X

നോർവെയിലെ ഈ കടലിനടിയിലെ ഹോട്ടൽ നിങ്ങളെ വിസ്മയിപ്പിക്കും-വീഡിയോ

ഈ വർഷം ഓഗസ്റ്റ് മാസം വരെ ഹോട്ടലിൽ ഒരു സീറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

കടലിനടിയിലെ  പവിഴങ്ങൾ പതിച്ച കൊട്ടാരങ്ങളെക്കുറിച്ചും കല്പടവുകളെക്കുറിച്ചും രുചിയുള്ള കടൽ ഭക്ഷണം കിട്ടുന്ന ഭോജന ശാലകളെക്കുറിച്ചും അറബി കഥകളിൽ വായിച്ചിട്ടുണ്ടാകും. ചുട്ടുപൊള്ളുന്ന നേരത്ത് കടലിനടിയിലിരുന്ന് ഒരു കപ്പ് ചായ നുകരുന്നത് ആലോചിക്കുമ്പോൾ തന്നെ അത്ഭുതമാകുന്നില്ലേ? കടലിനടിയിൽ  അങ്ങനെ ഒരു ഹോട്ടൽ പണിത് കടൽ കാഴ്ചകൾ കാണാൻ ഇഷ്ടമുള്ള സഞ്ചാരികളെ ക്ഷണിക്കുകയാണ് നോർവേ. യൂറോപ്പിലെ ആദ്യ ‘അണ്ടർവാട്ടർ’ ഹോട്ടലായ ‘അണ്ടർ’ ആഴ്ചകൾക്കു മുൻപാണ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. 18 ആഴ്ചകൾ നീണ്ട അധ്വാനത്തിലൊടുവിലാണ് കടലിനടിയിൽ ഇത്തരം ഒരു ഹോട്ടൽ പ്രവർത്തന സജ്ജമാകുന്നത്.

സമുദ്ര നിരപ്പിന് അഞ്ച് മീറ്റർ താഴെയാണ് ഹോട്ടലിന്റെ നിൽപ്പ്. നോർവെ തീരത്തിന് തൊട്ടടുത്തുള്ള ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള മുറികളെല്ലാം സീ ബെഡിൽ തന്നെയാണ്. അതിനാൽ  തിരകളുടെ ചലനവും മൽസ്യങ്ങളുടെ സഞ്ചാരവും ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനാകും.  നോർവെയുടെ പ്രാദേശിക രുചികളും മറ്റ് കടൽ വിഭവങ്ങളുമാണ് ഈ ഹോട്ടലിൽ വിളമ്പുന്നത്. മെനു സ്ഥിരം മാറിക്കൊണ്ടിരിക്കും. ഒരേ സമയം 35 മുതൽ 40 അതിഥികൾക്ക് വരെ ഈ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനാകുമെന്നാണ് ‘അണ്ടറി’ന്റെ പ്രധാന ഷെഫ് നിക്കോളെ എലിറ്റ്സ്ഗാർഡ് ഉറപ്പു നൽകുന്നത്.

നല്ല കടൽ ഭക്ഷണം കഴിക്കാമെന്ന് മാത്രമല്ല സമുദ്രത്തെ കുറിച്ച് പഠിക്കുന്നവർക്ക് യൂറോപ്പിലെ ഈ ആദ്യ സംരംഭം സഹായകരമാകുമെന്നാണ് ചില സമുദ്ര ഗവേഷകരുടെ വിലയിരുത്തൽ.  ഹോട്ടലിലേക്ക് ഇപ്പോൾ തന്നെ പോയേക്കാം എന്നാണോ തീരുമാനം? പക്ഷെ ഇപ്പോൾ ഒരു രക്ഷയുമില്ല. ഹോട്ടൽ നിർമ്മാണം തുടങ്ങിയ  2018 ൽ തന്നെ  ഇങ്ങോട്ടുള്ള ബുക്കിങ്  ആരംഭിച്ച് കഴിഞ്ഞതാണ്. ഈ വർഷം ഓഗസ്റ്റ് മാസം വരെ ഹോട്ടലിൽ ഒരു സീറ്റ് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

This post was last modified on March 27, 2019 12:18 pm