X

ഈ വിജയത്തില്‍ താങ്കള്‍ക്ക് സന്തോഷിക്കാന്‍ കഴിയുന്നുണ്ടോ? മോദിയോട് പ്രകാശ് രാജ്

താങ്കള്‍ പറയുന്നതൊന്നുമല്ല ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍

ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയുമെങ്കിലും ആ വിജയത്തില്‍ ആഹ്ലാദിക്കാന്‍ ബിജെപിക്കും മോദിക്കും കഴിയുന്നുണ്ടോ എന്ന ചോദ്യവുമായി നടന്‍ പ്രകാശ് രാജ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രകാശ് രാജ് മോദിക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

പ്രിയപ്പെട്ടര്‍ പ്രധാനമന്ത്രി, വിജയത്തിന് അഭിനന്ദനങ്ങള്‍…എന്നാല്‍ താങ്കള്‍ ശരിക്കും സന്തോഷവാനാണോ?എന്ന ട്വീറ്റിനൊപ്പം വീണ്ടും ചില കാര്യങ്ങള്‍ മോദിക്കു മുന്നില്‍ ഉന്നയിക്കുകയാണ് പ്രകാശ് രാജ്.

വികസനം പറഞ്ഞിട്ടും എന്തുകൊണ്ട് ഗുജറാത്തില്‍ 150 ല്‍ അധികം സീറ്റു നേടുമെന്ന പ്രവചനം സംഭവിച്ചില്ലെന്നു പ്രകാശ് രാജ് ചോദിക്കുന്നു. വിഭജന രാഷ്ട്രീയം കരുതിയതുപോലെ പ്രവര്‍ത്തിച്ചില്ലെന്നു മോദിയെ പരിഹസിക്കുന്നു പ്രകാശ് രാജ്. മതം, ജാതി, വിഭജന രാഷ്ട്രീയം ഭീഷണി സംഘങ്ങള്‍ എന്നിവയല്ല, ഞങ്ങളുടെ രാജ്യത്തിന് അതിലും വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കു മുന്നിലുണ്ട്. കര്‍ഷകരുടെ, പാവപ്പെട്ടവരുടെ ഗ്രാമീണ ഇന്ത്യയുടെ അവഗണിക്കപ്പെട്ട ശബ്ദം ഇപ്പോള്‍ കുറച്ച് ഉച്ചത്തില്‍ മുഴങ്ങുന്നുണ്ട്, താങ്കള്‍ക്ക് അത് കേള്‍ക്കാന്‍ കഴിയുന്നുണ്ടോ? പ്രകാശ് രാജ് ചോദിക്കുന്നു. #justasking എന്ന ഹാഷ് ടാഗ് ഓടുകൂടിയാണ് പ്രകാശ് രാജ് ഈ ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

This post was last modified on December 18, 2017 3:20 pm