X

മുന്നിലും പിന്നിലും ഇരട്ട കാമറയുമായി ഹുവായ്‌ നോവ 3, 3ഐ

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹുവായ്‌ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലുകളായ നോവ 3, 3ഐ എന്നീ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡൽഹിയിൽ നടക്കുന്നചടങ്ങിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. ആമസോണിലൂടെയാകും ഫോണിൻറെ വിൽപ്പന. അത്യുഗ്രൻ ഡിസൈനിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നോവ സീരീസ് മോഡൽ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ.

മുന്നിലും പിന്നിലുമുള്ള ഇരട്ട കാമറയാണ് ഫോണിൻറെ ഏറ്റവും വലിയ പ്രത്യേകത. ഏറ്റവും പുതിയ കിരിൻ പ്രോസസ്സറും 3340 മില്ലി ആംപെയർ ബാറ്ററിയുമാണ് നോവ 3ഐ മോഡലിൽ ഉൾക്കാള്ളിച്ചിരിക്കുന്നത്. ഹൈസിലിക്കൺ കിരിൻ പ്രോസസ്സറും 3750 മില്ലി ആംപയർ ബാറ്ററിയുമാണ് നോവ 3 മോഡലിലുള്ളത്. രണ്ട് മോഡലുകളിലും 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. ഫോൺ എന്നുതൊട്ട് വിപണിയിൽ ലഭ്യമായിത്തുടങ്ങുമെന്നും വില സംബന്ധിച്ച വിവരവും പുറത്തിറക്കൽ ചടങ്ങിൽ കമ്പനി അറിയിക്കും.


നോവ 3 സവിശേഷതകൾ

ആൻഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായാണ് ഫോണിൻറെ പ്രവർത്തനം. 6.3 ഇഞ്ചുള്ള ഡിസ്‌പ്ലേ ഫുൾ എച്ച്.ഡിയാണ്. 1080X2480 പിക്സൽ റെസലൂഷനും 19:5:9 ആസ്പെക്ട് റേഷ്യോയുമുണ്ട്. ഹൈസിലിക്കൺ കിരിൻ പ്ലോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 6 ജി.ബി റാം ഫോണിന് കരുത്തേകുന്നു. പിന്നിൽ 24 മെഗാപിക്സലിൻറെയും 16 മെഗാപിക്സലിൻറെയും ഇരട്ട കാമറയുണ്ട്. മുന്നിൽ 24 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും ഇരട്ട സെൻസർ ഉപയോഗിച്ചിരിക്കുന്നു.


നോവ 3ഐ സവിശേഷതകൾ

6.3 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്‌പ്ലേ തന്നെയാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. 1080×2340 പിക്സലാണ് റെസലൂഷൻ. ആൻഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിൻറെ പ്രവർത്തനം. 4ജി.ബി 6ജി.ബി വേർഷനുകളിൽ ഈ മോഡൽ ലഭ്യമാണ്. മുന്നിലും പിന്നിലും ഇരട്ട കാമറ തന്നെയാണ്. പിന്നിൽ 16, 2 മെഗാപിക്സലിൻറെയും മുന്നിൽ 24, 2 മെഗാപിക്സലിൻറെയും കാമറകൾ ഉപയോഗിച്ചിരിക്കുന്നു. വൈഫൈ, 4ജി എൽ.ടി.ഇ തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങൾ ശ്രേണിയിലെ മറ്റ് ഫോണുകളിലെന്നപോലെ ഈ മോഡലിലുമുണ്ട്.

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts