X

സ്വവര്‍ഗ്ഗ വിവാഹം; ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് നോക്കുമ്പോള്‍

ടീം അഴിമുഖം

തങ്ങളുടെ കുട്ടികള്‍ക്ക് ‘ജീവിതപങ്കാളിയെ’ കണ്ടെത്താന്‍ സഹായിക്കുക എന്ന ഇന്ത്യന്‍ പാരമ്പര്യം അനുസരിച്ച്, പദ്മ അയ്യര്‍ മുംബൈയില്‍ നിന്നും ഇറങ്ങുന്ന ഒരു ടാബ്ലോയിഡില്‍ ഒരു പരസ്യം നല്‍കി. പരസ്യം ഇങ്ങനെ വായിക്കാം: ‘ഒരു എന്‍ജിഒയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ മകന് (36, 5’11”) വേണ്ടി 25-40നും ഇടയില്‍ പ്രായമുള്ള മൃഗസ്‌നേഹിയും സസ്യാഹാര ശീലമുള്ള ആളുമായ വരനെ ആവശ്യമുണ്ട്.’ സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധമായി കണക്കാക്കപ്പെടുകയും ഇപ്പോഴും നിയമവിരുദ്ധമായി നിലനില്‍ക്കുകയും ചെയ്യുന്ന ഇന്ത്യയില്‍ ഒരേ ലിംഗത്തിലുള്ള ലൈംഗിക പങ്കാളിയെ അന്വേഷിക്കുന്ന ആദ്യ വൈവാഹിക പരസ്യം എന്ന നിലയില്‍ ഈ പരസ്യം തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ വന്‍കിട പ്രചാരമുള്ള പത്രങ്ങളെല്ലാം പരസ്യം നിഷേധിക്കുകയും അവസാനം മിഡ് ഡേ പത്രം അത് പ്രസിദ്ധീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. 

പരസ്യം വഴി തന്റെ മകന്‍ ഹരീഷ് അയ്യര്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ പദ്മ അയ്യര്‍ക്ക് സാധിച്ചാല്‍ പോലും, ഇന്ത്യ ഒരേ ലിംഗത്തില്‍ തന്നെയുള്ളവരുടെ വിവാഹം അനുവദിക്കാത്തതിനാല്‍ വിവാഹ നടപടികളുമായി മുന്നോട്ട് പോകാന്‍ അവര്‍ക്ക് സാധിക്കില്ല. ഒരേ ലിംഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തെ വിലക്കുന്ന ഭരണഘടനയുടെ 377-ാം വകുപ്പ് എടുത്ത് കളയുന്നതിന് അനുകൂലമായി 2009ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും 2013ല്‍ സുപ്രീം കോടതി ആ ഉത്തരവിനെതിരെ വിധി പ്രഖ്യാപിച്ചു. 377-ാം വകുപ്പ് പ്രകാരമുള്ള വിചാരണകള്‍ അപൂര്‍വമാണെങ്കിലും ഇന്ത്യയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ അപമാനത്തിനും പോലീസ് പീഢനത്തിനും ഇരയാവുന്നു. ഇത് മൂലം ഇവര്‍ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുകയും അങ്ങനെ അവരുടെ ജീവിക്കാനുള്ള അവകാശവും ആരോഗ്യവും സമത്വവും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. 

ഈ പരസ്യം പ്രസിദ്ധീകരിക്കുന്നതിനായി പദ്മ അയ്യര്‍ പോരാടിയ അതേ ആഴ്ചയില്‍ തന്നെയാണ്, ജനഹിത പരിശോധനയിലൂടെ ഒരേ ലിംഗത്തില്‍ തന്നെയുള്ളവര്‍ തമ്മിലുള്ള വിവാഹം നിയമപരമായി അംഗീകരിച്ച ആദ്യ രാജ്യമായി അയര്‍ലന്‍ഡ് മാറിയത്. വെള്ളിയാഴ്ച 15 മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ ഏകദേശം മുപ്പതു ലക്ഷത്തില്‍ അധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് തുല്യാവകാശം നല്‍കുന്ന ഫലങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചയോടെ വെളിയില്‍ വന്നു. 

വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന ടെലിവിഷന്‍ അഭിമുഖത്തില്‍ ‘അനുകൂലമായി’ വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച അയര്‍ലന്‍ഡ് പ്രധാനമന്ത്രി എന്‍ഡ കെന്നി, ‘സ്‌നേഹത്തിനും സമത്വത്തിനും വേണ്ടി’ വമ്പിച്ച രാഷ്ട്രീയ പിന്തുണയുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഒരേ ലിംഗത്തില്‍ പെട്ടവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഇന്ത്യന്‍ വംശജനായ പിതാവിന്റെ പുത്രനും അയര്‍ലന്‍ഡ് ആരോഗ്യമന്ത്രിയുമായ ലിയോ വരദാര്‍ക്കര്‍, തന്റെ 36-ാം ജന്മദിനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചു. 

‘ഞാന്‍ അത് പ്രഖ്യാപിക്കുന്നു. പ്രധാനപ്പെട്ട പെട്ടികള്‍ തുറന്നു. അനുകൂലമായ ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. ഡബ്ലിനില്‍ എമ്പാടും വലിയ ഭൂരിപക്ഷമാണ് ലഭിച്ചിരിക്കുന്നത്. ഒരു അയര്‍ലന്‍ഡുകാരനായതില്‍ ഞാനിന്ന് അഭിമാനിക്കുന്നു,’ ജനസംഖ്യയില്‍ കത്തോലിക്ക മതവിഭാഗത്തിന് മുന്‍തൂക്കമുള്ള രാജ്യം എല്ലാവര്‍ക്കും തുല്യതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സമത്വകാര്യമന്ത്രി ഓദാന്‍ ഒ റിയോര്‍ഡിയാന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. 

ലോകത്തെമ്പാടുമുള്ള 20 ഓളം രാജ്യങ്ങളില്‍ സ്വര്‍വഗ്ഗ വിവാഹം നിയമവിധേയമാണെങ്കിലും, അഭിപ്രായ വോട്ടെടുപ്പിലൂടെ അത് നടപ്പിലാക്കിയ ആദ്യ രാജ്യമാണ് അയര്‍ലന്റ്. 1993 വരെ സ്വവര്‍ഗ്ഗ ലൈംഗികത നിയമവിരുദ്ധമായി കരുതിയിരുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് മഹത്തായ വിജയമാണ്. ഒരേ ലിംഗത്തിലുള്ള ദമ്പതികള്‍ക്ക് പൗരപങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതിനുള്ള അനുമതി 2011ല്‍ തന്നെ അയര്‍ലന്‍ഡ് നല്‍കിയിരുന്നു. 

ഇന്ത്യയിലെ പോലെ തന്നെ വലതുപക്ഷ യാഥാസ്ഥിതികര്‍, ദൈവത്തിന്റേയും പാരമ്പര്യത്തിന്റെയും പേര് പറഞ്ഞ് സ്വവര്‍ഗ്ഗ വിവാഹങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പൊതുജനം, പ്രത്യേകിച്ച് യുവജനം, തുല്യാവകാശങ്ങള്‍ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. 

മൂന്നാം ലിംഗക്കാരെ നിയമപരമായി അംഗീകരിച്ച അപൂര്‍വ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാത്രമല്ല, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല ജനപിന്തുണയും ലഭിക്കുന്നുണ്ട്. എന്നിട്ടും, ആഗോളതലത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച ഒരു ലക്ഷം പേരില്‍, ഇന്ത്യയില്‍ നിന്നുള്ള 7100 ആളുകള്‍ക്കിടയില്‍ സര്‍വെ നടത്തിയ പ്ലാനറ്റ് റോമിയോ എന്ന ഡേറ്റിംഗ് ആപ് സ്വവര്‍ഗ്ഗാനുരാഗികളുടെ സന്തോഷത്തിന്റെ സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് 127 രാജ്യങ്ങള്‍ക്കിടയില്‍ 81-ാം സ്ഥാനം മാത്രമാണ് നല്‍കിയത്. 

സ്വവര്‍ഗ്ഗാനുരാഗം ഒരു സ്വാഭാവിക ലൈംഗിക താല്‍പര്യം മാത്രമാണെന്നും അല്ലാതെ തെരഞ്ഞെടുപ്പിന് വിധേയമാകുന്ന തരത്തിലുള്ള ഒരു സ്വഭാവസവിശേഷതയല്ലെന്നും മനസിലാക്കാന്‍ പലപ്പോഴും ജനങ്ങള്‍ക്ക് സാധിക്കുന്നില്ല. അതായത് നിങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ അത്തരം താല്‍പര്യം ഒരു വ്യക്തിയില്‍ ഉടലെടുക്കുന്നതാണ്, അല്ലാതെ ഒരാള്‍ ഏതെങ്കിലും തരത്തില്‍ പഠിക്കുന്നതോ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒന്നോ അല്ല സ്വവര്‍ഗ്ഗാനുരാഗം എന്ന് സാരം. ഇടങ്കൈയനായി ജനിക്കുന്നത് പോലെ ഒന്നാണത്. നിങ്ങള്‍ അങ്ങനെയാണ്, അതില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനും സാധിക്കില്ല. 

സ്വവര്‍ഗ്ഗാനുരാഗം എന്നത് ഒരു വ്യക്തി സ്വയം തിരഞ്ഞെടുക്കുന്നതല്ല. സമൂഹം അംഗീകരിക്കാത്തും അപമാനത്തിനും വിവേചനത്തിനും ഇടംകൊടുക്കുന്നതുമായ ഒരു ലൈംഗിക താല്‍പര്യം ഒരാള്‍ തിരഞ്ഞെടുക്കേണ്ട ആവശ്യം എന്താണ്? 

ചികിത്സിച്ച് മാറ്റാവുന്ന ഒരു മാനസിക പ്രശ്‌നമായിട്ടാണ് വളരെക്കാലമായി സ്വവര്‍ഗ്ഗാനുരാഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്. 1992ല്‍ ലോകാരോഗ്യ സംഘടന മാനസിക രോഗങ്ങളുടെ പട്ടികയില്‍ നിന്നും സ്വവര്‍ഗ്ഗ ലൈംഗികതയെ ഒഴിവാക്കി. 1994ല്‍ യുകെ സര്‍ക്കാര്‍ ഇതേ പാത പിന്തുടര്‍ന്നു. 1999 ല്‍ റഷ്യന്‍ ആരോഗ്യ മന്ത്രാലയവും 2007ല്‍ ചൈനീസ് സൊസൈറ്റി ഓഫ് സൈക്യാട്രിയും ഇത്തരം നടപടി സ്വീകരിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കിയ ആദ്യ തെക്കന്‍ ഏഷ്യന്‍ രാജ്യമായി നേപ്പാള്‍ മാറി. 

വിവാഹത്തിനും പൗരപങ്കാളിത്തത്തിനും കുട്ടികളെ പോറ്റുന്നതിനും ആരോഗ്യരക്ഷയില്‍ തുല്യപ്രാപ്യതയും ഉള്‍പ്പെടെ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനുള്ള വ്യാപകമായി ഉയര്‍ന്ന് വരികയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആരോഗ്യ സംഘടനകളുടെ വാദം അംഗീകരിക്കാന്‍ കൂട്ടാക്കാത്ത മതസ്ഥാപനങ്ങളുടെയും നേതാക്കളുടെയും സംസ്‌കാരിക, മത വിശ്വാസങ്ങളാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനുള്ള ഏറ്റവും വലിയ കടമ്പയായി അവശേഷിക്കുന്നത്. ഈ സ്ഥിതിഗതി മാറ്റിയെടുക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായി വേണം യഥാസ്ഥിതിക രാജ്യമായി അയര്‍ലന്‍ഡില്‍ നടന്ന ഹിതപരിശോധനയെ വീക്ഷിക്കാന്‍.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on May 26, 2015 7:50 am