X
    Categories: യാത്ര

കേരളം സുരക്ഷിതമാണെന്ന സന്ദേശത്തിലൂടെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ കെ റ്റി ഡി സി

'മൂന്ന് മാസമായി ടൂറിസം വ്യവസായം നഷ്ടത്തിലാണ്. ഏകദേശം 2000 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ട്.' ടൂര്‍ ഓപ്പറേറ്ററുമാര്‍

നിപ്പ വൈറസ് ബാധയുടെ തിരിച്ചടിയില്‍ നിന്ന് കേരളത്തിലെ ടൂറിസം കരകയറുമ്പോഴാണ് പ്രളയക്കെടുതി ഉണ്ടായത്. സഞ്ചാരികള്‍ മൂന്ന് മാസത്തേക്കുള്ള ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. കേരളത്തിലെ ടൂറിസം വ്യവസായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ദീര്‍ഘ വീക്ഷണത്തോടെ സമഗ്രമായുള്ള കര്‍മ്മപരിപാടികള്‍ക്ക് കേരള വിനോദ സഞ്ചാര വകുപ്പ് (KTDC) രൂപം നല്‍കുന്നു.

ഇതിനായി 12 പോയിന്റ് ആക്ഷന്‍ പ്ലാനുകളാണ് കേരള ടൂറിസം ഒരുക്കിയിരിക്കുന്നത്. ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍ എന്നിവയടക്കം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ നടത്തും. ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളിലൂടെയും, റോഡ് ഷോകളിലൂടെയും ശ്രദ്ധേയമായ പ്രചാരണങ്ങള്‍ നടത്തും.

ടൂറിസ്റ്റ് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം അടിയന്തരമായി നടത്തുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം ട്രേഡ് ഫെയറുകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പ് വരുത്തും. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ദേശീയ അന്തര്‍ദേശീയ ടൂറിസം ട്രേഡ് ഫെയറുകളില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 16ന് നടക്കുന്ന ഇന്ത്യന്‍ ടൂറിസം മാര്‍ട്ടില്‍ കേരള ടൂറിസത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തും. ഡല്‍ഹി പോലുള്ള എല്ലാ പ്രധാന നഗരങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളും പ്രചാരണങ്ങളും നടത്തും, അധികൃതര്‍ വ്യക്തമാക്കി.

‘കേരളം ഇപ്പോള്‍ സുരക്ഷിതമാണെന്ന സന്ദേശം എല്ലാവരെയും അറിയിക്കാനാണ് ഇത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ റോഡ് പുനരുദ്ധാരണം ആരംഭിച്ചു. തേക്കടിയില്‍ ബോട്ടിങ്ങും തുടങ്ങിയിട്ടുണ്ട്,’- ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു.

കേരളത്തിലെ തൊഴിലവസരങ്ങളില്‍ 25 ശതമാനവും ടൂറിസം മേഖലയിലാണ്. കേരളത്തിന്റെ 10% ജിഡിപി സംഭാവന ചെയ്യുന്നതും ടൂറിസം മേഖലയാണ്.

‘മൂന്ന് മാസമായി ടൂറിസം വ്യവസായം നഷ്ടത്തിലാണ്. ഏകദേശം 2000 കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ എല്ലാ ബുക്കിങ്ങുകളും ക്യാന്‍സല്‍ ചെയ്തു. ചില മാധ്യമങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പുകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു. ഇത് കേരളം സുരക്ഷിതമല്ലെന്ന് പ്രതീതിയാണ് സഞ്ചാരികള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയത്’ – ടൂര്‍ ഓപ്പറേറ്ററുമാര്‍ പറഞ്ഞു.

വരും മാസങ്ങളില്‍ കേരള ടൂറിസം വരുമാനത്തെയും പ്രളയം കാര്യമായി ബാധിക്കുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ആയ ഐസിആര്‍എ പറഞ്ഞു. ‘2017-ല്‍ കേരളത്തിലേക്ക് ദേശീയ സഞ്ചാരികളുടെ ഒഴുക്ക് 11.4% വര്‍ദ്ധിച്ചിട്ടുണ്ട്. 147 ലക്ഷം സഞ്ചാരികളാണ് എത്തിയത്. വിദേശ സഞ്ചാരികളുടെ ഒഴുക്കില്‍ 5.2% വര്‍ദ്ധനവുണ്ടായി. 10.9 ലക്ഷം വിദേശ സഞ്ചാരികളാണ് 2017-ല്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയിലെ വിദേശ വിനിമയം 8.3% രേഖപ്പെടുത്തി. 8,392 കോടി രൂപയുടെ വിനിമയം ആണ് നടന്നത്. ടൂറിസത്തിന്റെ മൊത്ത വരുമാനത്തിന് 12.6% വര്‍ദ്ധനവാണ് ഉണ്ടായത്. 33,384 കോടി രൂപയാണ് കേരള ടൂറിസത്തിന്റെ മൊത്തം വരുമാനം,’ – ഐസിആര്‍എ പറഞ്ഞു.

കേരളത്തിലെ 14 ജില്ലയില്‍ 10 ജില്ലകള്‍ക്ക് പ്രളയത്തില്‍ വലിയ നാശനഷ്ടം നേരിടേണ്ടി വന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസവും വ്യവസായവും നടക്കുന്ന ജില്ലയായ എറണാകുളമാണ് പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായ സ്ഥലം. കൊച്ചിയിലെ വിമാനത്താവളം രണ്ട് അഴ്ചതോളം അടച്ചിട്ടു. മൂന്നാര്‍, വയനാട്, തേക്കടി ഇപ്പോള്‍ പഴയ സ്ഥിതിയിലേക്ക് എത്തുന്നു.

‘എല്ലാ എക്‌സിബിഷനിലും പരിപാടികളിലും ഞങ്ങള്‍ പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ പ്രധാന മേഖലകളിലും വാര്‍ത്ത സമ്മേളനം നടത്തും. വ്യവസായികളുടെ നിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ ഇത് ആരംഭിച്ചു കഴിഞ്ഞു,’ – ഒരു ടൂര്‍ ഓപ്പറേറ്റര്‍ പറഞ്ഞു.

This post was last modified on September 17, 2018 11:16 am