X

തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ചൂരല്‍ പ്രയോഗം; ചികിത്സ നിഷേധിച്ച് ജില്ലാ ആശുപത്രി ഡോക്ടറും

ക്രിമിനലുകള്‍ സൈ്വരവിഹാരം നടത്തുന്ന സമൂഹത്തില്‍ ഭിന്നലിംഗക്കാരെ കണ്ടാല്‍ മാത്രം ഉടന്‍ ചൂരലും എടുത്തുവരുന്നതാണ് കേരള പോലീസിന്റെ രീതി

തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ചൂരല്‍ പ്രയോഗം. ക്രൂരമായ മര്‍ദ്ദനത്തിനിരയായ ഇവര്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയും ചെയ്തു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകാനായി നില്‍ക്കുകയായിരുന്ന രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തങ്ങള്‍ക്ക് മുന്നില്‍ വന്നുനിന്ന പോലീസ് ജീപ്പില്‍ നിന്നും ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങി യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കി. ചൂരല്‍ വടിയെടുത്ത് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു പോലീസ്. കൈകാലുകളിലും തുടയിലും നെഞ്ചിലും പുറത്തുമെല്ലാം ചൂരലിന് അടിയേറ്റ് മുറിവേറ്റിട്ടുണ്ട്.

അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരും കാലിന് അസുഖമുള്ളവരും മര്‍ദ്ദനമേറ്റവരില്‍ ഉള്‍പ്പെടുന്നു. എന്തിനാണ് പോലീസ് തങ്ങളെ അടിച്ചതെന്ന് ഇവര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയും അവഗണനയാണ് ലഭിച്ചത്. ആദ്യം വന്ന ഡോക്ടര്‍ ഇവരെ പരിശോധിച്ചെങ്കിലും തൊട്ടുപിന്നാലെ മറ്റൊരു ഡോക്ടര്‍ വന്ന് ഇവരെ ഇറക്കി വിടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ നിന്ന് പോകണമെന്നാണ് ഡോക്ടര്‍ ശാഠ്യം പിടിച്ചത്. ശരീരമാസകലം മുറിവേറ്റ തങ്ങളെ ഇറക്കിവടരുതെന്ന് ഇവര്‍ അപേക്ഷിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല.

തുടര്‍ന്ന് എല്‍ജിബിടി പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഡോക്ടറോട് കാര്യം അന്വേഷിച്ചപ്പോള്‍ അവരെ ഉടന്‍ ഇറക്കിക്കൊണ്ട് പോകണമെന്ന് ഡോക്ടര്‍ ആവര്‍ത്തിച്ചു. പരിക്കേറ്റവരെ എങ്ങനെ കൊണ്ടുപോകുമെന്ന് ഇവര്‍ ചോദിച്ചെങ്കിലും ഡോക്ടര്‍ അതിന് മറുപടി പറഞ്ഞില്ല. ഇവിടെ കിടക്കാന്‍ പറ്റില്ല പുറത്തുപോകണമെന്ന് അയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. ഡോക്ടറുടെ പേര് ആവര്‍ത്തിച്ച് ചോദിച്ചിട്ടും അതിനും മറുപടിയുണ്ടായിരുന്നില്ല. ഏറെ തര്‍ക്കത്തിനൊടുവിലാണ് ഇവരെ അഡ്മിറ്റ് ചെയ്തത്.

ഫൈസിയെന്നാണ് ആ ഡോക്ടറുടെ പേരെന്ന് പിന്നീട് വ്യക്തമായി. തങ്ങള്‍ എല്ലാവരെയും പോലെ മനുഷ്യരാണെന്ന് ഒരു ഡോക്ടറെങ്കിലും മനസിലാക്കേണ്ടതല്ലേയെന്നാണ് എല്‍ജിബിടി പ്രവര്‍ത്തകരുടെ ചോദ്യം. കോഴിക്കോട് കഴിഞ്ഞ ഒരാഴ്ചയായി ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിടുകയാണ്. കാരണമില്ലാതെ കസ്റ്റഡിയിലെടുത്ത ശേഷം ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിട്ടയയ്ക്കുകയാണ് ചെയ്യുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസ് ഇവര്‍ക്ക് നേരെ നടത്തുന്നത്. മദ്യം, മയക്കുമരുന്ന് മാഫിയകള്‍ സംസ്ഥാനം കീഴടക്കുകയും ദിനംപ്രതി ബാല ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും നിഷ്‌ക്രിയരാകുന്ന പോലീസാണ് നിരപരാധികളായ ഇവരെ ക്രൂരമായി പീഡിപ്പിക്കുന്നത്.

ചില പോലീസുകാര്‍ ഭിന്നലിംഗക്കാരെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാന്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത ഭിന്നലിംഗക്കാരെ സ്‌റ്റേഷനില്‍ എത്തിച്ചശേഷം ശരീര പരിശോധന നടത്തിയിരുന്നു. ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തൃശൂരില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവരുന്നത്.

സര്‍ക്കാരും ജനങ്ങളും തങ്ങളെ അംഗീകരിച്ചു തുടങ്ങിയെങ്കിലും കേരളത്തിലെ പോലീസില്‍ നിന്നും തങ്ങള്‍ക്ക് എന്നും ഇത്തരം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. ഭിന്നലിംഗക്കാരെ കണ്ടാല്‍ ഉടന്‍ ചൂരലും എടുത്തുവരുന്നതാണ് കേരള പോലീസിന്റെ രീതിയെന്നും എല്‍ജിബിടി പ്രവര്‍ത്തകര്‍ പറയുന്നു.

This post was last modified on March 18, 2017 9:54 am