രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം നേടിയ അമിതാവ് ഘോഷ് തന്റെ ആദ്യ നോവലായ സര്‍ക്കിള്‍ ഓഫ് റീസണ്‍സിന്റെ ഭൂരിഭാഗവും എഴുതിയത് തിരുവനന്തപുരത്ത് സിഡിഎസില്‍ ഉണ്ടായിരുന്ന കാലത്ത്. ഇപ്പോഴത്തെ ധനകാര്യമന്ത്രി തോമസ് ഐസക് അന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു ഇത്.
തങ്ങള്‍ക്ക് പരിചയമില്ലാത്ത റഷ്യന്‍ പള്ളി സംഗീതം സ്ഥിരമായി കേള്‍ക്കുന്ന അമിതാവിനെയാണ് തോമസ് ഐസകിന് ഓര്‍മ്മയുള്ളത്. അമിതാവ് എഴുത്തുകാരനാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഈജിപ്ഷ്യന്‍ ഗ്രാമത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിരക്കിലായിരുന്നെന്ന് മാത്രം എല്ലാവര്‍ക്കും അറിയാമെന്നും തോമസ് ഐസക് പറയുന്നു. തനിക്ക് പരിചയമില്ലാത്ത റഷ്യന്‍ സംഗീതമാണ് അദ്ദേഹവുമായി തന്നെ അടുപ്പിച്ചതെന്നും തോമസ് ഐസക് പറയുന്നു. ആദ്യ നോവലിന്റെ ഭൂരിഭാഗവും എഴുതിയത് സിഡിഎസില്‍ ഉണ്ടായിരുന്ന കാലത്താണ് എന്നറിയുന്നത് തന്നെ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തുകാരനെന്ന നിലയില്‍ പ്രശസ്തനായപ്പോഴാണെന്നും ഐസക് വ്യക്തമാക്കുന്നു.
തമാശകളൊക്കെ പറഞ്ഞ് നടക്കുന്ന അമിതാവ് ഘോഷിനെയാണ് അക്കാലത്ത് സിഡിഎസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന പി കെ മൈക്കിള്‍ തരകന്‍ ഓര്‍മ്മിക്കുന്നത്. ചില എഴുത്തുകളിലാണെന്ന് പറഞ്ഞിരുന്നു. നോവലിന്റെ ചില ഭാഗങ്ങള്‍ വായിക്കാനും തന്നിരുന്നു. ആസ്വാദക പ്രശംസ നേടിയ സര്‍ക്കിള്‍ ഓഫ് റീസണ്‍സിന്റെ കയ്യെഴുത്ത് പ്രതിയാണ് താന്‍ അന്ന് വായിച്ചതെന്ന് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയുന്നത്. കപ്പലോട്ടക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ലസ്‌കരി ഭാഷയെ മുന്‍നിര്‍ത്തി അമിതാവിന്റെ പ്രശസ്തമായ പഠനമുണ്ട്. കേരളത്തില്‍ ചെലവിട്ട കാലമായിരിക്കാം ഈ വിഷയത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും മൈക്കിള്‍ തരകന്‍ പറയുന്നു.
ലോക പ്രശസ്തനാകാന്‍ പോകുന്ന എഴുത്തുകാരനാണ് തങ്ങള്‍ക്കൊപ്പമുള്ളതെന്ന് അക്കാലത്ത് സിഡിഎസിലുണ്ടായിരുന്ന ഡോ. കെ പി കണ്ണനും അറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കംബോഡിയയില്‍ വച്ച് വീണ്ടും കണ്ടുമുട്ടുമ്പോഴേക്കും അമിതാവ് ലോകപ്രശസ്തനായിരുന്നു. കംബോഡിയന്‍ സംസ്‌കാരത്തെക്കുറിച്ച് അമിതാവ് അന്ന് എഴുതിയ ലേഖനവും കെ പി കണ്ണന്‍ ഓര്‍മ്മിക്കുന്നു.
This post was last modified on December 16, 2018 5:44 pm
Leave a Comment