X

വംശീയാതിക്രമങ്ങളുടെ സങ്കീര്‍ണമായ ദൃശ്യചരിത്രം

അലീസ റോസന്‍ബെര്‍ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഏപ്രിലില്‍ തെക്കന്‍ കരോലിനയില്‍ മൈക്കല്‍ സ്ലാഗര്‍ എന്ന പോലീസുകാരന്റെ വെടിയേറ്റ് വാള്‍ട്ടര്‍ സ്‌കോട് കൊല്ലപ്പെട്ടതിനു ശേഷം അയാളെപ്പോലെ നിരവധി കറുത്ത വര്‍ഗക്കാരായ സ്ത്രീ പുരുഷന്മാര്‍ പൊലീസിന്റെ കൈയാല്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കാണുന്നത് നമ്മളില്‍ എന്തുതരം വികാരമായിരിക്കും ഉണ്ടാക്കുന്നതെന്ന് ന്യു റിപ്പബ്ലിക്കിന്റെ് ജാമില്‍ സ്മിത് ചോദിക്കുന്നു.

‘നിര്‍ഭാഗ്യവശാല്‍ പൊലീസിന്റെ കൈയില്‍ നിന്നുമുള്ള ദുരിതത്തിന്റെയും മരണത്തിന്റെയും വര്‍ദ്ധിക്കുന്ന കാഴ്ച്ചകള്‍ അതുണ്ടാക്കേണ്ട പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നില്ല. കറുത്തവരുടെ മരണങ്ങള്‍ കൂടുതലായി കാണുന്നത് നമ്മുടെ പൊതുബോധത്തിന്റെ മരവിപ്പിലേക്കാണ് നയിക്കുന്നത്,’ സ്മിത് എഴുതി. ‘നമ്മള്‍ ഈ കാഴ്ച്ചകള്‍ പിന്നേയും കണ്ട് നമ്മെത്തന്നെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. അത് ശരിക്കും പരിഷ്‌കരണത്തിലേക്ക് നയിക്കുമെന്ന് നാം കരുതുന്നുണ്ട്.’

ഒരു ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചതിന് തടഞ്ഞു നിര്‍ത്തി അറസ്റ്റ് ചെയ്ത സാന്ദ്ര ബ്ലാണ്ട് മൂന്നു ദിവസത്തിന് ശേഷം ജയിലില്‍ വെച്ചു മരിച്ചു. ആ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതേപോലുള്ള പ്രതിഷേധമുണ്ടാക്കി. ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ എന്തു ഫലമാണുണ്ടാക്കുന്നതെന്ന ചോദ്യം അത് വീണ്ടും ഉയര്‍ത്തുന്നു. റോഡ്‌നി കിംങ്ങിനെ ലോസ് ആഞ്ചലസ് പൊലീസ് മര്‍ദിക്കുന്ന ദൃശ്യം മാറ്റത്തിന് വഴി തെളിച്ചതായി സ്മിത് എടുത്തുകാണിക്കുന്നുണ്ട്. പക്ഷേ ശരിയായ ഉത്തരങ്ങള്‍ക്ക് അമേരിക്കന്‍ ചരിത്രത്തിലേക്കും പൗരാവകാശ മുന്നേറ്റത്തിലേക്കും പോകേണ്ടതുണ്ട്.

വിവേചനത്തിനെതിരെയും സമ്മതിദാനാവകാശത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ ടെലിവിഷന്‍ വാര്‍ത്തയുടെ വളര്‍ച്ചയ്‌ക്കൊപ്പമായിരുന്നു. മുന്നേറ്റത്തിന്റെ സംഘാടകര്‍ പലപ്പോഴും ഛായാഗ്രാഹകരെ ഒപ്പം കൊണ്ടുപോവുകയും അവര്‍ ആ ചിത്രങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍ നല്‍കുകയും ചെയ്യുമായിരുന്നു. കറുത്തവരുടെ തുല്യനീതിക്കായുള്ള പോരാട്ടത്തില്‍ ദൃശ്യങ്ങളും പത്രപ്രവര്‍ത്തകരുടെ സാന്നിധ്യവും ഗണ്യമായ പങ്കുവഹിച്ചിരുന്നു. എന്നാല്‍ ഇത്തരം പെരുകിവരുന്ന മൊബൈല്‍ഫോണ്‍ കാമറ,നഡാഷ്‌ബോഡ് കാമറ തരത്തിലുള്ള ദൃശ്യങ്ങളുടെ പരിമിതിയും പൗരാവകാശ മുന്നേറ്റം സൂചിപ്പിക്കുന്നുണ്ട്.

ഇങ്ങനെ പൊലീസുകാരുടെ പ്രവര്‍ത്തികള്‍ ദൃശ്യവത്കരിക്കുന്നതിനു പ്രധാനമായും രണ്ട് നേട്ടങ്ങളാണ് പറയുന്നത്. അത് കുറ്റവിചാരണ സമയത്ത് തെളിവാകുമെന്നും, പിന്നെ അവരെ അത്തരം ആക്രമങ്ങളില്‍ നിന്നുതന്നെ പിന്തിരിപ്പിച്ചേക്കാമെന്നും. നവംബര്‍ 2014ലെ journal of Quantitative Criminologyയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കാണിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ പരീക്ഷണാര്‍ത്ഥം കാമറകള്‍ ഘടിപ്പിച്ചപ്പോള്‍ അവരുടെ ബലപ്രയോഗവും അവര്‍ക്കെതിരെയുള്ള പരാതിയും കുറഞ്ഞു എന്നാണ്. ഇത് കാമറകളെ ഒറ്റമൂലിയാക്കുന്നൊന്നുമില്ല. ഒരേ ദൃശ്യത്തില്‍ നിന്നും ആളുകള്‍ക്ക് വ്യത്യസ്തമായ കാഴ്ചകളാണ് കാണാന്‍ കഴിയുക എന്നെനിക്ക് പറയാനാകും.

എന്നിരുന്നാലും പൗരാവകാശ മുന്നേറ്റങ്ങളുടെ ദൃശ്യവത്കരണം സൂചിപ്പിക്കുന്നത് ഛായാഗ്രഹണത്തിലും ദൃശ്യങ്ങളിലുമുള്ള വിശ്വാസം എത്ര ശക്തമാണെന്നും അത് ഒരു തടയായി മാറുമെന്നുമാണ്.

‘പൊതുവില്‍ ദേശീയ ടെലിവിഷന്‍ വാര്‍ത്തകള്‍ മുന്നേറ്റത്തെ രണ്ടു നിര്‍ണായക വിധത്തില്‍, വിരുദ്ധ രീതിയില്‍ അവതരിപ്പിച്ചിരുന്നു. ഒരു വശത്ത് അത് പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ വിഭാഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കുന്നു. മറുവശത്ത് മുന്നേറ്റത്തിന്റെ ഭാഗമായി പലപ്പോഴുമുള്ള സംഘര്‍ഷത്തെ പെരുപ്പിച്ചു കാട്ടുകയും അതിനെ പ്രാദേശിക പശ്ചാത്തലത്തില്‍ വെക്കുന്നതിന് പകരം മറ്റ് പല അര്‍ത്ഥങ്ങളും വരുന്ന തരത്തില്‍ ദേശീയ മാനത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.’ സാഷ്ട ടോറെസ് ‘Black White and in Color: Television and Black Civil Rights.’എന്ന പുസ്തകത്തില്‍ പറയുന്നു.

ബര്‍മിംഗ്ഹാമിലെ പോരാളിയായിരുന്ന റൂബി ഹര്‍ലി പറയുന്നത് 60കളേക്കാള്‍ എത്രയോ മോശമായിരുന്നു 50 കള്‍ എന്നാണ്. ‘കാരണം അന്നെനിക്ക് സംരക്ഷണത്തിനായി ടെലിവിഷന്‍ കാമറകള്‍ ഉണ്ടായിരുന്നില്ല.’ ഛായാഗ്രാഹകരെ ആക്രമിച്ചാല്‍ അത് രണ്ടു സന്ദേശങ്ങള്‍ നല്‍കും. ഒന്നു ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് നിന്നേക്കാം. മാധ്യമ പ്രവര്‍ത്തകരെ ആവശ്യമുള്ള രീതിയില്‍ തടയാനുമാകില്ല. ഡേവിഡ് പ്രിന്‍സ് എന്ന ഛായാഗ്രാഹകനെ തടയാന്‍ സംഘങ്ങളെ ഏര്‍പ്പാടാക്കിയിരുന്നതായി മറ്റൊരു ഛായാഗ്രാഹകനായ മാറ്റ് ഹെറോണ്‍ പറഞ്ഞു.

‘അവര്‍ പ്രിന്‍സിനെ വെടിവെച്ചു. അയാളെ പള്ളിമുറ്റത്തെക്കു വലിച്ചിട്ട് തൊഴിച്ചു,’ ഹെറോണ്‍ ഓര്‍മിക്കുന്നു. ‘അവരയാളെ കൊല്ലാന്‍ പോവുകയായിരുന്നു. പക്ഷേ ഡിസ്ട്രിക്ട് അറ്റോണി വന്നു പറഞ്ഞു,’അയാളെ കൊല്ലരുത്. അത് നമുക്ക് മോശം പ്രചാരണമാണ് നല്‍കുക.’

ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും ഒരു ഉദ്ദീപന ശക്തി ഉണ്ടോ എന്നതാണ് മറ്റൊരു വിഷയം. അതോ സ്മിത് പറഞ്ഞതുപോലെ ഒരുതരം മരവിപ്പ് മാത്രമാണോ. പൗരാവകാശ മുന്നേറ്റങ്ങളുടെ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും (യു.എസില്‍) തെക്കും വടക്കും വ്യത്യസ്തമായാണ് സ്വീകരിക്കപ്പെട്ടത്.

സംഭവസ്ഥലത്തുനിന്നുള്ള വാര്‍ത്തകള്‍ ഒരു സ്വയംബോധവത്കരണത്തിനുള്ള ഉപകരണമാണെന്നത് മാധ്യമശക്തിയുടെ വക്താക്കളുടെ സ്ഥിരം വാദമാണ്, ഇത്തരം ദൃശ്യങ്ങള്‍ തെക്കന്‍ ഭാഗക്കാര്‍ക്ക് ആത്മനിന്ദ തോന്നിപ്പിച്ചിരുന്നു എന്ന വിലയിരുത്തലിനെ വിമര്‍ശിക്കവേ അലിസന്‍ ഗ്രഹാം തന്റെ പുസ്തകമായ ‘Framing the south: Hollywood,Television,and Race During The Civil Rights Struggleല്‍ എഴുതുന്നു: ”സ്വയം കാണാന്‍, സ്വന്തം പ്രതിച്ചയയെ തിരിച്ചറിയാന്‍: അതായിരുന്നു അവിടെ ടെലിവിഷനും റേഡിയോയും എന്നു വാദമുണ്ട്. ഇരു വംശങ്ങളിലുംപെട്ട തെക്കന്മാര്‍ ഇതിനോട് യോജിക്കുമോ എന്നെനിക്ക് സംശയമാണ്. 1957ആകുമ്പോഴേക്കും തങ്ങള്‍ മുങ്ങി നില്‍ക്കുന്ന രക്തപ്പുഴയുടെ ആഴം വെള്ളക്കാരായ തെക്കന്മാര്‍ക്ക് അറിയാമായിരുന്നു. ചോരയും പകയും നിറഞ്ഞ ഒരു കഥയിലെ നിശബ്ദരായ പ്രതീകങ്ങള്‍ മാത്രമാണു തങ്ങളെന്ന് കറുത്തവര്‍ക്കും.വാസ്തവത്തില്‍ മോശമായി പെരുമാറുന്നതായി ചിത്രീകരിക്കപ്പെട്ട പലരും അങ്ങനെതന്നെ പകര്‍ത്തപ്പെടാന്‍ ആഗ്രഹിച്ചവരായിരുന്നു. ചരിത്ര,പ്രാദേശികദൂരത്തിനനുസരിച്ച് വളരെ വിചിത്രമായി തോന്നാം’. അക്രമരഹിത വിദ്യാര്‍ത്ഥി ഏകോപന സമിതി ഛായാഗ്രാഹകന്‍ ഡാനി ലിയോണ്‍ ഒരു മിസിസിപ്പി പോലീസുകാരന്‍ കാണിച്ച അശ്ലീലമായ ആംഗ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍, ഗ്രഹാം എഴുതുന്നു: ‘അത് കാഴ്ച്ചക്കാരന് നേരെയുള്ള ഒരു അപമാനകരമായ ആംഗ്യമായാണ് കടലാസിലേക്ക് പകര്‍ത്തപ്പെട്ടത്. ജിം ക്ലാര്‍ക്കിന്റെ ആളുകള്‍ 1965ല്‍ ഡള്ളാസ് കൌണ്ടി കോടതിയുടെ മുന്നില്‍ ഒരു ന്യൂസ് ക്യാമറാമാനെ ആക്രമിച്ചപ്പോള്‍ അതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ ആളുകള്‍ ക്യാമറാമാനെ കണ്ടില്ല. മറിച്ച് ലെന്‍സിന് നേര്‍ക്കുവരുന്ന മുഖങ്ങളും കൈകളും അന്തരീക്ഷത്തില്‍ തിരിയുന്ന ദൃശ്യങ്ങളും പിന്നെ കാഴ്ച്ചയില്‍ തെറിച്ചുവീണ ചോരയും മഴത്തുള്ളികളുമായിരുന്നു.’

‘നിരവധി മാസങ്ങള്‍ക്ക് ശേഷം സെല്‍മയില്‍ നിന്നു മോണ്ട്‌ഗോമെറിയിലേക്കുള്ള ജാഥ പകര്‍ത്തിയിരുന്ന കാമറകള്‍ക്ക് നേരെ തുപ്പിയ വര്‍ണവെറിയന്‍ ആള്‍ക്കൂട്ടം വീടുകളിലിരുന്നു അത് കണ്ടിരുന്ന ആളുകള്‍ക്കു നേരെയുമാണ് തുപ്പിയത്. അക്രമികളില്‍ പലര്‍ക്കും ഇതറിയാമായിരുന്നു. തെക്കന്‍ വെള്ളക്കാരെ വിധിക്കാന്‍ തുനിഞ്ഞ കാമറക്ക് പിന്നിലിരുന്ന സകലരെയും ആക്രമിക്കാനാണ് അവര്‍ ആഗ്രഹിച്ചത്.’

കറുത്തവരായ ഇരകളെയും മൃതദേഹങ്ങള്‍ക്കരികെ ചിത്രമെടുപ്പിനായി നില്‍ക്കുന്ന വെള്ളക്കാരെയും കാണിക്കുന്ന പോസ്റ്റ് കാഡുകള്‍ അച്ചടിക്കുന്ന കച്ചവടം തന്നെ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അതത്ര വിചിത്രമാകുന്നില്ല. ഒരു ഛായാഗ്രാഹകനെ തള്ളുന്നതും അല്ലെങ്കില്‍ ഒരാളെ കൊന്ന് ആ മൃതദേഹത്തോടൊപ്പം ചിത്രമെടുക്കുന്നതും ലജ്ജാകരമാകുന്നത്, നിങ്ങളാ പ്രവര്‍ത്തിയെ ലജ്ജാകരവും അല്ലെങ്കില്‍ ആ കൊലപാതകം കുറ്റകരവുമായി കാണുമ്പോള്‍ മാത്രവുമാണ്.

വടക്കും വംശീയാതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ ചില പ്രതിഷേധങ്ങള്‍ ഉയര്‍ത്തി. പക്ഷേ അത് മാസന്‍ഡിക്‌സണ്‍ രേഖക്ക് താഴെയുള്ള തങ്ങളുടെ സഹ പൗരന്മാരെക്കാള്‍ ധാര്‍മികോന്നതി ഉള്ളവരാണ് തങ്ങളെന്ന് അവര്‍ക്ക് തോന്നിക്കാനും അത് വഴിവെച്ചു. മാര്‍ടിന്‍ എ ബെര്‍ഗര്‍ ‘SeeingThrough Race: A Reinterpretation of Civil Rights Photography’ എന്ന പുസ്തകത്തില്‍ ഡാനി ഹഡ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പൊലീസ് നായ ആക്രമിക്കുന്ന ചിത്രം കണ്ട് ‘sick’ ആയി സ്വയം പ്രഖ്യാപിച്ച ജോണ്‍ എഫ് കെന്നഡി അത് കമ്മ്യൂണിസത്തിനെതിരായ തന്റെ പോരാട്ടത്തെ ദുര്‍ബലമാക്കുമോ എന്നാണ് കൂടുതല്‍ ആശങ്കപ്പെട്ടത് എന്ന് ചൂണ്ടിക്കാണിക്കുന്നു.

വെള്ള ഭീകരതയുടെ വാര്‍ത്തകളും ചിത്രങ്ങളും വര്‍ണവിവേചനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ച ചില തെക്കന്മാര്‍ക്ക് കൂടുതല്‍ ധൈര്യം നല്‍കി. ഹാങ്ക് കില്‍ബനോഫ് തന്റെ ‘The Race Beat’ എന്ന പുസ്തകത്തില്‍ എഴുതി; ‘അത് അസാധാരാണമായതിലും അപ്പുറമായിരുന്നു. എല്ലാവരും അതില്‍ ലജ്ജിതരായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ നിരവധിപേര്‍ക്ക് അതില്‍ നാണക്കേട് തോന്നിയ നിരവധിപേര്‍ ഉണ്ടായിരുന്നു. ഒന്നിച്ചുപോകാവുന്ന മര്യാദയുടെ ശബ്ദങ്ങള്‍ തെക്കുണ്ടായി. കാലംകൊണ്ട് പുരോഗമനപരമായ നിലപ്പാടുള്ളവര്‍ക്ക് മറ്റൊരു വലിയ വിഭാഗത്തോടൊപ്പം ഐക്യബോധവും ഒത്തൊരുമയുമുണ്ടാകന്‍ കഴിഞ്ഞു. തെക്കന്‍ മേഖലയ്ക്ക് പുറത്തുള്ളവര്‍ക്ക് മാറ്റമുണ്ടാകുമെന്ന തോന്നലും.’

‘വെള്ളക്കാര്‍ക്ക് മാത്രം’ എന്ന അടയാളങ്ങള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കാണാം. പക്ഷേ യു.എസില്‍ എവിടേയും കറുത്തവരെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊല്ലാം, കൊല്ലുകയും ചെയ്യുന്നു. പൗരാവകാശ കാലത്തെ ദൃശ്യങ്ങള്‍ ചിലരെ തങ്ങളുടെ താരതമ്യ നന്മയെ ഓര്‍മ്മിപ്പിക്കുന്നുവെങ്കില്‍ ഇപ്പോഴത്തെ ദൃശ്യങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തെയും കുറ്റപ്പെടുത്തുന്നു.

ദൃശ്യങ്ങളും അവ പകര്‍ത്തലും എപ്പോഴും അനീതി രേഖപ്പെടുത്താന്‍ തന്നെ ഉപയോഗിച്ചുകൊള്ളണമെന്നില്ല. പ്രതിഷേധക്കാര്‍ക്ക് നേരെയും അത് തിരിക്കാം. മൈക്കല്‍ ബ്രൌണിന്റെ മരണത്തിന് ശേഷം ഒരു മിസൌറി പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ ചിത്രത്തില്‍ ബ്രൗണ്‍ ഒരു കെട്ട് നോട്ട് കടിച്ചുപിടിച്ചു നില്‍ക്കുന്നു. ബ്രൗണ്‍ നിഷ്‌ക്കളങ്കനല്ല എന്ന സൂചന നല്‍കാനാണിത്. ട്രാവിയോണ്‍ മാര്‍ടിന്റെ കൊലക്കു ശേഷവും ഇതുണ്ടായി. ദൃശ്യങ്ങള്‍ മുറിക്കാനും മിശ്രണം ചെയ്യാനും കഴിയും. സാന്ദ്ര ബ്ലാണ്ടിന്റെ അറസ്റ്റിന് ശേഷം നല്‍കിയ ദൃശ്യം പോലെ. പൊലീസ് എത്ര മോശമായി പെരുമാറിയാലും ഒരു അറസ്റ്റിനെ ന്യായീകരിക്കാന്‍ അതിനാകുമെന്ന് അവര്‍ കരുതുന്നു.

പൗരാവകാശ മുന്നേറ്റക്കാലത്ത് ദൃശ്യങ്ങള്‍ ആളുകളുടെ ഉപജീവനത്തിനെതിരായി ഉപയോഗിക്കുമായിരുന്നു. വിവേചനത്തിന്റെയും അസമത്വത്തിന്റെയും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ പലര്‍ക്കും തൊഴില്‍ നഷ്ടമായി. ഷെറിഫ് ജിം ക്ലാര്‍ക്കിന്റെ ചരമക്കുറിപ്പില്‍ ‘1963ല്‍ സെല്‍മയില്‍ വിദ്യാര്‍ത്ഥി ഏകോപന സമിതി കറുത്ത വര്‍ഗക്കാരുടെ രേഖപ്പെടുത്തല്‍ നടത്തിയ സമയത്ത് അതില്‍ പങ്കെടുത്ത നൂറുകണക്കിനാളുകളുടെ ചിത്രങ്ങളെടുക്കാന്‍ ക്ലാര്‍ക് ആളെ വിട്ടിരുന്നു എന്നു ന്യൂ യോര്‍ക് ടൈംസില്‍ മാര്‍ഗലിറ്റ് ഫോക്‌സ് ഓര്‍മ്മിക്കുന്നു. ആ ചിത്രങ്ങള്‍ അവരുടെ തൊഴിലുടമകള്‍ക്ക് അയച്ചുകൊടുക്കും എന്ന ഭീഷണിയായിരുന്നു അതിനു പിന്നില്‍.

പൗരാവകാശ മുന്നേറ്റത്തിന്റെ ആ കാലഘട്ടത്തിന് ശേഷം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നിശ്ചല,ചലന ദൃശ്യങ്ങളെടുക്കാവുന്ന രീതിയിലേക്ക് സാങ്കേതിക വിദ്യ പുരോഗമിച്ചു. 1960കളുടെ ഒടുവിലായി തുടങ്ങിയ ക്ലോസ്ഡ് സര്‍ക്യൂട് ടെലിവിഷന്‍ നിരീക്ഷണ വിദ്യയാകട്ടെ നമ്മുടെ ജീവിതങ്ങളെ എന്നത്തേക്കാളുമേറെ രേഖപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

ചിലപ്പോള്‍ ഇതൊരു പൊലീസ് നിരീക്ഷണ മാര്‍ഗമായി ഉപയോഗിക്കുന്ന നഗരങ്ങളിലും നാം പകര്‍ത്തിയെടുക്കപ്പെടുകയാണ്. അല്ലാത്തപ്പോള്‍ 1969ല്‍ ആല്‍ബര്‍ട്, മേരി ബ്രൌണ്‍ എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ ദമ്പതികള്‍ പേറ്റന്റ് എടുത്ത സ്വകാര്യ ഭവന സുരക്ഷ സംവിധാനം നമ്മെ പകര്‍ത്തിയെടുക്കും. മേരീ ബ്രൌണ്‍ അന്നതിനുള്ള കാരണമായി ന്യൂ യോര്‍ക് ടൈംസിനോട് പറഞ്ഞത്,’അടിയന്തര സന്ദര്‍ഭങ്ങളില്‍ പൊലീസിനെ വിളിക്കാനും കാര്യങ്ങള്‍ നടത്താനും ഏറെ സമയമെടുക്കുന്നു എന്നാണ്.’

പക്ഷേ യഥാര്‍ത്ഥ വ്യത്യാസം നാം പകര്‍ത്തുന്ന ദൃശ്യങ്ങളുടെ ഗുണനിലവാരത്തിലല്ല, മറിച്ച് അവ നമ്മെ പ്രവര്‍ത്തിക്കാനായി എത്ര മാത്രം ഉദ്ദീപിപ്പിക്കുന്നു എന്നതിലാണ്. പൗരാവകാശ മുന്നേറ്റക്കാലത്തെ ദൃശ്യങ്ങളും ചിത്രങ്ങളും വടക്ക് മികച്ചതാണെന്നും തെക്ക് മോശമെന്നും ഉള്ള ആശയത്തെ സഹായിച്ചെങ്കില്‍, ഇക്കാലത്തെ ദൃശ്യങ്ങള്‍ മേഖലാ കേമത്തത്തിന്റെ മിഥ്യയെ തകര്‍ക്കുകയും വര്‍ണവെറി മറ്റാരുടെയോ പ്രശ്‌നമാണെന്ന ധാരണയെ തിരുത്തുകയും ചെയ്യും.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on September 18, 2015 7:53 am