X

ട്രീ ഓഫ് ലൈഫ്; പ്രവാസിയുടെ ജീവിതം പോലെ മരുഭൂമിയിലെ മായികജീവനകല

ജീവിതം പൂര്‍ണ്ണമാകുന്നത് പലപ്പോഴും അത് അതിജീവനത്തിന്‍റെ കൂടിയാകുമ്പോഴാണ്. ആദിമ ജൈവികവ്യവസ്ഥ മുതല്‍ എടുത്തുനോക്കിയാല്‍ വേട്ടക്കാരനും ഇരയും തമ്മിലുള്ള ഒരു കണ്ണുപൊത്തിക്കളിയാണ് ജീവിതം. അതിജീവിക്കുന്നവര്‍ക്ക് മാത്രം അവകാശപ്പെടാവുന്നതായി നമ്മുടെ ഭൂമി ഇന്ന് കൂടുതല്‍ കൂടുതല്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഈ നിയമം മനുഷ്യന് മാത്രമല്ല സര്‍വ്വജീവജാലങ്ങള്‍ക്കും മരങ്ങള്‍ക്കും കാടുകള്‍ക്കുമെല്ലാം ഒരുപോലെ ബാധകമാണ്.

കോടിക്കണക്കിന് മരങ്ങള്‍ വെട്ടിമുറിക്കപ്പെടുമ്പോഴും അതിജീവിച്ചുനില്‍ക്കുന്ന കുറച്ചെണ്ണത്തിലാണ് ഇന്ന് മനുഷ്യന്‍റെ നിലനില്‍പ്പ്‌ പോലും തൂങ്ങിയാടിക്കൊണ്ടിരിക്കുന്നത്. കാടുകളില്‍  വന്യമൃഗങ്ങള്‍ക്കിരയാകുമ്പോഴും മാനുകളും മുയലുകളും മറ്റ് ചെറു മൃഗങ്ങളും വംശനാശം വരാതെ ഇനിയും കാത്തുവെക്കപ്പെടുന്നു. അത് പ്രകൃതിയുടെ ജീവനമന്ത്രം. മനുഷ്യനിന്ന്‍  പ്രകൃതിയില്‍ നിന്നു ഒരുപാട് അകന്നുകൊണ്ടിരിക്കുന്നു. തങ്ങളുടെ  പ്രയത്നത്തില്‍ അവര്‍ക്ക് ചുറ്റും ജീവിതം എളുപ്പമായിത്തീരാനുള്ള ശാസ്ത്രസാങ്കേതികതകള്‍ വളര്‍ന്നുമുറ്റിയിട്ടും ആത്മശാന്തിയ്ക്ക് വേണ്ടി അലഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വന്തം മനസ്സിന്‍റെയും മനസാക്ഷിയുടെയും നിലനില്‍പ്പിനു വേണ്ടി ജീവനകലകളും ചിരിക്ലബുകളും പുനരാവിഷ്കരിക്കേണ്ടി വരുന്ന ഒരു കാലത്തിന്‍റെ വക്കിലാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

ജീവിക്കാനുള്ള അവകാശം കച്ചിത്തുരുമ്പായി മാറുന്ന ഈ കാലഘട്ടത്തിലും, കാലത്തിനു മുന്നില്‍ അതിജീവനത്തിന്‍റെ ആള്‍രൂപങ്ങളായി അവശേഷിക്കുന്ന ചിലതുണ്ട്. അത് ചിലപ്പോള്‍ സ്മാരകശിലകളോ വന്മരങ്ങളോ മതിലുകളോ കൊടുമുടിയോ എന്തുമാവാം. അങ്ങനെയൊരു ചരിത്രദൌത്യവും പേറി ഭൂമിയില്‍ ഇപ്പോഴും ജീവിതപ്രതീക്ഷയുടെ പ്രതീകമായ് നില്‍ക്കുന്ന ഒന്നാണ് ട്രീ ഓഫ് ലൈഫ് അഥവാ ജീവിതമരം. ഗള്‍ഫ്‌ രാജ്യങ്ങളിലൊന്നായ ബഹറിനിലെ മരുപ്രദേശമായ ജാബേല്‍ധൂക്കാനിലാണ് ഈ മരം. 

മറ്റു ഗള്‍ഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബഹ്‌റൈ൯ പച്ചപ്പ്‌ കൂടുതലുള്ള പ്രദേശമാണ്. തരിശു പ്രദേശങ്ങളും മരുഭൂമിയും ഇവിടെ കുറച്ചേയുള്ളൂ. അതില്‍പ്പെട്ടതാണ് ട്രീ ഓഫ് ലൈഫ് സ്ഥിതി ചെയ്യുന്ന ജാബേല്‍ദൂക്കാ൯. ഇവിടേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ നമുക്ക് കാണാനാവുക നോക്കെത്താത്ത ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ശൂന്യമായ മണല്‍പ്പരപ്പാണ്. പൊടിപാറിച്ചുകൊണ്ടിരിക്കുന്ന കാറ്റുകള്‍ക്കിടയിലൂടെ നോക്കിയാല്‍ ഒരു മാപ്പില്‍കാണുന്ന പോലെ ദൂരേക്ക്‌ ദൂരേക്ക്‌ നീളുന്ന നൂല്‍വണ്ണത്തിലുള്ള റോഡുകള്‍കാണാം. റോഡുകളുടെ വശങ്ങളിലായി അവിടെയും ഇവിടെയുമായി കുറച്ചു ടെന്‍ടുകള്‍. അത് ബഹ്‌റൈ൯ ഡിഫെന്‍സിന്‍റെ അധീനപ്രദേശം കൂടിയാണ്. പട്ടാളക്കാരുടെ താല്‍ക്കാലിക ക്യാമ്പ്. 

ഇരുപത്തഞ്ചു അടി  ഉയരമുള്ള മണല്‍ക്കൂനയ്ക്ക് മീതെയായാണ് പത്ത് മീറ്ററോളം  ഉയരമുള്ള മരം നിലകൊള്ളുന്നത്. നാന്നൂറ് വര്‍ഷത്തിലേറെ പ്രായമുണ്ട് ഈ മരമുത്തശ്ശനെന്നത് വേറൊരത്ഭുതം.പ്രദേശവാസികള്‍ക്കിടയില്‍ ശജരറ്റ്-അല്‍-ഹയാത്ത് എന്ന അറബിക്  പേരിലും ഈ  മരം അറിയപ്പെടുന്നു. ജാബേല്‍ധൂക്കാനില്‍നിന്നു രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞാല്‍ ട്രീ ഓഫ് ലൈഫിന്‍റെ അടുത്തെത്താം. പകുതി വഴി പിന്നിടുമ്പോള്‍തന്നെ ദൂരെ ആശ്വാസത്തിന്‍റെ മരുപ്പച്ചപോലെ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന മരത്തെ നമുക്ക് കാണാം. പ്രതീക്ഷയോടെ അടുത്തെത്തുമ്പോള്‍ അത് പൊയ്ക്കാഴ്ച്ച ആയിരുന്നില്ലെന്ന തിരിച്ചറിവ്…ഏതു മരുഭൂമിയിലായാലും നിലനില്‍പ്പിന്‍റെ ജീവിതസാധ്യതകള്‍ വിളിച്ചോതുന്ന ഒരു വന്‍വടവൃക്ഷം. ചില്ലകളില്‍ കയറി മറിയാനും വട്ടം ചുറ്റാനും ഒരു ബാല്യം കൂടി കാത്തുവെച്ചുകൊണ്ട് ഒരു മരമുത്തശ്ശനെപ്പോലെ ആ മരം ചൂടുള്ള മരുക്കാറ്റുകള്‍ക്ക് മീതെ വാത്സല്യത്തിന്‍റെ തണല്‍ചൊരിയുന്നു.

ഒരു തുള്ളി വെള്ളത്തിനു പോലും സാധ്യതയില്ലാത്ത, സമീപത്തൊന്നും ഒരു പച്ചപ്പ്‌ പോലും പൊടിയ്ക്കാത്ത ഇവിടെ നൂറ്റാണ്ടുകളായി വേരാഴ്ത്തി നില്‍ക്കുന്ന ഈ വൃക്ഷം പ്രകൃതിയുടെ അനന്യമായ ശക്തിയുടെ  മികച്ച ഉദാഹരണം തന്നെ.  ഒരു പക്ഷേ ഏഴു മീറ്ററില്‍ അധികം ആഴത്തില്‍ വേരുകളുണ്ടാവാം  ഇതിനെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിഗമനം. കാരണം അത്രയും ആഴത്തിലാണ് അവിടത്തെ നീരുറവകള്‍.

ജന്മനാട്ടില്‍ നിന്ന് മരുഭൂമിയിലേക്ക് പറിച്ചുനടപ്പെട്ട ഓരോ പ്രവാസിയുടെയും ജീവിതവും ചിലപ്പോള്‍ ഇതുപോലെയാണെന്ന്  തോന്നിപ്പോകും. കടലുകള്‍ക്കപ്പുറത്തുള്ള സ്വന്തം കുടുംബത്തിന്‍റെ നല്ല ഭാവിയിലേക്ക് വേരാഴ്ത്തിക്കൊണ്ടാവാം ഓരോരുത്തരും   ഇവിടെ ജീവിച്ചു പോകുന്നത്. ജോലിയുടെയും അപരിചിത ചുറ്റുപാടുകളുടെയും പ്രതികൂലതയെ മറികടക്കാന്‍ അതവരെ പ്രാപ്തരാക്കുന്നു.

നമ്മുടെ കെട്ടിപ്പിടിക്കലുകളിലൊതുങ്ങിത്തരാത്ത  ട്രീ ഓഫ് ലൈഫ് എന്ന ആ  മായികജീവനകല ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും ജീവിതപ്രചോദനം പകരട്ടെ എന്നാഗ്രഹിച്ചുകൊണ്ട് അവിടെ നിന്നിറങ്ങുമ്പോള്‍,  മനസ്സിലും ഒരു കുളിര്‍മ്മ. ഒന്നും നഷ്ടമാകുന്നില്ല… തിരിച്ചുപിടിക്കാനും കാത്തുവെക്കാനുമായി പ്രതീക്ഷയുടെ നാമ്പുകള്‍ ഈ ലോകത്തിനിയുമുണ്ട് എന്ന തിരിച്ചറിവ്,…. പുതിയ പാഠങ്ങളായ് മനസ്സിലുരുവിട്ടുകൊണ്ടേയിരുന്നു. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈന ആര്‍ നാഥ്

പ്രവാസ എഴുത്തുകാരിയാണ് ബൈന. ഇപ്പോള്‍ ബഹറിനില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി.

More Posts

This post was last modified on December 16, 2016 10:17 am