X

വെബ് ചെക് ഇൻ ചെയ്യാന്‍ 800 രൂപ അധികം ഈടാക്കുന്ന ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം; പരിശോധിക്കുന്നതായി കേന്ദ്ര സർക്കാർ

ഇയർന്ന ഇന്ധന വില, രൂപയുടെ വിലയിടിവ്, കടുത്ത മത്സരം, ഉയരുന്ന നടത്തിപ്പ് ചെലവ് എന്നിവ മൂലം വ്യോമയാന വ്യവസായത്തിൽ ലാഭം ഇടിയുകയാണ്. ഇതോടെ മറ്റു സേവനങ്ങളിൽ നിന്നും പണം കണ്ടെത്താനാണ് ഇവരുടെ ശ്രമം.

വെബ് ചെക് ഇൻ ചെയ്യണമെങ്കിൽ തങ്ങൾ 800 രൂപ കൂടുതലായി നൽകണമെന്ന് ഇൻഡിഗോ വിമാനയാത്രികർ കഴിഞ്ഞ ദിവസങ്ങളിലാണ് മനസിലാക്കിയത്. വിമാനകമ്പനിയുടെ നയം മാറ്റത്തെ തുടർന്നാണിത്. “ഞങ്ങളുടെ പുതുക്കിയ നയമനുസരിച്ച് എല്ലാ സീറ്റുകളും വെബ് ചെക് ഇന്നിൽ പണം നൽകേണ്ടവയാണ്. അല്ളെങ്കിൽ നിങ്ങള്ക്ക് സൗജന്യമായി വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്യാം,” ഞായറാഴ്ച്ച നൽകിയ ട്വീറ്റുകളിൽ ഇൻഡിഗോ പറഞ്ഞു. ഇത്തരത്തിൽ സീറ്റ് തെരഞ്ഞെടുക്കാൻ 100 മുതൽ 800 രൂപ വരെയാണ് നവംബർ 14 മുതൽ അവർ ഇതിനു ഈടാക്കുന്നത്.

മുൻകൂട്ടി ഇത്തരം മാറ്റത്തെക്കുറിച്ച് പറഞ്ഞില്ല എന്നുള്ളതിനാൽ പല യാത്രക്കാരും ഇതിൽ പ്രതിഷേധിക്കുന്നു. വിമാനയാത്ര കമ്പനികൾ തങ്ങളുടെ സേവനങ്ങളും അതിനീടാക്കുന്ന തുകയും വെബ്‌സൈറ്റുകളിൽ സുതാര്യവും വ്യക്തവുമായി കാണിക്കണം എന്നാണ് ചട്ടം. ഇത്തരത്തിലുള്ള സേവനങ്ങൾ തെരഞ്ഞെടുക്കാതെയും ബുക്കിംഗ്/ റിസർവേഷൻ ചെയ്യാമെന്നും അവർ വെബ് സൈറ്റിൽ കാണിക്കേണ്ടതുണ്ട്. യാത്രക്കാരുടെ തിരക്കി കൈകാര്യം ചെയ്യാൻ വേണ്ടത്ര അടിസ്ഥാന സൗകര്യം ഇല്ലാതെ വീർപ്പുമുട്ടുകയാണ് ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളും. വെബ് ചെക് ഇൻ ചെയ്യാൻ 100-800 എന്ന തുക ഈടാക്കിയാൽ വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്യാൻ വീണ്ടും നീണ്ട വരികൾ പ്രത്യക്ഷപ്പെടാൻ ഉടയാക്കും. അതെ സമയം വെബ് ചെക് ഇൻ ചെയ്യാൻ തുക ഈടാക്കാനുള്ള ഇൻഡിഗോ തീരുമാനം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. “ഈ തുക സേവനങ്ങൾക്ക്‌ തുക ഈടാക്കാനുള്ള ചട്ടക്കൂടിൽ വരുന്നതാണോ എന്ന് ഞങ്ങൾ പരിശോധിക്കുകയാണ്,” വ്യോമയാന മന്ത്രാലയം തിങ്കളാഴ്ച്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

സർക്കാർ പ്രസ്താവനയും സാമൂഹ്യ മാധ്യമങ്ങളിലെ വലിയ പ്രതിഷേധവും വന്നതോടെ, ഇത് ആഗോളതലത്തിൽ വ്യോമയാന കമ്പനികൾ ചെയ്യുന്നതാണെന്ന വിശദീകരണവുമായി കമ്പനി രംഗത്തെത്തി. യാത്രക്കാരൻ സീറ്റിനായി വേറെ പണം നൽകണമെന്ന് നിർബന്ധമില്ലെന്നും മുൻകൂട്ടി സീറ്റ് തെരഞ്ഞെടുക്കാനാണ് പണം നൽകേണ്ടത് എന്നുമാണ് ഇൻഡിഗോ പറയുന്നത്. ഓൺലൈൻ വഴി ചെക് ഇൻ ചെയ്യുമ്പോൾ കുറച്ചു സീറ്റുകൾ സൗജന്യമായി നൽകാറുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഭൂരിഭാഗം സീറ്റുകളും പണം ഈടാക്കി നൽകുന്ന രീതി നിലയിലുണ്ടായിരുന്നതിനാൽ ഓൺലൈൻ വഴിയുള്ള ചെക് ഇൻ ചെയ്യലിൽ യാത്രക്കാർക്ക് വലിയ തെരഞ്ഞെടുപ്പൊന്നും ഉണ്ടായിരുന്നില്ല. “മുൻകൂട്ടി സീറ്റുകൾ തെരഞ്ഞെടുക്കുന്നതിൽ ഇൻഡിഗോ വലിയ തീരുമാനങ്ങളാണ് എടുക്കുന്നത്. ഇത് പല വിഭാഗം യാത്രക്കാരുടെയും താത്പര്യങ്ങളെ തൃപ്തിപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നു,” അവർ പറയുന്നു. ഇത് ഒരുമിച്ചിരിക്കേണ്ടവർക്ക് അങ്ങനെയിരിക്കാനും മറ്റും സാധ്യമാക്കുന്നു. വിമാനത്താവളത്തിൽ യാത്രക്കാർ എത്തിയതിനു ശേഷമുള്ള അസൗകര്യം ഇങ്ങനെ കുറയ്ക്കാമെന്നും ഇൻഡിഗോ പറഞ്ഞു.

ചില വിമാനങ്ങളിൽ ധാരാളം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ചിലത് വെബ് ചെക് ഇന്നിൽ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ വലിയ കാര്യമായി അവകാശപ്പെടുന്നത്. കണക്കുകൾ കാണിക്കുന്നത് നവംബറിൽ ഇൻഡിഗോ passenger load factor (PLF) 83.1% ആയിരുന്നു എന്നാണ്. ഇൻഡിഗോ വിമാനങ്ങളിൽ ലഭ്യമായ സീറ്റുകളുടെ 17% മാത്രമേ ഒഴിഞ്ഞുകിടന്നുള്ളൂ എന്നാണു ഇതിനർത്ഥം. സ്‌പൈസ്‌ജെറ്റ് PLF 90.8% ആണ്. മിക്ക നഗരങ്ങളിലേക്കുള്ള വിമാനങ്ങളിലും യാത്രക്കാർ നിറഞ്ഞായതുകൊണ്ട്, പണം നൽകി സീറ്റ് മുൻകൂട്ടി തെരഞ്ഞെടുക്കാൻ യാത്രക്കാർ സന്നദ്ധരാകുന്നു. ഇയർന്ന ഇന്ധന വില, രൂപയുടെ വിലയിടിവ്, കടുത്ത മത്സരം, ഉയരുന്ന നടത്തിപ്പ് ചെലവ് എന്നിവ മൂലം വ്യോമയാന വ്യവസായത്തിൽ ലാഭം ഇടിയുകയാണ്. ഇതോടെ മറ്റു സേവനങ്ങളിൽ നിന്നും പണം കണ്ടെത്താനാണ് ഇവരുടെ ശ്രമം.

195 എയർബസ് A320 വിമാനങ്ങളുള്ള ഇൻഡിഗോ ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയുടെ 43% കയ്യടക്കുന്നു. ഇത്ര വലിയ സാന്നിധ്യം ഉണ്ടായിട്ടും സെപ്റ്റംബറിൽ അവസാനിച്ച കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഇൻഡിഗോയുടെ നഷ്ടം 652.1 കോടി രൂപയാണ്. നവംബർ 2015-ൽ ഓഹരിക്കമ്പോളത്തിൽ വന്നതിനുശേഷം ഇതാദ്യമായാണ് മൂന്നുമാസത്തെ കണക്കിൽ കമ്പനിക്കു നഷ്ടം നേരിടുന്നത്.

പുനരാലോചന വേണം
ഓൺലൈനിൽ ബുക് ചെയ്യുമ്പോൾ അതിനു പ്രത്യേക തുക ഈടാക്കുന്ന പല സേവനദാതാക്കളും, അതിപ്പോൾ സിനിമ ടിക്കറ്റ് മുതൽ റെയിൽവേ ടിക്കറ്റ് വരെ, ചിന്തിക്കാതെ പോകുന്നത് ഓൺലൈൻ സേവനം വഴി അവർക്കുണ്ടാകുന്ന നേട്ടങ്ങളാണ്. ഒരു സിനിമ തുടങ്ങുന്നതിനു മുമ്പ് ഒരു മൾട്ടിപ്ലെക്സിൽ ഉണ്ടാകുന്ന വലിയ വരിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ആൾക്കൂട്ടത്തെ നിയന്ത്രിക്കൽ മാത്രമല്ല, മറ്റു അടിസ്ഥാന സൗകര്യ ചെലവുകളും അതിനൊപ്പം വേണ്ടിവരും.

കമ്പനിയുടെ ചെലവുകൾ യഥാർത്ഥത്തിൽ കുറയ്ക്കുന്ന യാത്രക്കാരെയാണ് ഇൻഡിഗോയുടെ നീക്കം ശിക്ഷിക്കുന്നത്. ഓൺലൈൻ ചെക് ഇൻ ചെയ്യാൻ പണമീടാക്കുന്നത് ആ സൗകര്യത്തിന്റെ ഉദ്ദേശത്തെത്തന്നെ ഇല്ലാതാക്കും. ടിക്കറ്റെടുക്കാൻ ഇത്തരത്തിൽ കാശീടാക്കിയാൽ യാത്രക്കാർ മറ്റു കമ്പനികൾ തേടും . ഓൺലൈൻ വഴി കൂടുതൽ പണം നല്കേണ്ടിവന്നാൽ ടിക്കറ്റ് കൗണ്ടർ വഴി എടുക്കാൻ യാത്രക്കാർ വരുന്നത് യാത്രക്കാർക്ക് സമയനഷ്ടവും കമ്പനിക്ക് കൂടുതൽ കൗണ്ടറുകൾ തുറക്കാനുള്ള ചെലവുമാണ് സൃഷ്ടിക്കുക. ഇന്ധന ചെലവും മറ്റ് സാമ്പത്തിക പ്രയാസങ്ങളും കമ്പനിയെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാണ് അതിനെ നേരിടേണ്ടത്, അല്ലാതെ ഓൺലൈൻ സൗകര്യങ്ങൾക്ക് പണം ഈടാക്കിയല്ല.

പിൻകുറിപ്പ്

ഇന്ത്യൻ റെയിൽവേ സന്ദർഭം മുതലാക്കി. “നിങ്ങൾക്കൊരു തീവണ്ടിയിൽ പോകാമെന്നിരിക്കെ എന്തിനാണ് വിമാനത്തിലെ വെബ് ചെക് ഇൻ ചെയ്യാൻ പണം കളയുന്നത്. വെബ് ചെക് ഇൻ ചെയ്യാൻ അധികം പണം നൽകേണ്ട. ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യൂ, അന്യായമായ തുകയോ കാർബൺ ബഹിർഗമനവും കുറയ്‌ക്കൂ,” ഇന്ത്യൻ റെയിൽവേ ട്വീറ്റ് ചെയ്‌തു.