X

രാജ്യദ്രോഹക്കുറ്റം; ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചന; അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ പറയുന്നു

ചാമ്പ്യന്‍സ് ട്രോഫിയിലെ പാക് വിജയം ആഘോഷിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ 15 പേരെയാണ് അറസ്റ്റ് ചെയ്തത്

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ കിരീടവിജയം ആഘോഷിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ 15 പേരെ അറസ്റ്റ് ചെയ്തതും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങള്‍ക്കെതിര നടന്നുവരുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

മധ്യപ്രദേശിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ ബുര്‍ഹന്‍പൂരില്‍ നിന്നാണ് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിജയാഘോഷത്തിന്റെ ഭാഗമായി ആളുകള്‍ മാര്‍ച്ച് നടത്തുകയും പാക് അനുകൂലവും ഇന്ത്യ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്‌തെന്നാണ് കേസിനാധാരമായി പറയുന്ന കുറ്റം. ജീവപര്യന്തവും തടവുമാണ് രാജ്യദ്രോഹത്തിനു കിട്ടുന്ന ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി തടവ് അനുഭവിക്കണം. പിടിച്ചുകൊണ്ടുപോയവരില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവരെയിപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഞങ്ങള്‍ക്കെതിരേയുള്ള ഗൂഢാലോചനയാണിത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത് ഞങ്ങളുടെ ജീവിതം തകര്‍ക്കാന്‍ വേണ്ടിയാണ്; ബുര്‍ഹന്‍പൂര്‍ സ്വദേശിയായ യൂസഫ് തദ്വി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു. തദ്വിയുടെ രണ്ട് അനന്തിരവന്മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് പറയുന്നത് തങ്ങള്‍ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്നാണ്. പാകിസ്താന്‍ അനുകൂലമുദ്രാവാക്യം വിളിച്ചാണ് മുസ്ലിം യുവാക്കള്‍ പാക് വിജയം ആഘോഷിച്ച് മാര്‍ച്ച് നടത്തിയത്. ഇന്ത്യവിരുദ്ധ പരാമര്‍ശങ്ങളും അവരില്‍ നിന്നുണ്ടായി. ഇതിനെതിരേ പ്രദേശവാസിയായ സുഭാഷ് ലക്ഷ്മണ്‍ കോലിയാണ് പരാതി നല്‍കിയത്. ഉടന്‍ തന്നെ കുറ്റാരോപിതര്‍ക്കെതിരേ ഞങ്ങള്‍ നടപടിയെടുക്കുകയായിരുന്നു; ജില്ല പൊലീസ് സൂപ്രണ്ടന്റ് ആര്‍ആര്‍എസ് പരിഹാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു.

പക്ഷേ ബന്ധുക്കള്‍ പൊലീസിന്റെ ആരോപണം നിഷേധിക്കുകയാണ്. പിടികൂടിയവരാരും പാക് വിജയം ആഘോഷിച്ചവരല്ല. മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ അറസ്റ്റുകളുമെന്നാണ് അവര്‍ പറയുന്നത്.

രാത്രി പത്തരയോട് പൊലീസ് ഞങ്ങളുടെ വീട് വളഞ്ഞു. അവര്‍ വീടിനകത്തു കയറി പരിശോധിക്കുകയും ഞങ്ങളുടെ മകന്‍ മെഹമൂദിനെ പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. കൊണ്ടുപോകുന്നവഴിയെല്ലാം അവര്‍ അവനെ തല്ലി. ഞങ്ങളാരും പാകിസ്താന്റെ വിജയം ആഘോഷിച്ചിരുന്നില്ല; റഫീഖ് ഇമാം പറയുന്നു. റഫീഖിന്റെ 25 കാരനായ മകന്‍ മെഹമ്മൂദും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

അവര്‍ ഞങ്ങളുടെ ഗ്രാമങ്ങളില്‍ രണ്ടു മതവിഭാഗങ്ങളെയും തമ്മില്‍ പിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്; റഫീഖ് കുറ്റപ്പെടുത്തുന്നു.

പൊലീസ് ഞങ്ങളുടെ ഗ്രാമത്തില്‍ ഭീകരത നിറച്ചിരിക്കുകയാണ്. എല്ലാ മുസ്ലിം കുടുംബങ്ങളില്‍ നിന്നും അവരുടെ ആണ്‍മക്കളെ ഒളിപ്പിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ഭയമാണ്. പൊലീസ് കൈയില്‍ കുട്ടിന്നവരെയാണ് പിടികൂടുന്നത്; റഷീദ് എന്ന സ്ഥലവാസി പറയുന്നു.

എന്നാല്‍ മുസ്ലിം കുടുംബങ്ങളുടെ ആരോപണം വിഡ്ഡിത്തമാണെന്നാണ് പൊലീസ് പറയുന്നത്. അവര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനും മാര്‍ച്ചിനിടയില്‍ പ്രധാനറോഡിലടക്കം സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ചതിനുമാണ് ഞങ്ങള്‍ നടപടിയെടുത്തത്; പൊലീസ് സൂപ്രണ്ട് പരിഹാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.

സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്നതു വ്യാജാരോപണമാണെന്നു അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറയുന്നു. പക്ഷേ ദൃക്‌സാക്ഷികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് പ്രതിനിധികള്‍ ദൃക്‌സാക്ഷികള്‍ എന്നു പറയുന്നവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ ഭയമാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.

തന്റെ അനിയന്‍ ഇദ്വാര്‍ ഗുല്‍സാര്‍(20) അത്താഴം കഴിച്ചശേഷം പുറത്തേക്കിറങ്ങിയപ്പോഴാണ് പൊലീസ് പിടിച്ചുകൊണ്ടുപോയതെന്നും പൊലീസിന്റെ നാടകമാണ് എല്ലാമെന്നു വ്യക്തമാണെന്നും ഗുല്‍ഷീര്‍ ഗുല്‍സാര്‍ പറയുന്നു.

ബുര്‍ഹന്‍പൂര്‍, ഖണ്ഡ്വ, തുടങ്ങിയ മുസ്ലിം ഭൂരിപക്ഷമേഖലകളിലായി ഭരണകൂടം ഞങ്ങളുടെ സമുദായത്തിലെ യുവാക്കളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ചെയ്യാത്ത കുറ്റങ്ങള്‍ക്ക് കടുത്ത വകുപ്പുകള്‍ ചുമത്തി അവരെ അകത്താക്കുകയാണ്. മുസ്ലിം സമുദായത്തിന് നല്‍കുന്ന തെറ്റായ സന്ദേശമാണിത്; പ്രാദേശിക മുസ്ലിം സംഘടന നേതാവായ മസൂദ് അഹമദ് ഖാന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറയുന്നു.

മധ്യപ്രദേശില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് നടക്കുന്നത് ഇതാദ്യത്തെ സംഭവമല്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

2016 ജൂലായില്‍ ഷഹ്‌ദോള്‍ ജില്ലയിലെ ബുദ്ധര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യമനേജ്‌മെന്റ് സ്‌കൂള്‍ അധികൃതര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകശ്മീര്‍ തെറ്റായരീതിയില്‍ അടയാളപ്പെടുത്തി എന്നതായിരുന്നു കാരണം. 2015 ഡിസംബറില്‍ ദഹര്‍ മേഖലയില്‍ നിന്നും ആറുപേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഹിന്ദുക്കളുടെ ഘോഷയത്രയ്ക്കിടയില്‍ ഛത്രപതി ശിവജിയെ അപമാനിച്ചു എന്ന കുറ്റത്തിനാണ്.

പാക് വിജയത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 22 കാരനായ മെഹ്ബൂദ് അലിക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പാകിസ്താന്‍ ടീമിന്റെ ബാളിംഗ് ആക്രമണത്തെയും അവരുടെ വിജയത്തെയും കുറിച്ച് എഴുതിയെന്നതാണ് അലിക്കെതിരേയുള്ള കുറ്റം. പാകിസ്താന്റെ മാരകമായ ബാളിംഗ് ആക്രമണമാണ് ടീം ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഈ പരാജയം ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈദ് ആഘോഷംപോലെയാണ് പാകിസ്താന് ഈ വിജയവും. ഞാന്‍ പോയി എന്റെ ഭക്ഷണം കഴിക്കട്ടെ. ഈ സമയം ഇന്ത്യന്‍ ആരാധകര്‍ അവരവരുടെ വീട്ടിലിരുന്ന് ഫെയ്‌സ്ബുക്കില്‍ അവര്‍ക്കുള്ള രോഷം തീര്‍ക്കുകയായിരിക്കും; അലിയുടെ പോസ്റ്റ് ഇതായിരുന്നുവെന്നു പൊലീസ് പറയുന്നു.

ജനങ്ങളുടെ വികാരത്തെ ഹനിക്കുന്നതും പ്രദേശത്ത് കാലൂഷ്യം നിറയ്ക്കുന്ന തരത്തിലുമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അലിയെ അറസ്റ്റ് ചെയ്തതെന്നു ഷോപൂര്‍ കോട്വാലി ടൗണ്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ ഖേമാരിയ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു.

This post was last modified on June 21, 2017 6:12 pm