X

ഇന്ത്യയില്‍ വേശ്യാവൃത്തി കുറഞ്ഞില്ലേ! നോട്ട് നിരോധനത്തിന്റെ നേട്ടമാണത്; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ആയിരവും അഞ്ഞൂറുമായിരുന്നു ലൈംഗിക തൊഴിലില്‍ കൂടുതലും ഉപയോഗിച്ചിരുന്നതെന്നാണ് മന്ത്രി പറയുന്നത്

നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധദിനമായി ബിജെപി ആചരിക്കുമ്പോള്‍, ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ കൂടി ജനങ്ങളോട് വിസ്തരിക്കണമല്ലോ! കേന്ദ്രനിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് അത്തരത്തില്‍ ചൂണ്ടിക്കാണിച്ച പ്രധാന നേട്ടം ഇന്ത്യയില്‍ വേശ്യവൃത്തി വളരെ കുറഞ്ഞിരിക്കുന്നു, അതിനു കാരണം നോട്ട് നിരോധനം എന്നാണ്. പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു പ്രകാരം മന്ത്രി പറയുന്നത് മാംസ വ്യാപരം ഇന്ത്യയില്‍ വളരെ കുറയ്ക്കാന്‍ സാധിച്ചത് നോട്ട് നിരോധനത്തിന്റെ ഫലമാണ് എന്നാണ്. ലൈംഗിക വ്യാപാരത്തിനായി സ്ത്രീകളെയും പെണ്‍കുട്ടികളെയും കടത്തുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. നേപ്പാളിലേക്കും ബംഗ്ലാദേശിലേക്കും ഈ വഴി വലിയ തുകയാണ് ഒഴുകിയിരുന്നത്. പിന്‍വലിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു ലൈംഗികവ്യാപാരത്തില്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്.

കശ്മീരിലെ വിഘടനവാദികളുടെ കല്ലെറിയലും നോട്ട് നിരോധനത്തിനു പിന്നാലെ വളരെ കുറഞ്ഞെന്നും നിയമമന്ത്രി ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം വ്യക്തമാക്കുന്നത് രാജ്യതാത്പര്യമനുസരിച്ചുള്ള തീരുമാനം ആയിരുന്നുവതെന്നാണ്. മന്ത്രി ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടു പറയുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ നവംബര്‍ എട്ട് കരിദിനമായി ആചരിക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളും മന്ത്രിമാരും നോട്ട് നിരോധനത്തിന്റെ ഇത്തരം നേട്ടങ്ങളും ഉയര്‍ത്തി രംഗത്തു വരുന്നത്.

തുഗ്ലക്കിന്റെ കറന്‍സി പരിഷ്ക്കാരം; മോദി വായിക്കേണ്ട ചരിത്ര പാഠങ്ങള്‍

This post was last modified on November 8, 2017 12:22 pm