ്രദേശത്തു നിന്ന് നാറ്റോക്ക് കഴിയണം. ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്ന അമേരിക്കക്ക് അപകടങ്ങള്‍ ഉണ്ടായെന്നിരിക്കാം. എന്നാല്‍ വിമര്‍ശകര്‍ നിഷ്‌ക്രിയത്വത്തിന്റെ പ്രശ്‌നങ്ങളും അളക്കുമെന്നതില്‍ സംശയമില്ല. തുര്‍ക്കി, ജോര്‍ദ്ദാന്‍, ഇസ്രയേല്‍ തുടങ്ങിയ അമേരിക്കന്‍ സഖ്യകക്ഷികളിലേക്കും യുദ്ധം ആളിപ്പടരാം. ആയിരക്കണക്കിനാളുകള്‍ ജീവന്‍ വെടിഞ്ഞെന്നിരിക്കാം. ദശലക്ഷക്കണക്കിനു പേര്‍ അഭയാര്‍ത്ഥികളായെന്നിരിക്കാം. അതാകട്ടെ റഷ്യന്‍- ഇറാനിയന്‍ പട്ടാളവിജയം ആയെന്നുമിരിക്കും.

ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ ഭരണകാര്യങ്ങളില്‍ ഈ ലേഖകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നേറിയാല്‍ അമേരിക്കക്ക് ശക്തമായ വന്‍സഖ്യം സൃഷ്ടിക്കാമെന്നാണ് ഞങ്ങളുടെ നിരീക്ഷണം. മിഡില്‍ ഈസ്റ്റ് പോലുള്ള പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നമുക്ക് വിജയം കൈവരിക്കാന്‍ അങ്ങനെ അവസരമുണ്ടാകും. 

ഒബാമയുടെ വിദേശനയങ്ങളിലെ അനേകം നേട്ടങ്ങളെ ഞങ്ങള്‍ പ്രശംസിക്കുന്നു. മിഡില്‍ ഈസ്റ്റ് പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന പ്രസിഡന്റിന്റെ അഭിപ്രായവും ന്യായമാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സിറിയയോടുള്ള അമേരിക്കന്‍ നേതൃത്വത്തിന്റെ സമീപനം ചിന്തിക്കേണ്ടതാണ്. നിരാശ്രയരായ ഒരു സമൂഹത്തെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍ അമേരിക്കയുടെ നിഷ്‌ക്രിയത്വത്തെക്കാള്‍ പരമപ്രധാനമാണ് അവരുടെ ശക്തമായ ഇടപെടല്‍. പ്രവര്‍ത്തിക്കുന്നതില്‍ ഇന്നു നാം പരാജയപ്പെട്ടാല്‍ സിറിയയിലെ യുദ്ധം തീര്‍ച്ചയായും കൂടുതല്‍ വഷളാകുമെന്നതില്‍ സംശയമില്ല.

സിറിയയെ ബാധിച്ചിരിക്കുന്ന സര്‍വ്വരോഗങ്ങളേയും ചികിത്സിക്കാന്‍ ഈ വര്‍ഷം പ്രസിഡന്റ് ഒബാമക്ക് കഴിഞ്ഞെന്നു വരില്ല. പക്ഷേ യുദ്ധത്തെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും വരുന്ന വര്‍ഷങ്ങളില്‍ സമാധാനത്തിന്റെ പാതകള്‍ വെട്ടിത്തുറക്കാനും അദ്ദേഹത്തിനു കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.

(ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നിക്കൊളാസ് ബേണ്‍സ് 2005 മുതല്‍ 2008 വരെ അമേരിക്കയിലെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറിയായിരുന്നു. വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെലോ ആയ ജയിംസ് ജെഫ്രി 2010 മുതല്‍ 2012 വരെ ഇറാക്കിലെ അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്നു.)    

This post was last modified on February 9, 2016 7:53 am