X

ആയിരമാണ്ട് ശ്രമിച്ചാലും കേരളം പിടിക്കാന്‍ മോദിക്കും അമിത് ഷാക്കും സാധിക്കില്ല; സ്വാമി അഗ്നിവേശ്

നാരായണഗുരുവും അയ്യങ്കാളിയും വിത്തിട്ട നവോത്ഥാനം കേരളത്തില്‍ പുതിയൊരു ദിശയിലാണ്

ഇന്ത്യൻ ഭരണഘടനയാണ്​ തങ്ങളുടെ ധർമശാസ്​ത്രമെന്ന ഉത്തമ ബോധ്യമുള്ളവർ താമസിക്കുന്ന കേരളം പിടിച്ചടക്കാൻ ആയിരമാണ്ട്​ ശ്രമിച്ചാലും നരേന്ദ്ര മോദിക്കും അമിഷ്​ ഷാക്കും മോഹൻ ഭാഗവതിനും സാധിക്കില്ലെന്ന്​ സ്വാമി അഗ്നിവേശ്​. ഭരണഘടനാ സംരക്ഷണത്തിന്​ തൃശൂരിൽ സംഘടിപ്പിച്ച ‘ജനാഭിമാന സംഗമം’ ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാരായണഗുരുവും അയ്യങ്കാളിയും വിത്തിട്ട നവോത്ഥാനം കേരളത്തില്‍ പുതിയൊരു ദിശയിലാണ്. കേരളത്തില്‍ നടക്കുന്ന നവോത്ഥാനത്തിന്റെ പുത്തന്‍ ശ്രമങ്ങള്‍ക്ക് ശബരിമല പ്രശ്‌നം മാത്രമാവരുത് വിഷയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലിംഗ സമത്വം എന്നത് വിട്ടുവീഴ്ച സാധ്യമല്ലാത്ത ഒന്നാണ്. സ്ത്രീക്ക് തുല്യതയില്ലാത്ത ഒരു നാട്ടിലും സമാധാനം പുലരില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിച്ചിട്ടും ശബരിമലയില്‍ തങ്ങള്‍ക്ക് പോകേണ്ടെന്ന് പറഞ്ഞ് സ്ത്രീകള്‍ തെരുവിലിറങ്ങിയ നാടാണ് കേരളം. സതി നിരോധിച്ച വേളയിലും സമാനമായ പ്രതിഷേധമാണ് നമ്മള്‍ കണ്ടത്. ഇത് പൗരോഹത്യ മതസമൂഹത്തിന്റെ പ്രശ്‌നമാണ്. അനീതി തിരിച്ചറിയാനാവാത്ത വിധം അത് അടിമത്തം പേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വന്തം പാർട്ടിയുടെ ക്യാപ്​റ്റനായ രാഹുൽ ഗാന്ധി പറയുന്നതിന്​ വിരുദ്ധമായി ഇവിടെ സംഘ്​പരിവാറിനോട്​ സമരസപ്പെടുന്ന രമേശ്​ ചെന്നിത്തല അവസരവാദിയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. ചെന്നിത്തല ഒരു യഥാർഥ കോൺഗ്രസുകാരനാണെങ്കിൽ കാര്യങ്ങൾ തിരിച്ചറിയണമെന്ന്​ സ്വാമി അഗ്നിവേശ്​ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

സാറാ ജോസഫ്​ അധ്യക്ഷത വഹിച്ച ഉദ്​ഘാടന യോഗത്തിൽ എസ്​. ശാരദക്കുട്ടി, കെ. അജിത, റഫീഖ്​ അഹമ്മദ്​, ​വൈശാഖൻ, പി. സതീദേവി, അശോകൻ ചെരുവിൽ, സി. രാവുണ്ണി തുടങ്ങിയവർ പങ്കെടുത്തു.

56 ഇഞ്ച് പ്രജാപതിയുടെ അച്ചാ ദിനങ്ങൾ അങ്ങയ്ക്കുള്ളതല്ല സ്വാമി അഗ്നിവേശ്