X

‘സിഐയുടെ ഓഫീസില്‍ വച്ച് അച്ഛന്‍ പൊട്ടിക്കരഞ്ഞു’; വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത എഎസ്‌ഐയുടെ മകന്‍

മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ അസുഖമില്ലെന്ന് കണ്ടാല്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കുമെന്നും അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ കായികക്ഷമതയില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്‌ഐ ഭീഷണിപ്പെടുത്തി

കഴിഞ്ഞ ദിവസം ആലുവയില്‍ ആത്മഹത്യചെയ്ത തടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബാബു മരിക്കുന്നതിന് കുടുംബത്തെയും കൂട്ടി സിഐയുടെ മുന്നിലെത്തി പൊട്ടിക്കരഞ്ഞുവെന്ന് മകന്റെ വെളിപ്പെടുത്തല്‍. ബാബുവിന്റെ മരണം എസ്‌ഐയുടെ പീഡനം മൂലമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കോളേജ് വിദ്യാര്‍ത്ഥിയായ കിരണ്‍ ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇതോടെ കേസില്‍ അന്വേഷണം നടത്തിയ ഉന്നതോദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.

ആത്മഹത്യ ചെയ്ത എഎസ്‌ഐ ബാബു എസ്‌ഐയില്‍ നിന്നുള്ള മാനസിക പീഡനം താങ്ങാനാകാതെ ഭാര്യയെയും മക്കളെയും കൂട്ടി സ്റ്റേഷനിലെത്തി സിഐയ്ക്ക് മുന്നുല്‍ പൊട്ടിക്കരയുകയായിരുന്നു. തങ്ങളോട് റെഡിയാകാന്‍ പറഞ്ഞെങ്കിലും എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. സ്‌റ്റേഷനിലെത്തിയ അച്ഛന്‍ സിഐയുടെ മുറിയിലേക്ക് പോയി താന്‍ പിന്നാലെ പോയപ്പോഴാണ് അച്ഛന്‍ പൊട്ടിക്കരയുന്നത് കണ്ടത്. കിരണ്‍ പറയുന്നു. 24 ന്യൂസ് ആണ് കിരണിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

തന്നെ പി ആറില്‍(പണിഷ്‌മെന്റ് റോള്‍) രേഖപ്പെടുത്തിയാല്‍ തൂങ്ങിമരിക്കുമെന്ന് പറഞ്ഞാണ് കരഞ്ഞത്. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. നാല് മാസം കൂടി കഴിഞ്ഞാല്‍ എസ്‌ഐയായി പ്രൊമോഷന്‍ ലഭിക്കാനിരുന്നതാണ്. എന്നാല്‍ എസ്‌ഐയുടെ ഇടപെടല്‍ മൂലം അത് നഷ്ടമാകുമെന്ന് അച്ഛന്‍ ഭയന്നിരുന്നതായും മകന്‍ പറയുന്നു. മെഡിക്കല്‍ ലീവെടുത്ത ബാബുവിനെ മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നത് എസ്‌ഐയുടെ തന്ത്രമായിരുന്നുവെന്നും ആരോപണമുണ്ട്.

മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ അസുഖമില്ലെന്ന് കണ്ടാല്‍ വ്യാജരേഖ ചമച്ചതിന് കേസെടുക്കുമെന്നും അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ കായികക്ഷമതയില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് എസ്‌ഐ ഭീഷണിപ്പെടുത്തിയിരുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

also read:ഒരേസമയം മൂന്ന് സര്‍ക്കാര്‍ ജോലികള്‍; മുപ്പത് വര്‍ഷത്തെ തട്ടിപ്പ് പുറത്തായപ്പോള്‍ മുങ്ങി

This post was last modified on August 24, 2019 9:30 pm