കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ബിഹാറിന്റെ രാഷ്ട്രീയം ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ടാണ്. സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചാണ് ലാലു ബിഹാറില്‍ ബിജെപിയെ എതിര്‍ത്തു നിന്നത്. അച്ഛന്‍ ജയിലിലടക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന തേജസ്വി യാദവും സാമൂഹ്യനീതിയുടെ രാഷ്ട്രീയം പറഞ്ഞാണ് വോട്ടു തേടുന്നത്. തേജസ്വിയെ സംബന്ധിച്ച് നിര്‍ണായകമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്.
ന്യായ് എന്നത് അടിസ്ഥാനവരുമാനം ഉറപ്പാക്കാനുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനമാണെങ്കില്‍ ബിഹാറില്‍ സാമാജിക് ന്യായ് എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. സാമുഹ്യ നീതി ഉറപ്പാക്കുമെന്ന വാദമാണ് മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് വേദികളില്‍ ഉയരുന്നത്.
‘ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ലാലു പ്രസാദ് യാദവിന് നീതി ലഭിക്കും. നിയമത്തിന്റെ കൈകള്‍ നിതീഷിനെ തേടിയെത്തുന്നുവെന്ന് ഉറപ്പ് വരുത്തും. ദളിതര്‍ക്കെതിരെയും പിന്നാക്കകാര്‍ക്കെതിരെയും അനിതീകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തും’ മുന്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി ആം മോര്‍ച്ച നേതാവുമായ ജിതിന്‍ റാം മഞ്ചി പറയുന്നു. കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ ഭാഗമാണ് മഞ്ചി. ഇതിന് പുറമെ മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുഷ് വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, മുകേഷ് സാഹ്നിയുടെ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിയാണ് ആര്‍ജെഡിയുടെ മറ്റ് സഖ്യകക്ഷികള്‍.
മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനം ബിഹാറിലെ പിന്നാക്ക വിഭാഗക്കാര്‍ക്കിടയില്‍ ആശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആ വികാരത്തെ ഫലപ്രദമായി ഉപയോഗിക്കാനാണ് ആര്‍ജെഡി ശ്രമിക്കുന്നത്. ബിജെപി സംവരണത്തിന് എതിരാണെന്ന തോന്നല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. സംവരണത്തെ സംബന്ധിച്ച് സംവാദം വേണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്തിന്റെ പ്രഖ്യാപനമാണ് അന്ന് വിവാദങ്ങള്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം സംവരണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ആര്‍ജെഡി ആരോപിച്ചു.
സംവരണ അട്ടിമറിക്ക് ശ്രമിക്കുന്ന ബിജെപിയോടൊപ്പമാണ് നിതീഷ് കുമാറെന്നും അതുകൊണ്ട് തന്നെ പരാജയപ്പെടുത്തണമെന്നുമുള്ള വാദമാണ് ആര്‍ജെഡി നേതാക്കള്‍ ഉന്നയിക്കുന്നത്. ‘ബിജെപിയേയും ആര്‍എസ്എസ്സിനെയും ഞങ്ങള്‍ എതിര്‍ക്കുന്നത് അവര്‍ ഞങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നത് കൊണ്ടാണ്. അധികാരത്തിന് വേണ്ടിയല്ല ഞങ്ങള്‍ സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്. മറിച്ച് ആശയങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. മറ്റുചിലര്‍ അധികാരത്തിനുവേണ്ടി സഖ്യങ്ങള്‍ മാറുന്നു’ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ചു കൊണ്ട് മഞ്ചി പറഞ്ഞു.
സംവരണം സ്വകാര്യമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യമാണ് സഖ്യം മുന്നോട്ട് വെയ്ക്കുന്നത്. ജോലികള്‍ കൂടുതല്‍ സ്വകാര്യമേഖലയിലേക്ക് പോകുന്നതോടെ ഇത് അനിവാര്യമാണെന്ന് ജിതിന്‍ റാം മഞ്ചി പറയുന്നു.
ലാലു പ്രസാദിന്റെ അഭാവത്തില്‍ സാമൂഹ്യ നീതിയുടെ വിഷയം ഉയര്‍ത്തി എതിരാളികള്‍ക്കെതിരെ മേല്‍ക്കൈ നേടാന്‍ തേജസ്വിയും കൂട്ടരും ശ്രമിക്കുന്നുണ്ടെങ്കിലും വിവിധ സാമുഹ്യ വിഭാഗങ്ങളുടെ പിന്തുണ സമാഹരിക്കാന്‍ ഇവര്‍ക്ക് എത്രത്തോളം സാധിക്കുമെന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. യാദവ് വിഭാഗങ്ങള്‍ക്കിടയിലാണ് തേജസ്വി യാദവിന് സ്വാധീനം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നത്. സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്ക് മറ്റ് സാമൂഹ്യവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആര്‍ജെഡി.
ഇടതുപക്ഷത്തെ അകറ്റിയെങ്കിലും വിവിധ സാമൂഹ്യ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ആര്‍ജെഡി തെരഞ്ഞടുപ്പ് സഖ്യവേളയില്‍ ശ്രമിച്ചത്. ഇത് എത്രത്തോളം വിജയിക്കുമെന്നത് തേജസ്വിയുടെ രാഷ്ട്രീയ മികവിന്റെ സൂചകമായി വിലയിരുത്തപ്പെടും. 40 ലോകസ്ഭ മണ്ഡലങ്ങളാണ് ബിഹാറില്‍ ഉള്ളത്. ഇതില്‍ 20 സീറ്റില്‍ ആര്‍ജെഡിയും 9 ഇടത്ത് കോണ്‍ഗ്രസും മല്‍സരിക്കും. ബാക്കി 11സീറ്റുകളില്‍ നേരത്തെ സൂചിപ്പിച്ച മൂന്ന് പാര്‍ട്ടികളുമാണ് മല്‍സരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 31 സീറ്റാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിന് ശേഷമാണ് ജെഡിയുവും ആര്‍ജെഡിയും കോണ്‍ഗ്രസും ഒന്നിച്ച് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ആര്‍ജെഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപി പി്ന്തുണയില്‍ ഭരണം തുടരുകയായിരുന്നു നിതീഷ് കുമാര്‍.
Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍
This post was last modified on April 28, 2019 1:04 pm
Leave a Comment