X
    Categories: യാത്ര

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഫ്രീ വിസ നല്‍കാനൊരുങ്ങുന്ന ശ്രീലങ്കയുടെ ലക്ഷ്യം ഇതാണ്

വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും.

ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് ഫ്രീ വിസ നല്‍കാനൊരുങ്ങുകയാണ് ശ്രീലങ്ക. ഇന്ത്യയുള്‍പ്പടെ 48 രാജ്യങ്ങള്‍ക്കാണ് ശ്രീലങ്ക ഫ്രീ വിസ നല്‍ക്കുക. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു മാസത്തെ ഫ്രീ വിസ നല്‍കാനൊരുങ്ങി ശ്രീലങ്ക. ഏപ്രിലിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് തിരിച്ചടി നേരിട്ട ടൂറിസം മേഖലയില്‍നിന്നുള്ള വരുമാനം തിരിച്ചുപിടിക്കാനുള്ള ശ്രമമാണിത്.

നിലവിലുള്ള വിസ ഫീസ് (ദക്ഷിണേഷ്യയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 20 ഡോളറും മറ്റെല്ലാവര്‍ക്കും 35 ഡോളറും) സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന് ശ്രീലങ്കയിലെ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗ പ്രഖ്യാപിച്ചു. വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുന്നവര്‍ക്കും ആനുകൂല്യം ലഭിക്കും. ആറുമാസത്തെ കാലാവധിയാണ് നല്‍കുന്നത്.

ടൂറിസം മേഖലയില്‍ വമ്പിച്ച കുതിച്ചുചാട്ടത്തിന്റെ മധ്യത്തിലാണ് ശ്രീലങ്കയുടെ ഈ വര്‍ഷം ആരംഭിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018 ല്‍ സന്ദര്‍ശകരുടെ എണ്ണം 12% വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ 263 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തോടെ ടൂറിസം രംഗവും നാടകീയമായി സ്തംഭിച്ചു. ശ്രീലങ്കന്‍ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് മെയ് മാസത്തില്‍മാത്രം അന്താരാഷ്ട്ര സന്ദര്‍ശകരുടെ വരവ് 71% കുറഞ്ഞു. ഒരു ദശാബ്ദത്തിന് മുമ്പ് ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

പക്ഷെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരുന്നുണ്ട്. ജൂണില്‍ രാജ്യം സന്ദര്‍ശിച്ചവരുടെ എണ്ണം 63,072 ആയി ഉയര്‍ന്നു. മെയ് മാസത്തില്‍ ഇത് 37,802 ആയിരുന്നു. നിരവധി രാജ്യങ്ങള്‍ ശ്രീലങ്കയിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചിരുന്നു. കൂടാതെ, സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആറ് മാസത്തേക്ക് എയര്‍ലൈന്‍ ഫീസ് കുറയ്ക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ജൂലൈയില്‍ പ്രഖ്യാപിക്കുകയും, നിരവധി ഹോട്ടലുകള്‍ 70% വരെ വന്‍ ഡിസ്‌കൗണ്ട് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ടൂറിസം രംഗം വീണ്ടും പച്ചപിടിയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

യുഎസ്, കാനഡ, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, റഷ്യ, സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ, കംബോഡിയ, തായ്‌ലന്‍ഡ്, ചൈന, ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് സൗജന്യ വിസ ലഭിക്കും.

Read More : ഹോളിവുഡ് താരം ലിയനാര്‍ഡോ ഡി കാപ്രിയോയെ ഈ തെരുവില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും; സന്ദര്‍ശിച്ചില്ലെങ്കിലും പരിചിതമായ പാര്‍ട്ടിസ്ട്രീറ്റ്