X

ഇവന്റെ കണ്ണീരില്‍ കാശ്മീര്‍ ജനതയുടെ മുഴുവന്‍ വേദനയുമുണ്ട്

ഈ കാശ്മീരി ബാലന്റെ ചിത്രം കഴിഞ്ഞ ഒരാഴ്ച മേഖലയിലെ ജനങ്ങള്‍ അനുഭവിച്ച നരകയാതനയുടെ വ്യാപ്തി വെളിവാക്കുന്നതാണ്

ആയിരം വാക്കുകളേക്കാള്‍ കരുത്തുണ്ട് ഈയൊരു ചിത്രത്തിന്. കണ്ണീരൊഴുക്കി വേദനയോടെ നില്‍ക്കുന്ന ഈ കാശ്മീരി ബാലന്റെ ചിത്രം കഴിഞ്ഞ ഒരാഴ്ച മേഖലയിലെ ജനങ്ങള്‍ അനുഭവിച്ച നരകയാതനയുടെ വ്യാപ്തി വെളിവാക്കുന്നതാണ്.

സൈന്യവും ഭീകരരും തമ്മില്‍ തെക്കന്‍ കാശ്മീരിലെ പുല്‍വാലയിലെ പദ്ഗമ്പോറയിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കൗമാരക്കാരന്റെ സംസ്‌കാര ചടങ്ങിനിടെയാണ് ഈ ചിത്രം പകര്‍ത്തപ്പെട്ടത്. ചൈനയിലെ ടിയാമെന്‍ സ്‌ക്വയറില്‍ ടാങ്കുകളുടെ നീണ്ട നിരയെ തടയാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരന്റെ ചിത്രത്തോളമോ സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ മാതാപിതാക്കള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കവേ കടലില്‍ വീണ് മരിച്ച അയ്‌ലാന്‍ കുര്‍ദ്ദിയുടെ ചിത്രത്തോളമോ ശക്തമായ ചിത്രമായാണ് ഇന്ന് ലോകം ഈ ചിത്രത്തെ കണക്കാക്കുന്നത്.

ഒമ്പതുവയസ്സുകാരനായ ബുര്‍ഹാന്‍ ഫയാസ് ആണ് ഈ കുട്ടി. തന്റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍ അമീറിനെ നഷ്ടമായപ്പോള്‍ വേദന കരച്ചിലായി ഈ കുട്ടിയില്‍ നിന്നും പുറത്തുവരുമ്പോഴാണ് ബുര്‍ഹാന്‍ ക്യാമറക്കണ്ണുകളില്‍ പതിയുന്നത്. സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയപ്പോള്‍ ഭീകരരെ രക്ഷപ്പെടുത്താനായി ഏറ്റുമുട്ടല്‍ നടക്കുന്നിടത്തേക്ക് ഓടിയടുത്ത ഗ്രാമീണരില്‍ അമീറും ഉള്‍പ്പെട്ടിരുന്നു. സൈന്യത്തിന് നേരെ കല്ലെറിഞ്ഞും മറ്റും ഗ്രാമീണര്‍ ഭീകരരെ സഹായിക്കുന്നത് ഇപ്പോള്‍ കാശ്മീരിലുണ്ടായിരിക്കുന്ന പുതിയ പ്രവണതയാണ്. ഭീകരവേട്ടയുടെ പേരില്‍ സൈന്യം കശ്മീര്‍ മേഖലയില്‍ നടത്തുന്ന കൊടിയ ക്രൂരതകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ഭീകരര്‍ക്കുള്ള പിന്തുണയായി രൂപംകൊള്ളുന്നത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമീര്‍ കഴുത്തില്‍ ബുള്ളറ്റ് തറച്ചാണ് മരിച്ചത്. വഴിതെറ്റിയ ബുള്ളറ്റ് തറച്ചതാണെന്ന് പോലീസ് പറയുമ്പോള്‍ അമിറിനെ സൈന്യം ലക്ഷ്യം വയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബുര്‍ഹാന്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഗ്രാമീണരാണ് അമീറിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തുനിന്നും നാല് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇവരുടെ ബീഗംബാഗ് ഗ്രാമത്തിലേക്കുള്ളത്.

അമീര്‍ തനിക്ക് ചേട്ടനെ പോലെയായിരുന്നെന്നും എപ്പോഴും തനിക്കൊപ്പം കളിക്കുമായിരുന്നെന്നും ബുര്‍ഹാന്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഈ ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെ പലരും ഇതില്‍ ആകൃഷ്ടരാകുകയും പാകിസ്ഥാനി കവിത ഫയിസ് അഹമ്മദ് ഫയിസ് ഉള്‍പ്പെടെ പലരും കവിതകള്‍ എഴുതുക പോലും ചെയ്തു.

This post was last modified on March 16, 2017 4:09 pm