X

വി സി ആര്‍ ഓര്‍മ്മയാകുമ്പോള്‍

അഴിമുഖം പ്രതിനിധി

40 വര്‍ഷത്തെ ജീവിതത്തിനു ശേഷം വി.സി.ആറുകളും (വീഡിയോ കാസറ്റ് റെക്കൊര്‍ഡര്‍) ഇനി ഓര്‍മയുടെ ഏടുകളിലേക്ക് മറയും. വി.സി.ആറുകളുടെ അവസാന ഉത്പാദകര്‍ എന്നറിയപ്പെടുന്ന ജാപ്പനീസ്‌ ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ ഫുനായ് ഇലക്ട്രിക്‌ മുപ്പത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഈ മാസം അവസാനത്തോടെ ഉത്പാദനം നിര്‍ത്തുകയാണ്.

കുറഞ്ഞു വരുന്ന കച്ചവടവും അവശ്യഘടകങ്ങളുടെ ദൌര്‍ലഭ്യതയാണ് വി.സി.ആര്‍ ഉത്പാദനം നിര്‍ത്താന്‍ കമ്പനിയെ നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഫുനായ് കമ്പനി സാന്യോ എന്ന പേരിലാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലും ചൈനയിലും പ്രശസ്തമായത്‌. ഫുനായ് 1980ലെ തങ്ങളുടെ തന്നെ സി.വി.സി (കോമ്പാക്റ്റ് വീഡിയോ കാസറ്റ്) ഫോര്‍മാറ്റ്‌ പുറത്തിറക്കി പരാജയപ്പെട്ട ശേഷമാണ് 1983ല്‍ വി.സി.ആര്‍. പുറത്തിറക്കുന്നത്. സി.വി.സി. കാല്‍ ഇഞ്ച്‌ ടേപ്പ് ഉപയോഗിച്ച് വലുപ്പവും ഭാരവും കുറഞ്ഞ രീതിയില്‍ ആണ് പുറത്തിറങ്ങിയതെങ്കിലും മറ്റു സാങ്കേതിക മികവുകളാല്‍ അര ഇഞ്ച്‌ ടേപ്പ് ഉപയോഗിച്ച വി.എച്ച്.എസും ബീറ്റാമാക്സും കനത്ത മത്സരം തന്നെ സമ്മാനിച്ചു.

വര്‍ഷം 15 ലക്ഷം വി.സി.ആറുകള്‍ വരെ വിറ്റഴിച്ച ചരിത്രമുള്ള കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വില്പന 7,50,000 യൂണിറ്റുകള്‍ മാത്രമാണ്. 1980ല്‍ ഉത്പാദനം ആരംഭിച്ച ബീറ്റാമാക്സ് പ്ലെയെറുകള്‍ 2002ഓടെ ഉദ്പാദനം നിര്‍ത്തിയിരുന്നുവെങ്കിലും 2015 വരെ അതിന്റെ ടേപ്പുകള്‍ ലഭ്യമായിരുന്നു. കാലം മാറും തോറും പുതിയ സാങ്കേതിക വിദ്യകള്‍ സ്ഥാനം പിടിക്കും. അത്തരത്തില്‍ വി.സി.ആറിനുള്ള എതിരാളികള്‍ ഡി.വി.ഡി.യും ബ്ലൂറേയും മാത്രം ആയിരുന്നില്ല, ഹാര്‍ഡ് ഡിസ്കിന്‍റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ റെക്കോര്‍ഡറുകളും കൂടിയായിരുന്നു.

എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഭൂരിഭാഗം ആളുകളും കാര്യക്ഷമത കൂടിയ പുതിയ സാങ്കേതിക വിദ്യകളെ ആശ്രയിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോഴും പഴയ ടേപ്പുകളും ഉപകരണങ്ങളും വാങ്ങി ശേഖരിക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ ആശ്ചര്യജനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫുനായ് ഇലക്ട്രിക് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച വി.സി.ആറുകളുടെ എണ്ണം അതിനു തെളിവാണ്. നമ്മുടെ സ്വത്വത്തിന്റെ ഭാഗമായിരുന്ന ഒരു ഉപകരണത്തെ അത്ര വേഗം മറന്നു കളയാനുള്ള വിഷമം ആകും ഈയൊരു പ്രവണതയ്ക്ക് കാരണം.

വി.എച്ച്.എസ്. ഇപ്പോഴും ആളുകള്‍ ഉപയോഗിക്കുന്നതിനുള്ള കാരണമായി പറയപ്പെടുന്നത് അവയിലെ അപൂര്‍ണത ആകാമെന്നാണ്. ഡി.വി.ഡിയിലും ബ്ലൂറേയിലും ഉള്ള സിനിമകള്‍ വളരെ വൃത്തിയോടെയാണ് കാണപ്പെടുന്നത്. എന്നാല്‍ വി.എച്ച്.എസുകളില്‍ അവര്‍ കാണിച്ച തെറ്റുകളും ശരിയാവാത്ത മേക്കപ്പും എല്ലാം അതുപോലെ തന്നെ കാണാന്‍ കഴിയും. ഇത് പഴയകാല തീയറ്ററുകളെയും നാടകശാലകളെയും പറ്റി നമ്മളെ ഓര്‍മിപ്പിക്കും. എത്രയൊക്കെ തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും പഴമ എപ്പോഴും മധുരമുള്ളതാകാനുള്ള ഒരു കാരണം ഇതായിരിക്കും. 

This post was last modified on July 25, 2016 9:54 am

Related Post
Leave a Comment