X

നിങ്ങളുടെ ഇന്നലെകളാണ് ഞങ്ങള്‍ക്ക് ഇന്നുകള്‍ സമ്മാനിച്ചത്; കൊഹിമയിലെ അജ്ഞാത പോരാളികള്‍

കൊഹിമയിലെ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ സൈനികരുടെ സമാധിയിടത്തിലേക്കുള്ള യാത്ര/ യാം നോവല്‍

‘കൊഹിമയിലെ ടെന്നീസ് കോര്‍ട്ടില്‍ അവിടെ വീണ ഓരോ മനുഷ്യനും വേണ്ടിയും ഒരു ശ്മശാന ശില സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ ശിലകളിന്മേല്‍ അവര്‍ ഓരോരുത്തരുടെ നാഴികകള്‍ കുറിക്കുന്ന പിത്തള പ്ലേറ്റുകളും. കാടുകള്‍ വെട്ടി നഗ്‌നമാക്കിയ കുന്നുകളിന്മേല്‍ വെള്ളക്കാരും അവര്‍ക്കു പുറകെ വന്ന നാടന്‍ സാഹിബുമാരും പണിത ബംഗ്ലാവുകള്‍ എഴുന്നുനിന്നു. കുന്നുകളില്‍ചുറ്റി ഇഴയുന്ന റോഡുകളില്‍കൂടി പട്ടാളവണ്ടികള്‍ ഇടവിടാതെ നീങ്ങിക്കൊണ്ടിരുന്നു. ടെന്നിസ് കോര്‍ട്ടിലെ പുല്‍ത്തകിടികള്‍ക്കിടയിലെ തടങ്ങളില്‍ തഴച്ചു വളരുന്ന ശിശിര പുഷ്പങ്ങള്‍ കാറ്റില്‍ വിറച്ചു.’ – അഭയാര്‍ത്ഥികള്‍ (ആനന്ദ്)

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് ആര്‍ത്തിരമ്പി വന്ന ജപ്പാന്‍ സൈന്യത്തിനു തോറ്റു പിന്‍വാങ്ങേണ്ടി വന്നത് കൊഹിമയില്‍ വച്ചാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ടെന്നീസ് മൈതാനത്ത് വച്ചു നടന്ന ആ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ സൈനികരുടെ സമാധി സ്ഥലം കൊഹിമയുടെ ഹൃദയഭാഗത്തായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചെറിയ തണുപ്പുള്ള പ്രഭാതം, വിജനമായ സെമിത്തേരിയില്‍ പുല്‍ത്തകിടികളിലെ പിത്തള തകിടുകളിലൂടെ കണ്ണോടിച്ചു നടന്നു. വിവിധ പദവികള്‍ വഹിച്ചവര്‍, വിവിധ ദേശവാസികള്‍, മതക്കാര്‍ എല്ലാം അവിടെയുറങ്ങുന്നു, കൂടെ ദൈവത്തിനുമാത്രം അറിയാവുന്ന കുറെ അജ്ഞാതരും. ബ്രിട്ടന്റെ ഏറ്റവും മികച്ച യുദ്ധവിജയങ്ങളില്‍ ഒന്നായി അവരുടെ സൈനിക മ്യൂസിയം തിരഞ്ഞെടുത്ത യുദ്ധത്തിലെ രക്തസാക്ഷികള്‍.

സൈനികരുടെ കല്ലറ

പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ വെള്ള നിറത്തില്‍ അടയാളപ്പെടുത്തിയ പഴയ ടെന്നിസ് കളം. രക്തം പുരണ്ട മണല്‍ തരികള്‍ക്കു മുകളില്‍, ലോകഭൂപടത്തെ മാറ്റി വരച്ച മഹായുദ്ധത്തിന്റെ ചരിത്രത്തെ കാലം ഈ ചെറിയ വരകളില്‍ കുറിച്ചിടുന്നു. പിന്നെയും പടികള്‍ കയറി, സൈനികരുടെ മൃതദേഹങ്ങള്‍ മതാചാര പ്രകാരം ദഹിപ്പിക്കപ്പെട്ട ചെറിയ ഇടം, അതിനു നടുവിലായി അവരുടെ പേരുകള്‍ കുറിച്ച ചുമര്‍. ബ്രിട്ടീഷ് സേനയ്ക്കൊപ്പം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലെ സൈനികരും ജപ്പാന്റെ ഉപരോധത്തെ ചെറുക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു. കൊഹിമയിലെ മലയിടുക്കുകളില്‍ തിങ്ങി നിറഞ്ഞ കെട്ടിടങ്ങള്‍ കടന്നു വരുന്ന തണുത്ത കാറ്റില്‍ കാറ്റാടിമരങ്ങള്‍ എന്തൊക്കെയൊ മൂളിക്കൊണ്ടിരുന്നു.

സൈനികരുടെ കല്ലറ

വൈവിധ്യം നിറഞ്ഞ സംസ്‌കാരങ്ങള്‍ നാഗാലാന്‍ഡിന്റെ പ്രത്യേകതയാണ്. ഓരോ വിഭാഗങ്ങള്‍ക്കും അവരുടെതായ ഭാഷയും രീതികളും ഭക്ഷണശീലങ്ങളും. ഈ വൈവിധ്യങ്ങളെ എല്ലാം കൊഹിമ ഉള്‍കൊള്ളുന്നു, ഒപ്പം പുതിയ കാലത്തിന്റെ ശീലങ്ങളും. മാടും പന്നിയും പിന്നെ പല വലിപ്പത്തിലും നിറത്തിലുമുള്ള ഭക്ഷ്യയോഗ്യമായ മാംസപദാര്‍ത്ഥങ്ങള്‍ നിരക്കുന്ന ചന്തകളും എരിവേറിയ മാംസാഹാരം വിളമ്പുന്ന ഭക്ഷണശാലകളും ഒട്ടേറെയുണ്ടിവിടെ. തീന്‍മേശകളിലേക്ക് നിയന്ത്രണങ്ങള്‍ കടന്നു വരുന്ന കെട്ടകാലത്ത് ഈ രുചികള്‍ അപ്രത്യക്ഷമാകാതിരിക്കട്ടെ.

സൈനികരുടെ കല്ലറ

നാഗാലാഡിലെ പ്രധാന ക്രിസ്ത്യന്‍ ദേവാലയമായ കത്തീഡ്രലിന്റെ വലിയ എടുപ്പുകള്‍ക്ക് താഴെയുള്ള വിശാലമായ മുറ്റത്തിരുന്നാല്‍ കൊഹിമയുടെ വിശാലദൃശ്യം ആസ്വദിക്കാം. കുന്നുകളില്‍ ചുറ്റി പോകുന്ന ഇന്തോ-ബര്‍മ്മ റോഡില്‍ക്കൂടി വരിയൊത്തു നീങ്ങുന്ന ചെറുകാറുകള്‍, കുന്നിന്‍ ചെരുവുകളില്‍ തൊട്ടു തൊട്ടു നില്‍ക്കുന്ന കെട്ടിടങ്ങള്‍, തിരക്കുള്ള കവലകള്‍, അവയ്ക്കു പിന്നിലായി നിരന്നു കിടക്കുന്ന മലനിരകള്‍. നാഗാലാന്‍ഡ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടിന്റെ ബസ് കൊഹിമയിലെ മലകള്‍ ഇറങ്ങുമ്പോഴും ആ വാചകമായിരുന്നു മനസ്സില്‍. സംവദിക്കുന്ന ആശയത്തോട് പൂര്‍ണമായ യോജിപ്പില്ലെങ്കിലും ചില വാചകങ്ങള്‍ മനസ്സിലുടക്കും, പൂക്കാന്‍ തുടങ്ങുന്ന ചെറിമരത്തിനു താഴെ പരമ്പരാഗത നാഗാശൈലിയിലുള്ള ശ്മശാനശിലയിലെ ഗ്രാനൈറ്റ് ഫലകത്തില്‍ കൊത്തിവച്ച വാക്കുകള്‍- ‘When you go home, tell them of us and say for your tomorrow we gave our today’.