X

സോഷ്യല്‍ മീഡിയയാല്‍ ‘മൂരി’കളെന്ന് വിളിക്കപ്പെടുന്ന ലീഗുകാരോട്

സാജു കൊമ്പന്‍

മലപ്പുറം തിരൂരിനടുത്തുള്ള കൈനിക്കര എ എം എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പുസ്തകം കീറി എറിഞ്ഞ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ നടപടി ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. എല്ലാ പ്രതിഷേധങ്ങളുടെയും കളമായ ഫേസ്ബുക്കില്‍ ലീഗിനെതിരെ പോസ്റ്റുകളുടെയും ഹെയ്റ്റ് കമന്റുകളുടെയും കുത്തൊഴുക്കാണ്. ഫേസ്ബുക്കില്‍ വന്ന പോസ്റ്റുകളും അതിനെ ചുവടുപിടിച്ച് നവ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും ചിത്രങ്ങളും അത്യന്തം ഹീനമാണ് ഈ പ്രവൃത്തി എന്ന് തെളിയിക്കുന്നത് തന്നെയാണ്. റോഡില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ സ്കൂള്‍ ഗെയ്റ്റിനകത്ത് നിന്ന് നോക്കുന്ന കുട്ടികളുടെ ഫോട്ടോയും കീറാത്ത പുസ്തകങ്ങള്‍ തെരഞ്ഞ് റോഡില്‍ നിന്ന് പെറുക്കിയെടുക്കുന്ന കുട്ടികളുടെ ചിത്രവും ഏതൊരാളെയും അസ്വസ്ഥപ്പെടുത്തുക തന്നെ ചെയ്യും. 

എന്തായാലും ഇതൊന്നും കണ്ട് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ കരളലിയാനോ രാഷ്ട്രീയ അന്ധത ബാധിച്ച ലീഗ് പ്രവര്‍ത്തകരുടെ കണ്ണു തുറക്കാനോ പോകുന്നില്ല. പാഠപുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാതെ തന്നെ ഇത്തവണത്തെ ഓണ പരീക്ഷ കുട്ടികള്‍ എഴുതേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവസാന തീയ്യതി പല തവണ പ്രഖ്യാപിച്ചെങ്കിലും. 

അല്‍പസ്വല്‍പ്പം സംഘട്ടനങ്ങള്‍ ഉണ്ടായെങ്കിലും എസ് എഫ് ഐ നടത്തിക്കൊണ്ടിരിക്കുന്ന പാഠപുസ്തക വിതരണ സമരം പൊതു സമൂഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അക്കാര്യത്തില്‍ എസ് എഫ് ഐക്ക് അഭിമാനിക്കാം. തങ്ങളുടെ മുദ്രാവാക്യമായ പഠനവും സമരവും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതിന്. ബസിന് കല്ലെറിയുന്നവരും തല്ലു കൂടുന്നവരും പഠിപ്പ് മുടക്കികളും മാത്രമല്ല വിദ്യാര്‍ഥി സംഘടനകള്‍ എന്ന് തെളിയിച്ചതിന്. അതിനിടയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിക്കുകയും പിന്നീട് ലീഗിന്റെ കണ്ണുരുട്ടലിന് മുന്നില്‍ മുട്ട് വിറച്ച് പിന്‍വലിക്കുകയും ചെയ്ത നടപടി കെ എസ് യു വിനുണ്ടാക്കിയ നാണക്കേടും എസ് എഫ് ഐക്ക് ഗുണമായി. അതൊക്കെ രാഷ്ട്രീയം. 

പറഞ്ഞു വന്നത് ഇത്രയുമാണ്. പൊതു വിദ്യാഭ്യാസ മേഖലയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാത്ത ഒരു ഭരണകൂടവും മന്ത്രിയും പാഠപുസ്തകം കീറി എറിയുന്ന അനുയായികളും ഒക്കെയാണ് നമുക്ക് ചുറ്റിലും ഉള്ളത്. അതിന്റെ പേരില്‍ അവര്‍ ജനകീയ വിചാരണ നേരിടുക തന്നെ വേണം. സമരങ്ങള്‍ പല രൂപത്തില്‍ നടക്കണം. ആശയ പ്രചാരണങ്ങള്‍ നടക്കണം. അതിന് ഏറ്റവും പറ്റിയ മാധ്യമമായ സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിക്കണം. പക്ഷേ സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ അതിര് കടന്നാലോ? എതിരാളികളെ സംബോധന ചെയ്യുന്ന പദങ്ങള്‍ പ്രത്യേക വംശീയ പരിഹാസത്തിന്റെ ധ്വനികള്‍ ഉള്ളതാകുമ്പോഴോ? യഥാര്‍ഥത്തില്‍ നാം അതുവരെ കൊട്ടിഘോഷിച്ച വിദ്യാഭ്യാസവും സംസ്കാരവുമൊക്കെ തകര്‍ന്നു വീഴുകയല്ലേ അപ്പോള്‍ സംഭവിക്കുന്നത്? അങ്ങനെയെങ്കില്‍ നമുക്ക് പാഠ പുസ്തകങ്ങള്‍ എന്തിനാണ്? അവ കീറി എറിയുന്നതല്ലേ നല്ലത്. ആത്യന്തികമായി ഈ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആരെയാണ് സഹായിക്കുക എന്ന് ഫേസ്ബുക്ക് വിപ്ലവകാരികള്‍ ആലോചിക്കുന്നുണ്ടോ?  

കൈനിക്കര സംഭവത്തിന് ശേഷം വന്ന ഫേസ്ബുക്ക് പോസ്റ്റുകളിലെ പൊതു പ്രത്യേകത അതില്‍ എല്ലാം തന്നെ ലീഗ് പ്രവര്‍ത്തകരെ സംബോധന ചെയ്യുന്നത് ‘മൂരി’ എന്നാണ് . എന്താണ് അത്തരം സംബോധനയുടെ അര്‍ത്ഥം? അതിന്റെ പിന്നിലെ രാഷ്ട്രീയ ധ്വനി? മൂരിയെപ്പോലെ ചേറിലും മണ്ണിലും മാത്രം കഴിയുന്ന, മനുഷ്യനുണ്ടാകേണ്ട ബുദ്ധി വികാസം സിദ്ധിച്ചിട്ടില്ലാത്തവര്‍ എന്നാണോ? അതായത് സ്കൂളിന്റെ പടി കാണാത്തവര്‍ എന്ന് സൂചന. പുസ്തകം കൈ കൊണ്ട് തൊടാത്തവര്‍. വിദ്യാഭ്യാസമില്ലാത്തവര്‍. അതിലൂടെ സിദ്ധിക്കേണ്ട സംസ്കാരമില്ലാത്തവര്‍. അപരിഷ്കൃതര്‍. വേണമെങ്കില്‍ ദോഷൈകദൃക്കുകള്‍ക്ക് മൂരിയെ ഭക്ഷിക്കുന്നവര്‍ എന്നും വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ട്.  

മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസപരമായി പിന്നോക്കമാണ് എന്നതാണ് പൊതു സ്ഥിതി. ഇപ്പോള്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടെങ്കിലും (രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അതല്ല അവസ്ഥ). പെണ്‍കുട്ടികള്‍ പഠിക്കേണ്ടതില്ലെന്നും പ്രായപൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം കഴിച്ചു (ചിലപ്പോള്‍ പ്രായപൂര്‍ത്തി ആകാതെയും) കുടുംബം പുലര്‍ത്തേണ്ടവര്‍ ആണെന്നും ആണ് ആ സമുദായത്തിലെ യാഥാസ്ഥിക സമൂഹം ചിന്തിക്കുന്നത്. അതിനു നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മുസ്ലിം പുരുഷന്മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മറ്റൊരു ഓപ്ഷന്‍ വേണം എന്നതുകൊണ്ടാണ് എന്ന്‍ ഒരു മതപുരോഹിതന്‍ പറഞ്ഞതും നമ്മള്‍ കേട്ടതാണ്. എന്നാല്‍ പുതിയ തലമുറ ഏറെ മാറിയിരിക്കുന്നു. സ്കൂള്‍ പഠനം കഴിഞ്ഞ ഉടനെ കച്ചവടത്തിനോ ഗല്‍ഫിലേക്കൊ കയറിപ്പറ്റുന്നതിന് പകരം ഉയര്‍ന്ന കോഴ്സുകള്‍ പഠിക്കുന്നവരാണ് ഭൂരിഭാഗം മുസ്ലീം യുവാക്കളും. അതില്‍ ലീഗുകാരനും പെടും. ഇവരെയൊക്കെ ഉദ്ദേശിച്ച് ‘മൂരി’ എന്ന പ്രയോഗം നിര്‍ബാധം ഉപയോഗിക്കുമ്പോള്‍ അതിലെ ദുസൂചന കാണാതിരിക്കാന്‍ കഴിയുന്നില്ല. മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ സംഘങ്ങളെയോ ഈ ഒരു പദത്താല്‍ ഇത്രയധികം ആക്രമണോത്സുകമായി ‘ബഹുമാനിക്കുന്നതും’ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

എന്തായാലും കൈനിക്കര സംഭവത്തോടെ രണ്ടു കാര്യങ്ങളാണ് പ്രധാനമായും ഉറപ്പിക്കപ്പെട്ടത്. ഒന്ന്, മൂരി എന്ന വാക്ക് ലീഗുകാര്‍ക്കുള്ള ഇരട്ടപ്പേരായി. രണ്ട്, സംസ്കാരമില്ലാത്ത അപരിഷ്കൃതരായ ആളുകള്‍ അധിവസിക്കുന്ന നാടാണ് മലപ്പുറം എന്ന പൊതു ബോധം വീണ്ടും ഉറപ്പിക്കപ്പെട്ടു. ഇതിന് ഉത്തരവാദികള്‍ മതമില്ലാത്ത ജീവനെതിരെ സമരം ചെയ്ത ലീഗുകാര്‍ അദ്ധ്യാപകനെ ആക്രമിച്ചു കൊന്ന സംഭവമോ ഇപ്പോള്‍ (അന്നും) പാഠപുസ്തകങ്ങള്‍ കീറി എറിഞ്ഞ സംഭവമോ മാത്രമല്ല. ഷാജി കൈലാസ് മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെ (മലപ്പുറത്തെ കോപ്പിയടി) ഇതില്‍ പ്രതികളാണ്. അതിലേറെ കൂടുതല്‍ എന്തിലും പച്ച കാണുന്ന ലീഗുകാരും (പച്ച ബോര്‍ഡ്, പച്ച സാരി). 

ലീഗ് പ്രവര്‍ത്തകരേ നിങ്ങളോട് ഒരു വാക്ക്. ഇനിയും നിങ്ങള്‍ പുസ്തകങ്ങള്‍ കീറി എറിയുക. സോഷ്യല്‍ മീഡിയയിലൂടെ പുരോഗമനക്കാരാല്‍ ‘മൂരി’ എന്ന്‍ വിളിക്കപ്പെടുക. മലപ്പുറത്തെ അപരിഷ്കൃതരായ താലിബാനിസ്റ്റുകളുടെ ഭൂമികയാക്കി മീഡിയയും സിനിമകളും അവഹേളിക്കുന്നതിന് വേഗം കൂട്ടുക. അങ്ങനെ വളരുന്ന സംഘി ബോധത്തിന്റെ വാഹകരാവുക.    

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 12, 2017 10:17 pm