X

ലിംഗ തുല്യത; ലോകത്തിലെ എല്ലാ ചാനലുകള്‍ക്കും മാതൃകയാകാന്‍ ബിബിസി

ലിംഗതുല്യത ശരിയായി പാലിക്കുന്നുണ്ടോ എന്ന് ഓരോ മാസവും പരിശോധിക്കുകയും ചെയ്യും

ലിംഗനീതിക്കായുള്ള ഇടപെടലുകളില്‍ പുതിയൊരു കാല്‍വെപ്പ് നടത്തുകയാണ് ബിബിസി. 2019 ഏപ്രില്‍ മുതല്‍ ബിബിസിയുടെ പരിപാടികള്‍ പങ്കെടുക്കുന്ന വിദഗ്ദ്ധരില്‍ പുരുഷന്‍മാരും സ്ത്രീകളും തുല്യ എണ്ണമായിരിക്കും.

വാര്‍ത്തകളിലും പ്രത്യേക വിഷയങ്ങളിലുള്ള പരിപാടികളിലുമെല്ലാം 50-50 പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് സ്ഥാപനം പറയുന്നു. ഓരോ വിഷയവുമായും ബന്ധപ്പെട്ട് മന്ത്രിമാരെയും സംഘടന പ്രതിനിധികളെയും സംഭവവുമായി ബന്ധപ്പെട്ടവരേയും ഒക്കെ ഇന്റര്‍വ്യൂ ചെയ്യുന്നത് തുടരും. അതേ സമയം പരിപാടികളിലും വാര്‍ത്തയിലും അഭിപ്രായം പറയുന്ന വിദഗ്ദ്ധരുടെ കാര്യത്തിലാണ് മാറ്റമുണ്ടാകുക.

ലിംഗതുല്യത ശരിയായി പാലിക്കുന്നുണ്ടോ എന്ന് ഓരോ മാസവും പരിശോധിക്കുകയും ചെയ്യും.

2020 ആകുമ്പോഴേക്കും വാര്‍ത്ത അവതാരകരുടേയും പ്രധാന ചുമതലകള്‍ വഹിക്കുന്നവരുടേയും എണ്ണം പകുതി സ്ത്രീകളും പകുതി പുരുഷന്മാരും എന്ന തോതിലേക്ക് മാറ്റണമെന്നും ബിബിസി തീരുമാനിച്ചിട്ടുണ്ട്.

2017 ജനുവരിയില്‍ തന്നെ ലിംഗാടിസ്ഥാനത്തില്‍ തുല്യ വിഭജനം ആരംഭിച്ച ബിബിസി ന്യൂസ് ചാനലും ബിബിസി വേള്‍ഡ് ന്യൂസും ഈ കാര്യം വിജയകരമായി നടപ്പാക്കുന്നുണ്ട്. വണ്‍ ഷോ, ബിബിസി ന്യൂസ് അറ്റ് സിക്‌സ്, ടെന്‍ തുടങ്ങി എണ്‍പതോളം പരിപാടികള്‍ ഈ വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞു.