X

സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് ഭൂതകാലം മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍

ലിസ ടക്കര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിങ്ങളുടെ പതിനെട്ടുകാരി മകള്‍ കാര്‍ അപകടത്തില്‍ പെട്ടുവെന്ന് കരുതുക. അവളുടെ ശരീരത്തിന്റെ ഭീതിജനകമായ തരത്തിലുള്ള പോലീസ് ഫോട്ടോഗ്രാഫുകള്‍ ഇന്‍റര്‍നൈറ്റില്‍ ലീക്ക് ചെയ്തു. ഓരോ തവണ ആരെങ്കിലും നിങ്ങളുടെ കുടുംബപ്പേര് തെരഞ്ഞാലും ആ ഫോട്ടോകളിലാണ് ആദ്യം എത്തുക. ഇതാണ് ക്രിസ്‌ടോസിനും ലെസ്ലി കാറ്റ്‌സ്വാരസിനും സംഭവിച്ചത്. കാരണം യൂറോപ്പിലെപ്പോലെയല്ല, അമേരിക്കയില്‍ സെര്‍ച്ച് എഞ്ചിനുകളില്‍ ആളുകള്‍ക്ക് ഇത്തരം ലിങ്കുകള്‍ നീക്കാനുള്ള സംവിധാനമില്ല.

അതുകൊണ്ടാണ് ഒരു നോണ്‍ പ്രൊഫിറ്റ് കണ്‍സ്യൂമര്‍ സംഘം ‘മറവിക്കുള്ള അവകാശത്തിനായി’ ഫെഡറല്‍ ട്രേഡ്  കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ആളുകള്‍ക്ക് താല്‍പര്യമില്ലാത്ത ലിങ്കുകള്‍ അവരുടെ ആവശ്യപ്രകാരം നീക്കാനുള്ള സംവിധാനമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കാറ്റ്‌സ്വാരസിനെപ്പോലെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന, നിയമാനുസൃതമല്ലാത്ത ഇത്തരം വികലമായ സ്വകാര്യവിവരങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടാനാകണം.

മറവിക്കുള്ള അവകാശത്തോടൊപ്പം ഗവണ്‍മെന്റ് അഭിപ്രായസ്വാന്തന്ത്ര്യം ഇല്ലാതാക്കുകയൊന്നുമില്ലെന്ന് പോസ്റ്റ് പറയുന്നു. അഭിപ്രായസ്വാതന്ത്ര്യം നഷ്ടമാകുന്നത് ഗവണ്‍മെന്റ് എല്ലാ മാധ്യമങ്ങളെയും പരിശോധിച്ച് സദാചാരപരമോ രാഷ്ട്രീയമോ സൈനികമോ മറ്റെന്തെങ്കിലുമോ കാരണത്താല്‍ എതിര്‍പ്പുള്ള സംഗതികള്‍ തടയുകയും ചെയ്യുമ്പോഴാണ്. മറക്കാനുള്ള അവകാശം ഉണ്ടായാല്‍ ഗവണമെന്റ് അല്ല ഗൂഗിള്‍, യാഹൂ പോലെയുള്ള കോര്‍പ്പറേഷനുകളാണ് സെര്‍ച്ച് റിക്വസ്റ്റിന് എന്തൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കുക. വെബ്‌സൈറ്റില്‍ ചില വിവരങ്ങള്‍ ഉണ്ടാകാമെങ്കിലും അത് സെര്‍ച്ചില്‍ ലഭ്യമാക്കാതെയിരിക്കാം.

ഗൂഗിള്‍ ഈ അവകാശത്തിനായി അമേരിക്കയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ യൂറോപ്പ് തങ്ങള്‍ക്ക് നെല്ലും പതിരും തിരിച്ചറിയാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കി കഴിഞ്ഞു. 1.1 മില്യന്‍ URL-കളില്‍ കൂടുതല്‍ നീക്കം ചെയ്യാനുള്ള 310,000 ലേറെ ആവശ്യങ്ങള്‍ അവര്‍ പരിശോധിച്ച് കഴിഞ്ഞെന്നും അതില്‍ 42 ശതമാനം നീക്കം ചെയ്തുവെന്നുമാണ് ഗൂഗിള്‍ പറയുന്നത്.

ഗൂഗിള്‍ നിഷേധിച്ച ആവശ്യങ്ങളില്‍ ആളുകളുടെ നാണക്കേട് തോന്നിക്കുന്ന എന്നാല്‍ പ്രധാന്യമര്‍ഹിക്കുന്ന വിവരങ്ങള്‍ പെടുന്നു. ഉദാഹരണത്തിന് ഒരു സ്വിസ്സ് ഫിനാന്‍ഷ്യല്‍ പ്രൊഫഷണലിന്റെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റിയുള്ള വാര്‍ത്തയും ലിങ്കുകളും ഗൂഗിള്‍ നീക്കിയില്ല. അയാള്‍ ഇപ്പോഴും ആ ബിസിനസില്‍ തുടരുന്നു. അപ്പോള്‍ അയാളുമായി ഡീല്‍ ചെയ്യേണ്ടവര്‍ക്ക് ഈ വിവരം അറിയേണ്ടിവരും. ബ്രിട്ടനിലെ ഒരു മനുഷ്യന്റെ ജോലിസ്ഥലത്തെ ലൈംഗികപീഡനങ്ങളെപ്പറ്റിയുള്ള വാര്‍ത്തകളും ഗൂഗിള്‍ ഇതേ രീതിയില്‍ മറയ്ക്കാതെയിരുന്നു. കാരണം ഇയാള്‍ ലൈംഗിക കുറ്റങ്ങളെത്തുടര്‍ന്ന് നേരിട്ട പുറത്താക്കലിന്റെ വിവരങ്ങള്‍ അയാളുടെ അടുത്ത തൊഴില്‍ദാതാവില്‍ നിന്ന് മറയ്ക്കുന്നത് ശരിയല്ലല്ലോ.

ഗൂഗിള്‍ അനുവദിച്ച മറവികളും അര്‍ത്ഥവത്താണ്. ജര്‍മനിയിലെ ഒരു ബലാംത്സംഗ ഇര ഈ കുറ്റത്തെപ്പറ്റിയുള്ള പത്രവാര്‍ത്തയുടെ ലിങ്ക് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിലെ ഒരു സ്ത്രീ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒരു ലേഖനത്തില്‍ ഭര്‍ത്താവിന്റെ കൊലപാതകത്തെപ്പറ്റി എഴുതിയിരുന്നതില്‍ അവരുടെ പേര് വരുന്നത് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആളുകള്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്ന ലിങ്കുകളില്‍ ഇരകളെ വീണ്ടും ഇരയാക്കുക എന്നത് ഒഴിവാക്കാനാണ് ഗൂഗിളിന്റെ ശ്രമം.

ആളുകളുടെ വിരല്‍ത്തുമ്പില്‍ ഉള്ള ഈ വിവരങ്ങള്‍ പലപ്പോഴും ആളുകളെ തകര്‍ത്തുകളയുന്നവയാകാം. ഇവ സാമ്പത്തിക-സാമൂഹികാവസരങ്ങള്‍ ഇല്ലാതാക്കുന്നത് അനീതിയുമാകാം. സെര്‍ച്ച് റിസള്‍ട്ട് എത്രത്തോളം പ്രധാനമാകുന്നോ അത്രത്തോളം അത് വിശ്വസനീയവുമാകുന്നു എന്നതാണ് സത്യം. അതില്‍ ശരി എത്രയാകിലും.

ഉദാഹരണത്തിന് അപകടകാരിയായ കാമുകനില്‍ നിന്ന് രക്ഷപെടാനായി ഫ്‌ളോറിഡയിലെ ഒരു ഡോക്ടര്‍ മുറി പൂട്ടിയിരുന്നു. അവന്‍ പൂട്ട് തകര്‍ത്തപ്പോള്‍ അവള്‍ നഖം കൊണ്ട് അവന്റെ നെഞ്ചില്‍ മാന്തി. അവള്‍ കത്തി ഉപയോഗിച്ചുവന്നു അവന്‍ പോലീസിനോട് പറഞ്ഞു. പോലീസ് രണ്ടാളെയും അറസ്റ്റ് ചെയ്തു. മാരകായുധം ഉപയോഗിച്ചതിന് അവള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ആ കേസ് ചാര്‍ജ് ഉടന്‍ തന്നെ നീങ്ങിയെങ്കിലും ആയിരക്കണക്കിന് ഡോളര്‍ പല വെബ്‌സൈറ്റുകള്‍ക്ക് കൊടുത്ത ശേഷമാണ് അവളുടെ മഗ്‌ഷോട്ട് അവര്‍ നീക്കിയത്.

മധ്യവയസ്‌കയായ ഒരു സ്‌കൂള്‍ ഗൈഡന്‍സ് കൗണ്‍സിലര്‍ ജോലി കിട്ടിയപ്പോള്‍ തന്റെ കൗമാരകാലത്ത് അടിവസ്ത്രത്തിന്റെ മോഡല്‍ ആയിട്ടുണ്ട് എന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ഫോട്ടോകള്‍ വെബ്ബില്‍ എത്തിയപ്പോള്‍ അവരുടെ ജോലി പോയി. ആ ഫോട്ടോകള്‍ക്ക് അവരുടെ ജോലിയുമായി ബന്ധമുണ്ടോ എന്നൊന്നും ആരും നോക്കിയില്ല.

കാലക്രമത്തില്‍ ഒരാള്‍ തെറ്റ് ആവര്‍ത്തിക്കുന്നില്ല എന്നു കണ്ടാല്‍ അയാളെപ്പറ്റിയുള്ള വിവരങ്ങള്‍ അപ്രസക്തമാകണമെന്നു യുഎസ് നിയമം ഇപ്പോള്‍ തന്നെ തിരിച്ചറിയുന്നുണ്ട്. ഫെയര്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ആക്ട് പ്രകാരം കടങ്ങള്‍, സിവില്‍ ലോ സ്യൂട്ടുകള്‍, നികുതി മുടക്കങ്ങള്‍ തുടങ്ങിയവയിലെ അറസ്റ്റ് പോലും ഏഴുവര്‍ഷത്തിന് ശേഷം പ്രാധാന്യം ഇല്ലാതാകേണ്ടതും ക്രെഡിറ്റ് റിപ്പോര്‍ട്ട്കളില്‍ നിന്ന് ഒഴിവാക്കേണ്ടതുമാണ്.

ഇത് തന്നെയാണ് ഗൂഗിളിന്റെയും ആശയം. പത്തുവര്‍ഷം മുമ്പ് ഒരു ചെറിയ കുറ്റകൃത്യം ചെയ്ത ഒരു ടീച്ചര്‍ കമ്പനിയെ സമീപിച്ചപ്പോള്‍ അവര്‍ അയാളുടെ പേരില്‍ ഉള്ള ഒരു വാര്‍ത്തയുടെ ലിങ്ക് നീക്കി. എന്നാല്‍ പൊതുവ്യക്തികള്‍ മറ്റൊരു കഥയാണ്. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ തന്റെ പഴയ കുറ്റത്തെപ്പറ്റിയുള്ള ലിങ്ക് മറക്കാന്‍ അവശ്യപ്പെട്ടപ്പോള്‍ ഗൂഗിള്‍ അത് നിരസിച്ചു.

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യവിവരങ്ങളുടെ അര്‍ത്ഥവത്തായ ഉപയോഗം സാധ്യമാക്കാനാണ് ഇതെന്നാണ് പ്രൈവസി പ്രിന്‍സിപ്പിള്‍സില്‍ ഗൂഗിള്‍ പറയുന്നത്. ഇത് പാലിക്കുക ഗൂഗിള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണ്.

ഓണ്‍ലൈന്‍ സെര്‍ച്ചില്‍ നിന്നാണ് ഗൂഗിള്‍ പണമുണ്ടാക്കുന്നത്. ആളുകളുടെ ജീവിതത്തിലെ വിവരങ്ങള്‍ ക്ലിക്കിനും പണത്തിനും വേണ്ടി ഉപയോഗിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ഗൂഗിളിനുണ്ട്.

കാറ്റ്‌സ്വാരസിന്റെ കുടുംബത്തിനും മറ്റുള്ളവര്‍ക്കും തങ്ങളുടെ കുടുംബങ്ങള്‍ പീഢിപ്പിക്കപ്പെടാതിരിക്കാനുള്ള അവകാശമുണ്ട്. പബ്ലിക് ഡൊമൈനില്‍ ഇല്ലായിരുന്ന ചിത്രങ്ങളും വിവരങ്ങളും നീക്കാനും അവകാശം വേണം. അവര്‍ക്ക് ഭൂതകാലത്തെ മൂടി മുന്നോട്ടു പോകാനുള്ള അവകാശമുണ്ട്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

This post was last modified on September 18, 2015 7:18 am