X
    Categories: യാത്ര

‘പ്രണയികള്‍ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യകേന്ദ്രം’ മൂന്നാര്‍!

ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ട്രാവല്‍ അവാര്‍ഡ് 2017-ന് മൂന്നാര്‍ അര്‍ഹമായി

‘പ്രണയികള്‍ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യകേന്ദ്രം’ എന്ന ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ട്രാവല്‍ അവാര്‍ഡ് 2017-ന് മൂന്നാര്‍ അര്‍ഹമായി. ആറാമത് ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ ട്രാവല്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്നും കേരള വിനോദസഞ്ചാര ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി. 2017-ലെ കേരള വിനോദസഞ്ചാര വകുപ്പിന് ലഭിച്ച പുരസ്‌കാരങ്ങളുടെ ഒരു നിരയില്‍ ഒന്നുകൂടിയായി ലോണ്‍ലി പ്ലാനറ്റ് പുരസ്‌കാരം മാറുന്നു.

ദേശീയ, അന്തര്‍ദേശീയ സഞ്ചാര ലക്ഷ്യങ്ങളിലെ ഏറ്റവും മികച്ചവയ്ക്കുള്ള അംഗീകാരമായാണ് ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്. തങ്ങളുടെ സഞ്ചാര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലുള്ള മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിരവധി പുരസ്‌കാര വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കാന്‍ യാത്രികര്‍ക്ക് അവസരം ലഭിക്കുന്നു. പ്രണയം, സംസ്‌കാരം, സാഹസം, ഭക്ഷണവും പാനീയങ്ങളും, വന്യജീവി കേന്ദ്രങ്ങള്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ വ്യവസായത്തിന്റെ അളവുകോലുകള്‍ വച്ച് മികച്ച കേന്ദ്രങ്ങളെ വ്യവസായത്തില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ ഒരു സമിതി നാമനിര്‍ദ്ദേശം ചെയ്യുന്നു.


മനോഹരവും പ്രണയ നിര്‍ഭരവുമായ കോട്ടേജുകള്‍, മേഘങ്ങള്‍ ഒഴുകി നടക്കുന്ന പര്‍വതങ്ങള്‍ തേയിലത്തോട്ടങ്ങള്‍, ഹരിതാഭമായ താഴ്‌വരകള്‍, വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തല ശബ്ദം എന്നിവ കൊണ്ട് പ്രശസ്തമാണ് പുരസ്‌കാരം ലഭിച്ച മൂന്നാര്‍. ദൃശ്യമനോഹരമായ ഈ പ്രദേശത്തിന്റെ ശാന്തമായ കാലവസ്ഥ അതിനെ ഇന്ത്യയിലെ തന്നെ ഏറ്റവും സ്വീകാര്യമായ മധുവിധു കേന്ദ്രമാക്കി മാറ്റുന്നു. ‘സാംസ്‌കാരിക, ഭൂപ്രകൃതി പാരമ്പര്യങ്ങളുടെ നാടായ കേരളം, വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ പിന്‍തള്ളിക്കൊണ്ട് ഏറ്റവും ആകര്‍ഷകമായ വിവാഹ, മധുവിധു കേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിവാഹ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ വന്‍വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. വിദേശികളുടെയും പ്രവാസികളുടെയും വിവാഹങ്ങളുടെ കാര്യത്തില്‍ പുതിയ പ്രവണതകള്‍ സൃഷ്ടിക്കാന്‍ കേരളത്തിന് ഇപ്പോള്‍ സാധിക്കുന്നു എന്ന് നിസംശയം പറയാം.

‘കേരളത്തിലെ വിനോദസഞ്ചാര വകുപ്പിന് ഇതൊരു സന്തോഷകരമായ നിമിഷമാണ്. ഇന്ത്യന്‍ യാത്രികര്‍ക്കിടയില്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ കേരളത്തിന് പ്രചാരം വര്‍ദ്ധിക്കുന്നു എന്ന യാഥാര്‍ത്ഥ്യം സന്തോഷത്തിന് വഴി നല്‍കുന്നു. അതിന്റെ ശാശ്വതമല്ലാത്ത വളര്‍ച്ച വീഥിയില്‍ ഉണ്ടായിരിക്കുന്ന ഈ പുരോഗമനപരമായ ചലനാത്മകതയ്ക്ക് തുടര്‍ച്ച നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തുടരും,’ എന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പി ബാല കിരണ്‍ ഐഎഎസ് പ്രഖ്യാപിച്ചു. ‘കേരളത്തിലേക്കുള്ള വിദേശ, സ്വദേശ വിനോദസഞ്ചാരികളുടെ ഒഴുക്ക് മുന്‍വര്‍ഷങ്ങളില്‍ യഥാക്രമം 6.23 ശതമാനത്തിന്റെയും 5.67 ശതമാനത്തിന്റെയും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര പശ്ചാത്തല സൗകര്യങ്ങളില്‍ നല്ല വളര്‍ച്ച കൈവരിച്ച സംസ്ഥാനം പുതിയ വിനോദസഞ്ചാര നയവുമായി മുന്നോട്ട് വരികയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഈ പുരസ്‌കാരങ്ങളൊക്കെ നേടിയെടുത്തത്,’ എന്ന് കേരള വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on May 29, 2017 3:18 pm