UPDATES

യാത്ര

വെനസ്വേലന്‍ കറന്‍സി നോട്ടുകള്‍കൊണ്ട് തീര്‍ത്ത മനോഹരമായ ശില്‍പ്പങ്ങളുമായി കൊളംബിയ നിങ്ങളെ കാത്തിരിക്കുന്നു

വിലക്കയറ്റം രൂക്ഷമായതോടെ ഈ നോട്ടുകള്‍ക്ക് പകരം ‘ബൊളീവര്‍ സൊബെറാനോ’ എന്ന പേരില്‍ പുതിയ കറന്‍സികള്‍ അച്ചടിക്കാന്‍ വെനസ്വേലന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതാണ്.

അതിശയകരമായ കാലാരൂപങ്ങളാണ് ഇപ്പോള്‍ കൊളംബിയയിലൂടെ സഞ്ചരിക്കുന്ന യാത്രികരെ കാത്ത് ഇരിക്കുന്നത്. വെനസ്വേലയുടെ കറന്‍സി നോട്ടുകള്‍കൊണ്ട് മനോഹരമായ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് തെരുവുകളില്‍ വില്‍പ്പനക്ക് വച്ചിരിക്കുകയാണ് കൊളംബിയയിലെ ചില കലാകാരന്മാര്‍. സാമ്പത്തിക മാന്ദ്യം തകര്‍ത്ത വെനസ്വേലയുടെ പണത്തിന് ഒട്ടും മൂല്യമില്ലെന്നതാണ് കാരണം. ബൊഗോട്ടയുടെ ചരിത്രപ്രാധാന്യമുള്ള തെരുവുകളിലുടനീളം ‘ബൊളീവര്‍സ്’ എന്നും ‘ബൊളീവര്‍ ഫ്യൂറെറ്റ്’ എന്നുമൊക്കെ അറിയപ്പെടുന്ന വെനസ്വേലന്‍ കറന്‍സികള്‍കൊണ്ട് രൂപകല്‍പ്പന ചെയ്ത ശില്‍പ്പങ്ങള്‍ കാണാം.

മൂല്യമിടിഞ്ഞതോടെ നിരോധിക്കപ്പെട്ട നോട്ടുകളാണത്. വിലക്കയറ്റം രൂക്ഷമായതോടെ ഈ നോട്ടുകള്‍ക്ക് പകരം ‘ബൊളീവര്‍ സൊബെറാനോ’ എന്ന പേരില്‍ പുതിയ കറന്‍സികള്‍ അച്ചടിക്കാന്‍ വെനസ്വേലന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുന്നതിനായി വെനസ്വേലയില്‍നിന്ന് കൊളംബിയയിലേക്ക് കുടിയേറി വന്നവരാണ് പല കലാകാരന്മാരും. അക്കൂട്ടത്തില്‍ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഏണസ്റ്റോ റോജസും, ഡിസൈനറായ ലൂയിസ് ഓര്‍ലാന്‍ഡോയുമുണ്ട്. ഓര്‍ലാന്‍ഡോ നോട്ടുകള്‍ മടക്കി മനോഹരമായ ശില്‍പ്പങ്ങള്‍ ഉണ്ടാക്കും. അതിന് കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള വര്‍ണ്ണങ്ങള്‍ നല്‍കലാണ് റോജസിന്റെ ജോലി.

പണംകൊണ്ടുള്ള ഒരു കലാസൃഷ്ടിക്ക് ബൊഗോട്ടയില്‍ 20 ഡോളര്‍ (ഏകദേശം 1400 രൂപ) വരെ വില ലഭിക്കും. ഒരു കലാകാരന്‍ രൂപകല്‍പ്പന ചെയ്ത ‘ഇരുമ്പു സിംഹാസന’ത്തിന്റെ മാതൃക ‘എറ്റ്‌സി’ എന്ന പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയില്‍ സൈറ്റിലൂടെ വില്‍പ്പനക്ക് വച്ചിട്ടുണ്ട്. നോട്ടു നിരോധന കാലത്തെ ഇന്ത്യയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ക്കായി ക്യൂ നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ വെനസ്വേലയിലും വൈറലായിരുന്നു.


കഴിഞ്ഞ മാസം അന്താരാഷ്ട്ര നാണയ നിധി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വെനിസ്വേലയിലെ പണപ്പെരുപ്പം പത്ത് ദശലക്ഷം ശതമാനം ഉയരുമെന്നാണ് പ്രവചിക്കുന്നത്!. ആഭ്യന്തര പ്രശ്‌നങ്ങളും രാഷ്ട്രീയ അസ്ഥിരതയും രൂക്ഷമായതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെ ആരും വെനസ്വേലയിലേക്ക് പോകരുതെന്ന് ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.

Read: ആഫ്രിക്കയിലെ മൃഗങ്ങളുടെ അവസാനത്തെ സുരക്ഷിത താവളവും നഷ്ടപ്പെടുന്നു; ആനവേട്ടയ്ക്ക് അനുമതി നല്‍കി ബോട്‌സ്വാന

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍