X

കാശ്മീര്‍ നയത്തെ എതിര്‍ക്കുന്നവരുടെ ഹൃദയം തുടിക്കുന്നത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയെന്ന് നരേന്ദ്ര മോദി, കാലാകാലം ഭരിച്ചവര്‍ ജനാധിപത്യവല്‍ക്കരണത്തെ ഭയക്കുന്നു

ചന്ദ്രയാനെയും സർക്കാറിൻ്റെ നേട്ടത്തിൽ പെടുത്തി മോദി

കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത സമീപനങ്ങളെ എതിര്‍ക്കുന്നവര്‍ ഭീകരതയുമായി സന്ധിചെയ്യുന്ന സ്ഥാപിത താല്‍പര്യക്കാരും കുടുംബാധിപത്യ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് കാശ്മിര്‍ നയത്തെ എതിര്‍ക്കുന്നവരെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്.

കാശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞയാഴ്ച രാജ്യത്തെ അംഭിസംബോധന ചെയ്തിരുന്നു. അന്ന് അനുനയത്തിന്റെ ഭാഷ സംസാരിച്ച പ്രധാനമന്ത്രി ഇന്ന് അതിരൂക്ഷമായാണ് എതിരാളികളെ വിമര്‍ശിച്ചത്.

എല്ലാറ്റിനെയും എതിര്‍ക്കുന്നവരാണ് ഇവര്‍. സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന എന്തിനെയും ഇവര്‍ എതിര്‍ക്കും. കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കിയാല്‍ അവര്‍ അതിനെ എതിര്‍ക്കും. റെയില്‍വെ ലൈന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനെയും എതിര്‍ക്കും. മാവോയിസ്റ്റുകള്‍ക്കും ഭീകരവാദികള്‍ക്കും വേണ്ടി മാത്രമാണ് അവരുടെ ഹൃദയം തുടിക്കുന്നത്.’ പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരിലെ രാഷ്ട്രീയക്കാരെയും മോദി നിശിതമായി വിമര്‍ശിച്ചു. ‘കാശ്മീരില്‍ ഇതുവരെ ഭരണം നടത്തിയവര്‍ കരുതുന്നത് അധികാരം എന്നത് അവര്‍ക്ക് കിട്ടിയ ദൈവികമായ അവകാശമാണെന്നാണ്. അവര്‍ക്ക് ജനാധിപത്യവല്‍ക്കരണം ഇഷ്ടമല്ല. അതുകൊണ്ട് അവര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കും. സ്വയം വളര്‍ന്നുവരുന്ന പുതിയ നേതൃത്വത്തെ അവര്‍ക്ക് ഇഷ്ടമല്ല. 1987 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ ഉള്ളവരാണിവര്‍. പ്രദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിരുന്നു 370-ാം വകുപ്പ്.’ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് അഴിമതി കുറഞ്ഞുവരികയാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. രണ്ടാം വരവിലെ 75 ദിവസത്തിനിടയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് മുതല്‍ ചന്ദ്രയാന്‍ പദ്ധതിവരെ സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on August 14, 2019 2:09 pm