X

തോമസ് പികേറ്റി കാണാതെ പോയ മൂലധനം

വിക്ടോറിയ സ്റ്റില്‍വെല്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)


സാമ്പത്തിക മൂലധനത്തില്‍ നിന്നും ധനികര്‍ അന്യായമായ ലാഭം കൊയ്യുന്നു എന്നു വാദിച്ചുകൊണ്ട് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പികേറ്റി ഒരു ആഗോള സംവാദത്തിനാണ് തിരികൊളുത്തിയത്. പക്ഷേ, അദ്ദേഹം സംഭവത്തിന്റെ മാനവികവശം കാണാതെ പോയിരിക്കാം.

മൂലധനത്തെ നിര്‍വ്വചിക്കുമ്പോള്‍ “ഒരു വ്യക്തിയുടെ അധ്വാനശക്തി, വൈദഗ്ദ്ധ്യം, പരിശീലനം, ശേഷികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന” തരങ്ങളെ പികേറ്റി ഒഴിവാക്കുന്നു. കാരണം അദ്ദേഹത്തിന്റെ വന്‍വില്‍പ്പന നേടിയ പുതിയ പുസ്തകം,“Capital in the Twenty-First Century” പറയുന്ന പ്രകാരം, അവ സ്വന്തമാക്കാനോ, വിപണിയില്‍ വില്‍ക്കാനോ കഴിയില്ല.

ഇത്തരം മാനവ മൂലധനത്തിന്റെ വിതരണം, ഇപ്പോള്‍ കൂടുതല്‍  ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു മേഖലയാണ്. പണം കൊണ്ട് വാങ്ങാന്‍ കഴിയുന്നതിന്റെ അടിസ്ഥാനത്തില്‍ വളരെ നേരത്തെ തന്നെ അകലം കൂടിവരുന്നു എന്നു ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പല മുന്‍തൂക്കങ്ങളും കിട്ടാതെ പോകുന്നു. ബുദ്ധിവികാസവുമായി ബന്ധമുള്ള തങ്ങളുടെ അച്ഛനമ്മമാരോടൊപ്പമുള്ള സമയം, പ്രാഥമിക വിദ്യാഭ്യാസം, പരീക്ഷയിലെ ഉയര്‍ന്ന വിജയവും, ഉയര്‍ന്ന വരുമാനവും എല്ലാം കിട്ടാതെ പോകുന്നു എന്ന് സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാല വിദ്യാഭ്യാസ, സാമൂഹ്യശാസ്ത്ര വിഭാഗം അദ്ധ്യാപകന്‍ സീന്‍ റിയര്‍ഡന്‍ പറയുന്നു.

“തങ്ങളുടെ ജ്ഞാനഗ്രാഹ്യ ശേഷികള്‍ വികസിപ്പിക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ താഴ്ന്ന വരുമാനക്കാരായ കുട്ടികള്‍ക്ക് മിക്കപ്പോഴും കിട്ടാതെ പോകുന്നു,”റിയര്‍ഡന്‍ പറഞ്ഞു. “ജ്ഞാനഗ്രാഹ്യ ശേഷിവികാസത്തിലെ ഇത്തരം വ്യത്യാസങ്ങള്‍ രൂപപ്പെടുക ആദ്യവര്‍ഷങ്ങളിലാണ്, അവ എക്കാലത്തേക്കും നിലനില്‍ക്കുകയും ചെയ്യും.”

ഉയര്‍ന്ന നിലവാരത്തിലുള്ള കുട്ടിക്കാല കളിവിദ്യാലയങ്ങളും(preschool), എങ്ങനെ നല്ല അദ്ധ്യാപകരാകാം എന്ന് മാതാപിതാക്കള്‍ക്കു വഴികാണിക്കാനുള്ള ഗൃഹ സന്ദര്‍ശനവും ഒരു ശരാശരി മനുഷ്യന്റെ ജീവിതകാല സമ്പാദ്യത്തില്‍ $89,000 കൂടുതലായി നല്‍കുന്നു. ചെലവ് ഒരു കുട്ടിക്ക് ശരാശരി $11,600 (Brookings Institution).

ഈ പരിപാടികളുടെ കൂടെ വിദ്യാലയത്തിലെയും, കൌമാരത്തിലെയും കൊഴിഞ്ഞുപോക്ക് തടയാനുള്ള പദ്ധതികളും, വായനാ ശേഷിയും, സാമൂഹ്യ വിദ്യാഭ്യാസവും വളര്‍ത്താനുള്ള പരിപാടികളും കൂടിയാകുമ്പോള്‍ ജീവിതകാല സമ്പാദ്യത്തിലെ വര്‍ദ്ധന ഏതാണ്ട് $205,200 ആകും. ചെലവാകട്ടെ $21,100.

1987-ലെ സാമ്പത്തികശാസ്ത്ര നോബല്‍ സമ്മാന ജേതാവ് റോബര്‍ട് സോളോയുടെ അഭിപ്രായത്തില്‍, സാക്ഷരത കൂട്ടുകയും, ഗണിത, ജ്ഞാനഗ്രാഹ്യ ശേഷികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് സമ്പത്തിന്റെ അസന്തുലിതാവസ്ഥയെ പരിഹരിക്കാനല്ലെങ്കിലും ചെറുതായൊന്ന് മയപ്പെടുത്താന്‍ കഴിയും.

“സമ്പത്തിന്റെയും, മൂലധനത്തിന്റെയും വിതരണം കൂടുതല്‍ തുല്യമാക്കുക എന്നത് നല്ല കാര്യമാണ്, പക്ഷേ വളരെ വിഷമം പിടിച്ച ഒന്നാണ്,” പികേറ്റി കൂടി പങ്കെടുത്ത വാഷിംഗ്ടണില്‍ നടന്നൊരു ചടങ്ങില്‍ സോളോ പറഞ്ഞു. മറിച്ച് മാനവ മൂലധനത്തിന്റെ വിതരണം ശരിയാക്കല്‍ “വളരെ മൂല്യവത്തായ ഒന്നാണ്. വേണ്ടതുമാണ്.തോമസ് മാനവ മൂലധനത്തെക്കുറിച്ച് അധികം പറയുന്നില്ല. അതുകൂടി ചെയ്താല്‍ ആ പുസ്തകം എടുത്തു പൊക്കാന്‍ പറ്റാതാകും,” പികേറ്റിയുടെ 700 പുറം വരുന്ന പുസ്തകത്തെ പരാമര്‍ശിക്കവേ സോളോ പറഞ്ഞു.

അസമത്വത്തെ മനസ്സിലാക്കുന്നതില്‍ മാനവ മൂലധനം വളരെ ‘നിര്‍ണ്ണായകമാണ്’ എന്നു ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി പികേറ്റി എഴുതി. “അടുത്ത തവണ ഞാന്‍ ഇതിലും വലിയൊരു പുസ്തകം എഴുതും.”

വരുമാന അസമത്വത്തെ ‘നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന്’ വിശേഷിപ്പിക്കുന്ന പ്രസിഡണ്ട് ബരാക് ഒബാമ, നേട്ടങ്ങളിലെ വിടവ് കുറക്കാനായി സാര്‍വ്വലൌകിക കുട്ടിക്കാല കളിവിദ്യാലയങ്ങള്‍ക്കായി (preschool) ശ്രമിക്കുകയാണ്. ആദ്യകാല വിദ്യാഭ്യാസത്തിന് കുട്ടികളുടെ പിന്നീടുള്ള ഉത്പാദന ക്ഷമതയിലും, വരുമാനത്തിലും വലിയ പങ്കാണുള്ളതെന്ന് പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിലെ അംഗം ബെറ്റ്സീ സ്റ്റീവന്‍സന്‍ പറഞ്ഞു.

സമ്പന്നരായ കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഒരു മേല്‍ക്കൈ ഉണ്ടാക്കികൊടുക്കാന്‍ എത്രമാത്രം ഉത്സുകരാണെന്നതിന് കുട്ടികല്‍ക്കുള്ള ഒരു  പകല്‍നോട്ട കേന്ദ്രത്തിന്റെ ഉടമയായ വെര്‍ണ എസ്പോസിറ്റോ സാക്ഷിയാണ്.

“ഞങ്ങളുടെ കാത്തിരിപ്പ് പട്ടികയിലെ കുടുംബങ്ങളില്‍ ഇനിയും ഗര്‍ഭം ധരിക്കാത്തവര്‍ വരെയുണ്ട്.” 6 ആഴ്ചയോ അതില്‍ക്കൂടുതലോ പ്രായമുള്ള കുട്ടികളുടെ വാര്‍ഷിക നോട്ട/പഠന തുക $21,000-ത്തിലാണ് തുടങ്ങുന്നത്. കഴിഞ്ഞ 3 വര്‍ഷമായി കാത്തിരിപ്പ് പട്ടിക പ്രതിവര്‍ഷം 25% ഉയരുകയാണ്.

കുട്ടിക്കാല കളിവിദ്യാലയങ്ങളുടെ മികവ് അളക്കാനുള്ള മാനദണ്ഡങ്ങള്‍ നിരവധിയാണ്. സമഗ്രമായ ആദ്യ പഠന നിലവാരങ്ങള്‍, പരമാവധി ഒരു മുറിയില്‍ 20 കുട്ടികള്‍, ചുരുങ്ങിയത് ബിരുദമെങ്കിലുമുള്ള അദ്ധ്യാപകര്‍ എന്നിവ അതില്‍ ഉള്‍പ്പെടും. ഒരു നേരത്തെങ്കിലും ഭക്ഷണം നല്കണം,കാഴ്ച, കേള്‍വി, ആരോഗ്യ പരിശോധനകള്‍, മാതാപിതാക്കള്‍ക്കുള്ള ബോധനപ്രക്രിയ, ഗൃഹസന്ദര്‍ശനം എന്നിവ അതില്‍പ്പെടും(National Institute for Early Education Research).

സാമ്പത്തിക ശാസ്ത്രജ്ഞറായ ജെയിംസ് ഹെക്മാനും, ലക്ഷ്മി റൌതും ഒരു പ്രബന്ധത്തില്‍ പറയുന്നത്, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കായി പൊതു കുട്ടിക്കാല കളിവിദ്യാലങ്ങള്‍ തുടങ്ങുന്നത് കലാലയ പ്രവേശനത്തില്‍ 3.6% വര്‍ദ്ധനവ് വരുത്തുമെന്നാണ്. ദരിദ്രജനവിഭാഗത്തിന്റെ പങ്ക്-അതായത് ശരാശരി വരുമാനത്തിന്റെ 70%-ത്തില്‍ ക്കുറവ് ലഭിക്കുന്നവര്‍- 36%-തില്‍നിന്നും ദീര്‍ഘകാലംകൊണ്ട് 29%-മാകും. കൂടാതെ, കുടുംബങ്ങള്‍ക്കുളില്‍ വരുമാന നില ഉയര്‍ത്താനുള്ള തലമുറകളുടെ ശേഷിയും വര്‍ദ്ധിക്കും.

മാന്ദ്യത്തിന് മുമ്പുതന്നെ മാനവ മൂലധന നിക്ഷേപത്തിലെ അസമത്വം നിലനിന്നിരുന്നു. മാന്ദ്യത്തോടെ അത് വളരെക്കൂടി. പണപ്പെരുപ്പവുമായി ഒത്തുനോക്കിയാല്‍ 1972 മുതല്‍ 2007 വരെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് കുട്ടികള്‍ക്കായുള്ള ചെലവ് 17% ഉയര്‍ന്നു. ധനികരില്‍ ഇത് 76 %-മാണ്.

സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ ധനിക കുടുംബങ്ങള്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം കൂട്ടിവെച്ചു. എന്നാല്‍ തൊഴിലില്ലായ്മ കൂടുകയും, വരുമാനം കുറയുകയും ചെയ്തതോടെ താഴ്ന്ന വരുമാനക്കാര്‍ ചെലവ് പാടെ ചുരുക്കി. ധനികരുടെ ചെലവിന്റെ അധികഭാഗം ചെലവിട്ടത്, തൊഴില്‍വിപണി പച്ചപിടിക്കുംവരെ മുതിര്‍ന്ന കുട്ടികളെ കലാലയങ്ങളില്‍ നിലനിര്‍ത്താനാണ്.

പണം മാത്രമല്ല ചില കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്. കൂടുതല്‍ സമയവും മറ്റ് നിക്ഷേപത്തിനായി  വിഭവസ്രോതസ്സുകളും ഉള്ള അച്ഛനമ്മമാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അവരുടെ കുട്ടികളെ ജ്ഞാനഗ്രാഹ്യ ശേഷികള്‍ എളുപ്പത്തില്‍ വികസിപ്പിക്കാനും, പഠനമുറിയില്‍ എത്തുമ്പോള്‍  വിജയം വരിക്കാനും സഹായിക്കുന്നു.

സ്റ്റാന്‍ഫോഡിലെ മനശാസ്ത്രവിഭാഗം അദ്ധ്യാപകന്‍,ആന്‍ ഫെര്‍ണാള്‍ഡ് നടത്തിയ പഠനം (2013) കാണിക്കുന്നത് 2 വയസ്സാകുമ്പോള്‍ താഴ്ന്ന വരുമാനക്കാരുടെ വീട്ടില്‍നിന്നുള്ള കുട്ടികള്‍ ഭാഷാ, പദകോശ നൈപുണ്യ വികസനത്തില്‍ ധനിക കുടുംബങ്ങളിലെ കുട്ടികളേക്കാള്‍ 6 മാസം പിറകിലാണെന്നാണ്.

“നിങ്ങളുടെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍, നിങ്ങളുടെ കൌമാര അനുഭവങ്ങളേക്കാള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു,” ബ്രൂകിങ്സിലെ സാമ്പത്തിക വിഭാഗം സീനിയര്‍ ഫെല്ലോ ഇസബെല്‍ സോഹില്‍ പറഞ്ഞു. “അനുഭവങ്ങള്‍ ഒന്നിനുമേല്‍ ഒന്നായാണ് പണിയുന്നത്, അവ പരസ്പരം ഇടപെടുകയും ചെയ്യുന്നു. എഴുതാനും വായിക്കാനും ഒരാള്‍ നന്നേ ചെറുപ്പത്തില്‍ പഠിച്ചില്ലെങ്കില്‍, അസാധ്യമല്ലെങ്കിലും, മുതിര്‍ന്നാല്‍ പിന്നെ അത് കഠിനം തന്നെയാണ്.”

 

This post was last modified on October 20, 2014 7:30 am