X

ബിജെപിക്ക് ഹിന്ദുരാജ്യമുണ്ടാക്കാന്‍ തെക്കേയിന്ത്യയിലേക്കും കടക്കാന്‍ കൃത്രിമ വാതിലുകള്‍ സൃഷ്ടിക്കുകയാണ്; ഖുശ്ബു

വിജയ്, വിശാല്‍ അടക്കമുള്ള താരങ്ങളും രാഷ്ട്രീയത്തില്‍ വരണം

തമിഴ്‌നാട്ടിലും കേരളത്തിലുമുള്‍പ്പെടെ തെക്കേയിന്ത്യയില്‍ എങ്ങനെയെങ്കിലും കടന്നു കൂടാന്‍ ബിജെപി പിന്‍വാതില്‍ ശ്രമങ്ങളും അതിനൊപ്പം കൃത്രിമവാതിലുകള്‍ കൂടി സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും ചലച്ചിത്രതാരവുമായി ഖുശ്ബു. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ബിജെപിക്കെതിരേ ഖുശ്ബു പ്രതികരിച്ചത്. നേരായ മാര്‍ഗത്തിലൂടെ അവര്‍ക്ക് തെക്കേയിന്ത്യയില്‍ സ്ഥാനം നേടാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മറ്റു ശ്രമങ്ങള്‍ നടത്തുന്നതെന്നും ഖുശ്ബു ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നു കയറാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തങ്ങളുടെ അജണ്ട നടപ്പാക്കാനാണ് ഇതെന്നും ഖുശ്ബു പറഞ്ഞു. ബിജെപിക്ക് എല്ലായിടത്തും സാന്നിധ്യം ഉണ്ടാക്കാനും അതിലൂടെ അവര്‍ പറയുന്ന രാഷ്ട്രീയം വ്യാപിപ്പിക്കാനും ഹിന്ദുരാജ്യം ഉണ്ടാക്കാനുമൊക്കെയാണ് ബിജെപിയുടെ ശ്രമമെന്നും താരം പറഞ്ഞു.

തന്റെ ശവത്തില്‍ ചവിട്ടി മാത്രമെ ജിഎസ്ടി നടപ്പാക്കൂ എന്നു പറഞ്ഞ മോദി ഇപ്പോള്‍ അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യം നേടിത്തന്നപോലെ പാതിരാത്രിയില്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടി ജിഎസ്എടി നടപ്പാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഖുശ്ബു അഭിമുഖത്തില്‍ പരിഹസിക്കുന്നു. വിജയ് ചിത്രം മെര്‍സലിനെതിരേ നടക്കുന്ന പ്രചാരണങ്ങളെയും ഖുശ്ബു തള്ളിക്കളഞ്ഞു. ആരാധാനലയങ്ങളെക്കാള്‍ ആശുപത്രികള്‍ വേണമെന്നു തന്നെ എല്ലാവരും പറയൂ എന്നും തിയേറ്ററില്‍ ഇരുന്ന പ്രേക്ഷകരെല്ലാം ചിത്രത്തിലെ എല്ലാ ഡയലോഗുകള്‍ക്കും കൈയടിച്ചതും അതുകൊണ്ടാണെന്നും ഖുശ്ബു പറഞ്ഞു. കുറ്റം മാത്രം കണ്ടെത്താന്‍ നടക്കുന്നവരാണ് ചിത്രം വിവാദമാക്കിയതെന്നും ഖുശ്ബു വിമര്‍ശിച്ചു. വിജയ്, രജനി, കമല്‍, വിശാല്‍ എന്നിവരൊക്കെ രാഷ്ട്രീയത്തില്‍ വരണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്നും അവരുടെ വാക്കുകള്‍ക്ക് ജനം കാതോര്‍ക്കുമെന്നും ഖുശ്ബു പറഞ്ഞു.

This post was last modified on October 27, 2017 11:34 am