X

ഖത്തര്‍ തൊഴില്‍ നിയമ പരിഷ്‌കരണം; ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസം

വിദേശത്തുനിും 18 വയസില്‍ താഴെയുള്ളവരെയും 60 വയസിന് മുകളില്‍ ഉള്ളവരെയും ജോലിക്ക് നിയോഗിക്കുന്നതില്‍ നിന്നും തൊഴിലുടമകളെ നിയമം വിലക്കുന്നു

ഖത്തറിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രയോജനകരമാകും. ഗാര്‍ഹിക തൊഴിലാളികളെ ദിവസം പത്തുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കരുത് എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുള്ള പുതിയ തൊഴില്‍നിയമത്തിന് അംഗീകാരം ലഭിച്ചു. ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് അല്‍-താനി ചൊവ്വാഴ്ചയാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.

ആയിരക്കണക്കിന് വരുന്ന വീട്ടുജോലിക്കാര്‍, കുട്ടികളെ പരിപാലിക്കുന്നവര്‍, പാചകക്കാര്‍ എന്നിവര്‍ക്കായി രാജ്യത്ത് ഒരു നിയമം കൊണ്ടുവരുന്നത് ഇതാദ്യമാണ്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ ശുചീകരണ തൊഴിലാളികള്‍, പൂന്തോട്ട സൂക്ഷിപ്പുകാര്‍, ഡ്രൈവര്‍മാര്‍ എന്നിവരെയും പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമപ്രകാരം എല്ലാ മാസാവസാനവും ആ മാസത്തെ ശമ്പളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ആഴ്ചയില്‍ ഒരു ദിവസം അവധി നിര്‍ബന്ധമാണ്. മുന്ന് ആഴ്ചയായിരിക്കും ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക അവധി.

വിദേശത്തു നിന്നും 18 വയസില്‍ താഴെയുള്ളവരെയും 60 വയസിന് മുകളില്‍ ഉള്ളവരെയും ജോലിക്ക് നിയോഗിക്കുന്നതില്‍ നിന്നും തൊഴിലുടമകളെ നിയമം വിലക്കുന്നു. കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ സേവനം നടത്തിയ ഓരോ വര്‍ഷത്തേക്കും മൂന്ന് ആഴ്ചത്തെ വേതനത്തിന് തതുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. ആയിരക്കണക്കിന്‌ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിയമത്തിന്റെ പ്രയോജനം ലഭിക്കും. വിദേശ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം അഞ്ച് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

 

This post was last modified on August 24, 2017 11:13 am