X

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം

ടീം അഴിമുഖം

എണ്ണത്തില്‍ കുറവായിരുന്ന ഭരണമുന്നണി അംഗങ്ങളുടെ തുടക്കത്തിലുണ്ടായ പ്രതിഷേധത്തെ അതിജീവിച്ചു കൊണ്ട് രാജ്യസഭ നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഒരു സ്വകാര്യ ബില്ല് വെള്ളിയാഴ്ച പാസാക്കി.

രാജ്യത്ത് ഭിന്നലിംഗക്കാരായ 4.5 ലക്ഷം പേരുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍, തിരിച്ചറിയപ്പെടാത്ത 20 മുതല്‍ 25 ലക്ഷം പേരെങ്കിലും ഈ വിഭാഗത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിന് അനുകൂലമായി നിലപാടെടുത്തതോടെ, വോട്ടുകളില്‍ ഭിന്നതയുണ്ടാവരുത് എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍, തിരുച്ചി ശിവ (ഡിഎംകെ) അവതരിപ്പിച്ച ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ ബില്ല്, 2014 ശബ്ദവോട്ടോടെ ഏകകണ്ഠമായി സഭ പാസാക്കുകയായിരുന്നു.

ബില്ല് പിന്‍വിക്കണമെന്ന സര്‍ക്കാര്‍ ഭാഗത്ത് നിന്നുള്ള എല്ലാ അഭ്യര്‍ത്ഥനകളും അചഞ്ചലമായ നിലപാടെടുത്ത ശിവ നിരാകരിക്കുകയായിരുന്നു. കോണ്‍ഗ്രസും മറ്റ് ചില പ്രതിപക്ഷ കക്ഷികളും അദ്ദേഹത്തെ പിന്തുണച്ചു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സമഗ്രമായ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ശിവയെ അനുനയിപ്പിക്കാന്‍ സഭാനേതാവും ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയും സാമൂഹിക നീതി മന്ത്രി താവര്‍ ചന്ദ് ഗലോട്ടും പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും ശ്രമിച്ചു.

എന്നാല്‍ ബില്ല് വോട്ടിനിടണമെന്ന് ഡിഎംകെ അംഗവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു. ഓരോ അംഗവും ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന് വ്യക്തമാകുന്ന രീതിയില്‍ വോട്ടുകളില്‍ വിഭജനം നടത്തണമെന്നും ശിവ ആവശ്യപ്പെട്ടു.

അവസാനം, ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിലും സംവരണം ഏര്‍പ്പെടുത്തുന്നതിനായി വാദിക്കുന്ന ബില്ല് എട്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ പത്തൊമ്പത് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സഭ ശബ്ദ വോട്ടോടെ പാസായി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സഭയില്‍ ഹാജരായിരുന്നു.

ഉപരി സഭ ബില്ല് പാസാക്കിയെങ്കിലും അത് നിയമമാകണമെങ്കില്‍ ഇനി ലോക്‌സഭ കൂടി അതേ ബില്ല് പാസാക്കേണ്ടതുണ്ട്. ഭിന്നലിംഗക്കാര്‍ക്ക് ഒരു സമഗ്ര നയം ആവിഷ്‌കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുന്ന സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിരളമാണ്. 1968ലെ സുപ്രീം കോടതി (ക്രിമിനല്‍ അപ്പീല്‍ ന്യായാധികാരം വിപുലീകരിക്കല്‍) ബില്ലാണ് ഇത്തരത്തില്‍ അവസാനം പാര്‍ലമെന്റില്‍ പാസായ ബില്ല്. ഇത് 1970 ഓഗസ്റ്റ് ഒമ്പതിന് നിയമമാവുകയും ചെയ്തു.

സാമൂഹികമായി ഉള്‍ക്കൊള്ളിക്കല്‍, അവകാശങ്ങളും യോഗ്യതകളും, സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍, വിദ്യാഭ്യാസം, അധിക്ഷേപങ്ങളും ആക്രമണങ്ങളും ചൂഷണവും തടയുന്നതിനായുള്ള ശേഷി വികസനം എന്നിങ്ങനെയുള്ള വ്യത്യസ്ഥ ഘടകങ്ങളെ സംബന്ധിച്ച പത്ത് അദ്ധ്യായങ്ങളും 58 വകുപ്പുകളും അടങ്ങുന്നതാണ് ശിവയുടെ ബില്ല്.

‘അത്തരത്തിലുള്ള മറ്റ് ദേശീയ കമ്മീഷനുകളുടെ മാതൃകയില്‍ ഭരണഘടനാപരമായ അധികാരങ്ങള്‍ ഉള്ള ഒരു ദേശീയ കമ്മീഷന്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമാണ്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ഈ ലക്ഷ്യം മുന്‍നിറുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ നമുക്കൊരു ദേശീയ പ്രതികരണം ആവശ്യമാണ്,’ എന്ന് ശിവ പറയുന്നു.

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക കോടതികള്‍, സര്‍ക്കാര്‍ ജോലികളില്‍ ഭിന്നലിംഗക്കാര്‍ക്ക് രണ്ട് ശതമാനം സംവരണം, തൊഴിലിടങ്ങളില്‍ വിവേചനം ഇല്ലാതാക്കല്‍ തുടങ്ങിയവയെല്ലാം ബില്ലിലെ വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിലെ അംഗങ്ങള്‍ക്ക് പെന്‍ഷനുകളും തൊലില്ലായ്മ വേതനവും നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ലിംഗാധിഷ്ടിതമായ വിവേചനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. മാത്രമല്ല, ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതും സാമൂഹിക പരിഷ്‌കരണത്തിന്റെ ഒരു ഭാഗമാണ്. ഈ സാഹചര്യത്തില്‍, മിക്കപ്പോഴും അശ്ലീലപരമായി വീക്ഷിക്കുകയും അവഹേളിക്കുകയും ചെയ്യപ്പെടുന്ന നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ദുരവസ്ഥയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ട സമയം സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിക്രമിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

This post was last modified on April 25, 2015 3:52 pm