X

മോദി പറഞ്ഞ മൂന്നാം കണ്ണ് നടേശനോ?

കെ എ ആന്റണി

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രസംഗം കേട്ട് നമ്മുടെ വെള്ളാപ്പള്ളി നടേശന്‍ കോരിത്തരിച്ചിട്ടുണ്ടാകണം. കാരണം മോദിജി പറഞ്ഞത് കേരളത്തില്‍ വെള്ളാപ്പള്ളി ഭാരത്‌ ധര്‍മ്മജന സേനയും ബിജെപിയും ചേര്‍ന്ന മൂന്നാം മുന്നണി സാക്ഷാല്‍ പരമേശ്വരന്റെ തൃക്കണ്ണ് ആണെന്നാണ്. കേരളത്തിലെ ഇരുമുന്നണികളിലേയും സമസ്ത മേഖലയിലും കടന്നു കൂടിയിട്ടുള്ള അഴിമതിയേയും ചുട്ടു ഭസ്മമാക്കാന്‍ പോകുന്ന തൃക്കണ്ണ്. മൂന്നാം കണ്ണ് പരമശിവന്റേത് ആകുമ്പോള്‍ ആ കണ്ണിന്റെ ഉടമയാകാന്‍ ബിജെപിയേക്കാള്‍ എന്തു കൊണ്ടും യോഗ്യന്‍ വെള്ളാപ്പള്ളി നടേശന്‍ തന്നെ. അദ്ദേഹത്തിന്റെ പേര് തന്നെ സാക്ഷാല്‍ പരമശിവന്റെ പര്യായപദങ്ങളില്‍ ഒന്നായ നടരാജന്‍ അഥവാ നടേശന്‍ എന്നാണല്ലോ. പോരെങ്കില്‍ പണ്ട് കാമദേവനെ ഭസ്മമാക്കും മുമ്പ് പരമശിവന്‍ ആടിത്തിമിര്‍ത്ത താണ്ഡവ നൃത്തം നമ്മുടെ നടേശന്‍ ഇപ്പോള്‍ തന്നെ ആടി തുടങ്ങിയിട്ടുണ്ട്. ഇനി ആ തൃക്കണ്ണ് തുറക്കുകയേ വേണ്ടു. അതോടെ എല്ലാം ഭസ്മം. എന്നാല്‍ നമ്മുടെ നടേശന്‍ പരമേശ്വരന്റെ അവതാരമാണോ അതോ അദ്ദേഹത്തില്‍ നിന്ന് വരം ലഭിച്ച ഭസ്മാസുരന്‍ ആണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അദ്ദേഹത്തിന്റെ ചില നേരത്തെ വാക്കും പ്രവര്‍ത്തിയും തന്നെയാണ് ഇങ്ങനെയൊരു സംശയത്തിന് ഇട നല്‍കുന്നത്.

ആര്‍ ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനത്തിന് ആദ്യം മുഖ്യമന്ത്രിയെ ക്ഷണിക്കുകയും പിന്നീട് ക്ഷണം പിന്‍വലിക്കുകയും ചെയ്ത വെള്ളാപ്പള്ളി അന്ന് പറഞ്ഞത് മുഖ്യമന്ത്രി ചടങ്ങില്‍ സംബന്ധിക്കുന്നതിനോട് ചില കേന്ദ്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നു, മുഴുവന്‍ ഉത്തരാവാദിത്വവും താന്‍ ഏറ്റെടുക്കുന്നുവെന്ന്. മുഖ്യമന്ത്രി വിഷയത്തില്‍ മാത്രമല്ല. അടുത്തകാലത്തായി അദ്ദേഹത്തിന് ഇരട്ട ചങ്കു കൂടി ലഭിച്ചതോടെ ആകെ മൊത്തത്തില്‍ എന്തോ ഒരു വെപ്രാളം പിടിപെട്ട മട്ടുണ്ട്.

അതൊക്കെ എന്തുമാകട്ടെ, നമ്മുടെ നടേശന്‍ പരമശിവന്റെ അവതാരമാണെങ്കില്‍ എല്ലാം ഭസ്മം ആക്കിയതിനുശേഷമേ കലിയടങ്ങുവെന്നത് നൂറ്റൊന്നുതരം. അങ്ങനെ വന്നാല്‍ കാമദേവനെ പുനര്‍ജനിപ്പിക്കുന്നതിനുവേണ്ടി പണ്ട് ദേവ സുന്ദരികള്‍ പതിനാല് ലോകങ്ങളിലും പതിനാല് നിറങ്ങളില്‍ പാടിയാടിയത് പോലെ ഒരു നൃത്തം ആടേണ്ടി വരും. അതിന് നമ്മുടെ ഇടത് വലത് മുന്നണിക്കാര്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ല. പയ്യന്നൂരില്‍ നിന്നോ നീലേശ്വരത്ത് നിന്നോ പൂരക്കളിക്കാരെ ഇറക്കിയാല്‍ മതിയാകും. കാമദേവനെ പുനര്‍ജനിപ്പിക്കുന്നതിനുവേണ്ടി ദേവസുന്ദരികള്‍ ആടി നൃത്തം അല്‍പം കളരി മുറകള്‍ കൂടി ചേര്‍ത്ത് കളിക്കുന്ന കളിയാണല്ലോ പൂരക്കളി.

ഇനിയിപ്പോള്‍ ഭസ്മാസുരന്‍ ആണെന്ന് തന്നെ വയ്ക്കുക അപ്പോള്‍ അസുരനെ നിഗ്രഹിക്കാന്‍ ഒരു മോഹിനിയെ കണ്ടുപിടിക്കേണ്ടി വരും. ഇക്കാലത്ത് അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

മോദിജി പറഞ്ഞത്, കേരളത്തിലെ ഇരുമുന്നണിക്കാരും അഴിമതിക്കാരാണ് എന്നാണ്. ആദ്യത്തെ അഞ്ചുവര്‍ഷം ഒരു മുന്നണി ഭരണത്തില്‍ ഇരുന്ന് കട്ടുമുടിക്കും. പൊറുതി മുട്ടുമ്പോള്‍ ജനം അവരെ താഴെ ഇറക്കി രണ്ടാമത്തെ മുന്നണിയെ അധികാരത്തിലേറ്റും. അവരും നാടും കട്ടുമുടിക്കും. പിന്നെ അവരെ താഴെ ഇറക്കി ആദ്യത്തെ മുന്നണിയെ കൊണ്ടുവരും. കേരളത്തില്‍ കാലാകാലങ്ങളിലായി തുടര്‍ന്ന് വരുന്ന ഈ സര്‍ക്കസിന് ഇനിയിപ്പോള്‍ അറുതി വരാന്‍ പോകുന്നുവെന്നാണ് മോദിജി ദീര്‍ഘദര്‍ശനം ചെയ്തിരിക്കുന്നത്. ഈ മാറ്റത്തിന് സൂചനയായി അദ്ദേഹം കാണുന്നത് കേരളത്തില്‍ അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉണ്ടായ മുന്നേറ്റം തന്നെ.

അഴിമതിയാകുന്ന ദൂര്‍ഭൂതത്തെ ചുട്ടുകരിക്കുക എന്നത് തന്നെയാണ് പ്രധാനലക്ഷ്യം. അതിന് ആദ്യമായി ചെയ്യേണ്ടത് കേരളത്തില്‍ അധികാരം കൊയ്യുക എന്നതാകുന്നു. മാറുന്ന ജനമനസ് വ്യക്തമാക്കുന്നത് അതിനിനി ഏറെ കാത്തിരിക്കേണ്ടി വരിന്നില്ലെന്നാണ് കൂടി മോദിജി പറഞ്ഞുവയ്ക്കുന്നു.


രാജ്യത്ത് എവിടെയും എന്നത് പോലെ തന്നെ കേരളത്തിലും അഴിമതി കൊടികുത്തി വാഴുകയാണ്. ഇതിന് ഒരു മാറ്റം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. എന്ന് കരുതി അഴിമതി തുടച്ചു മാറ്റാന്‍ ബിജെപിയും വെള്ളാപ്പള്ളിയുടെ ബിഡിജെഎസും നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിക്കാകുമോ? ഇനി മറ്റൊരു കാര്യം. അഴിമതിയെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന ഒരു സംശയം ഉണ്ട്. ബിജെപി അഴിമതി രഹിതമാണോയെന്നതാണ് ആ സംശയം. എംഎല്‍എമാരേയും എംപിമാരേയും ഒക്കെ പണം നല്‍കി കാല് മാറ്റിച്ച കഥകളൊക്കെ പഴയതാണ്. വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ കേരളത്തില്‍ പെട്രോള്‍ പമ്പ് അനുവദിച്ചതില്‍ ലഭിച്ച അഴിമതി പണം പങ്കിട്ടതിനെ ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായ തര്‍ക്കവും ഒരു ദശാബ്ദം പഴക്കമുള്ളതാണ്. ഐപിഎല്‍ അഴിമതി കേസിലെ മുഖ്യപ്രതി ലളിത് മോദിയെ കേന്ദ്ര മന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും ഒക്കെ വഴിവിട്ട് സഹായിച്ചതിന്റെ കഥ ഈ അടുത്ത കാലത്താണല്ലോ പുറത്ത് വന്നത്. അങ്ങനെ വരുമ്പോള്‍ അഴിമതി നിര്‍മ്മാര്‍ജ്ജന ദൗത്യം ജനം ബിജെപിയെ ഏല്‍പ്പിക്കുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ട്. പ്രത്യേകിച്ച് മൈക്രോ ഫൈനാന്‍സ് തട്ടിപ്പിന്റെ പേരില്‍ അന്വേഷണം നേരിടുന്ന വെള്ളാപ്പള്ളി കൂടെ നില്‍ക്കുമ്പോള്‍ പോരെങ്കില്‍ ബിജെപിയും വെള്ളാപ്പള്ളിയും സഖ്യകക്ഷിയാക്കാന്‍ ഉദ്ദേശിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയും ഇപ്പോള്‍ ഒരു അഴിമതി കേസില്‍പ്പെട്ട് രാജി വച്ച് പുറത്ത് നില്‍ക്കുകയും ആണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


This post was last modified on December 15, 2015 11:16 am