X

ഹരം പിടിപ്പിക്കുന്ന കേരളത്തിലെ ചില വഴികള്‍

ഇന്ദിര

ചില വഴികളിലൂടെ പോകുമ്പോള്‍ എന്തെന്നില്ലാത്ത ആവേശമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ അങ്ങനെയങ്ങ് പോവുക. അതിന് പറ്റിയ വഴികളാണെങ്കില്‍ പറയുകയും വേണ്ട. ആ ഒരു മൂച്ചിന് ഹിമാലയം വരെ വേണമെങ്കില്‍ പോയിക്കളയും. ഇത്തവണ ചില വഴികളെ കുറിച്ച് പറയാം. യാത്ര ചെയ്യുവാന്‍ ഇഷ്ടമുള്ളവരെ ഉന്മാദികളാക്കുന്ന കേരളത്തിലെ വഴികള്‍. അവ ചിലപ്പോള്‍ ഒന്നോ രണ്ടോ കിലോമീറ്ററുകളേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ചിലത് നമ്മുടെ മനസുപോലെ ഇങ്ങനെ നീണ്ടു കിടക്കും. അതിന്റെ അറ്റം തേടി പൊയ്ക്കൊണ്ടേയിരിക്കാം.

യാത്രികരെ സംബന്ധിച്ചിടത്തോളം എല്ലാ പുതിയ വഴികളും അവന്/അവള്‍ക്ക് ഹരമാണ്. നമ്മുടെ കേരളത്തിലും ചില വഴികളുണ്ട് കടന്നുപോയിട്ടുള്ളതാണെങ്കിലും വീണ്ടും അതുവഴി പോകുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ആ വഴികളിലുണ്ട്. അത് പ്രകൃതിഭംഗി മാത്രമല്ല, മറഞ്ഞിരിക്കുന്ന എന്തോ ഒന്ന്. പക്ഷെ എല്ലാ സമയത്തും നമുക്ക് ആ വഴികളിലൂടെ പോകുമ്പോള്‍ ഉദ്ദേശിച്ച ‘കിക്ക്’ കിട്ടണമെന്നില്ല. ചിലപ്പോള്‍ അതിരാവിലെ പോകുമ്പോള്‍, അല്ലെങ്കില്‍ ഒന്നു നേരം പുലര്‍ന്നിട്ട്, ചെറിയ തണുപ്പും കൊണ്ട് ഹെല്‍മറ്റ് ഇല്ലാതെ ബൈക്കില്‍ പോകുമ്പോള്‍. വൈകിട്ട്, സന്ധ്യക്ക്, രാത്രിയില്‍ അങ്ങനെ ചില സമയങ്ങളില്‍ മാത്രം ആ കിക്കുകള്‍ കിട്ടും ഈ വഴികളിലൂടെ പോയാല്‍.

മിക്കവരും പോകുന്നതാണ് അതിരപ്പള്ളി-വാല്‍പ്പാറ റൂട്ട്. അതുവഴി പുലര്‍കാലത്ത് ബൈക്കില്‍ പോയിട്ടില്ലെങ്കില്‍ ഒന്നു പോയി നോക്കണം. ഗംഭീരമായിരിക്കും ആ അനുഭവം (രാവിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നു പോകുവാന്‍ സമ്മതിക്കില്ല. കമഴ്ന്നു വിണ് കെഞ്ചി എങ്ങനെയെങ്കിലും പോകണം. ഒന്നു പറ്റിയില്ലെങ്കില്‍ ഒരു 30 കിലോ മീറ്ററെയുള്ളൂ അങ്ങ് നടന്നോണം. ഇടയ്ക്കിടെ ബസുകള്‍ വരും തിരിച്ച് അതില്‍ വരാമല്ലോ. ഇച്ചിരി ധൈര്യം വേണം. നല്ലതുപ്പോലെ ആനയൊക്കെ ഇറങ്ങുന്ന കാടാണ്). മഞ്ഞിന്റെ തുള്ളികള്‍ ശരീരത്തില്‍ വീഴുമ്പോള്‍ ആലിലപോലെ വിറയ്ക്കും. വിട്ടുകൊടുക്കരുത്… അതാണ് ഫ്രണ്ട്സ്, യാത്ര. 

ചങ്ങനാശ്ശേരി-ആലപ്പുഴ റോഡ് അത്യാവശ്യം തിരക്കുള്ള റോഡാണ്. പക്ഷെ അതുവഴി വൈകിട്ട് ഒരു നാലര കഴിഞ്ഞ് ഒന്നു പോകണം. ഉറങ്ങിപ്പോകരുത്. അത്രക്കു നല്ല സുഖമുള്ള കാറ്റാണ് വീശുന്നത്. നിങ്ങളു പോവുകയാണെങ്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴയിലേക്കേ പോകാവൂ തിരിച്ചാണെങ്കില്‍ അത്ര സുഖമുണ്ടാവില്ല. കാരണം കാറ്റിന്റെ വീശലിന്റെ പ്രത്യേകതയാണ്. ആ റോഡിലൂടെ പടിഞ്ഞാറ് വശത്തേക്ക് പോകുമ്പോള്‍ അസ്തമന സൂര്യന്‍ വശങ്ങളിലുള്ള തോടുകളില്‍ വെട്ടിതെളങ്ങുന്ന കാഴ്ച കണ്ട് കണ്ണ് മഞ്ഞളിച്ച് വണ്ടി വെറെ വണ്ടിയുടെ നെഞ്ചത്ത് കൊണ്ടുപോയി കയറ്റരുത്. വേണമെങ്കില്‍ ആ റോഡില്‍ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ ഉള്ള ചെറിയ റോഡുകളിലൂടെ പോവുകയാണെങ്കില്‍ കുട്ടനാടിന്റെ തനതു ഭംഗിയും ആസ്വദിക്കാം.

സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡിലും അത്യാവശ്യം നല്ലതുപോലെ വാഹനങ്ങള്‍ പോകുന്ന വനപാതയാണ്. കാട്ടില്‍ കൂടിയുള്ള യാത്രയുടെ ചെറിയൊരു അനുഭവം അത് നല്‍കും. കഴിയുമെങ്കില്‍ രാത്രി പന്ത്രണ്ട് മണിക്കു ശേഷം വെളുപ്പിനെ ഒരു അഞ്ചു മണിക്ക് മുമ്പായിട്ട് ഒന്നു പോയി നോക്ക്. വണ്ടിയുടെ വെട്ടം അടിക്കുമ്പോള്‍ ചുറ്റിനും തിളങ്ങുന്ന കണ്ണുകളുമായി ചില കാട്ടുജീവികള്‍ നമ്മളെ പേടിപ്പിക്കാന്‍ നോക്കും. അതിനെ മൈന്‍ഡ് ചെയ്യാതെ ഇരുട്ടിനെ കീറിമുറിച്ചു കടന്നുപോകുന്നത് ഒരു നല്ലൊരു അനുഭവമായിരിക്കും. വയനാട്ടില്‍ തന്നെ കാട്ടിക്കുളത്തു നിന്നും കര്‍ണാടക അതിര്‍ത്തി തോല്‍പ്പെട്ടി റോഡും നല്ല റൈഡിംഗിനുള്ള ഒരു വഴിയാണ്. സൂക്ഷിച്ചില്ലെങ്കില്‍ ആന നമ്മളെ വാരി നിലത്തടിക്കും. കാട്ടുപോത്തും കാണും.

മദ്ധ്യതിരുവതാംകൂറുകാര്‍ക്കും തെക്കന്‍ തിരുവതാംകൂറുകാര്‍ക്കും ഒരു ഓളം ഉണ്ടാക്കാന്‍ കഴിയുന്നയിടമാണ് വടക്കന്‍ മലബാറിലെ പല ചെമ്മണ്‍ പാതകളും. പയ്യന്നൂര്‍ ഭാഗത്തു നിന്ന് ഒന്നു തിരിഞ്ഞാല്‍ ഏഴോം എന്ന സ്ഥലത്തൂടെ വടക്കന്‍ പാട്ടുകളില്‍ കേള്‍ക്കുന്ന പട്ടുവം പുഴയുടെ ഓരത്തൂടെയുള്ള പ്രദേശത്ത് വൈകിട്ട് ഒന്നുകറങ്ങണം. നമ്മള്‍ തിരുവതാംകൂറുകാര്‍ പിന്നെ പെട്ടിയും കിടക്കയും എടുത്ത് അവിടെ കൂടും. ഇടയ്ക്ക് വണ്ടിയില്‍ നിന്നിറങ്ങി പറ്റുമെങ്കില്‍ വള്ളത്തില്‍ നാട്ടുകാരുടെ ഒപ്പം പട്ടുവം പുഴയിലൂടെ അക്കരയ്‌ക്കൊന്നു പിടിക്കണം. നാട്ടുകാരു പലതും ചോദിച്ചേക്കും നമ്മള്‍ക്ക് പലതും തിരിയൂല. എന്നാലും സ്‌നേഹിക്കാന്‍ മടികാണിക്കാത്ത കൂട്ടരാണ്. അതും ഒരു അനുഭവമായി കൂടെയുണ്ടാവും.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലൂടെ ഒന്നുകില്‍ രാവിലെ 5.30നു അല്ലെങ്കില്‍ വൈകിട്ട് 5.30നു പോകണം. സൂര്യോദയമോ സൂര്യാസ്തമനമോ കണക്കാക്കിയായിരിക്കണം യാത്ര. അത് നഗരത്തിന്റെ ഹാങ്ങ്ഓവര്‍ മാറ്റാന്‍ സഹായിക്കും. കോട്ടയം തിരുവഞ്ചൂര്‍ റൂട്ടിലെ നാലുമണിക്കാറ്റില്‍ കൂടി പോയാല്‍ ഒരു പ്രത്യേക മൂഡായിരിക്കും കിട്ടുക. പാടത്തിന്റെ വശത്തൂടിയുള്ള ആ റോഡ് യാത്ര പെട്ടെന്ന് തീരുമ്പോള്‍ നമ്മള്‍ക്ക് ഒരു ചെറിയൊരു നഷ്ടബോധം തോന്നും. പേരു പോലെ തന്നെ വൈകിട്ട് നാലുമണിയാണ് ഇവിടെ റൈഡിങിന് പോകാന്‍ പറ്റിയ സമയം. കോട്ടയത്തു നിന്നു കുമരകം വഴി വൈക്കത്തേക്കോ ചേര്‍ത്തലയ്‌ക്കോ ഒന്നു പോകണം. അതും നാലുമണി സമയത്ത് തന്നെ. പക്ഷികളുടെ ബഹളമായിരിക്കും, കലപില കലപില.

കേമന്‍മാരായ യാത്രക്കാര്‍ പോകുന്ന പലയിടങ്ങളുമുണ്ട് കേരളത്തില്‍. എല്ലാകൂടി വിളമ്പിയാല്‍ ദഹിക്കത്തില്ലല്ലോ. എല്ലാവര്‍ക്കും ഒരുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാക്കണമെന്നുമില്ലല്ലോ. നമ്മുടെ മനസ് പെട്ടന്ന് മാറ്റുന്ന ചില വഴികളുണ്ട്. അതുവഴി ചിലസമയങ്ങളില്‍ പോകുമ്പോള്‍ വല്ലാത്ത ഒരു അനുഭൂതി ഉണ്ടാവും. ഹരം പിടിപ്പിച്ച വട്ടു പിടിപ്പിച്ച വഴികള്‍ ഇനിയും ഒരുപാടുണ്ട്. അതൊക്കെ വെറെയൊരു അവസരത്തില്‍ പങ്കുവയ്ക്കാം ഫ്രണ്ട്‌സ്, ബൈ.

 (സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

This post was last modified on October 28, 2016 10:30 am

Related Post
Leave a Comment