X

മോദിയുടെ ഭാഷാ ചലഞ്ച് ഏറ്റെടുത്ത തരൂരിന്റെ വ്യക്തിജീവിതത്തെ അപഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ മറുപടി

ബഹുസ്വരത എന്ന വാക്കായിരുന്നു തരൂര്‍ ട്വീറ്റ് ചെയ്തത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഷാ വെല്ലുവിളി (#LanguageChallenge) ഏറ്റെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെ വ്യക്തിപരമായി അപഹസിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മോദിയുടെ ചലഞ്ചിന് മറുപടിയായി മലയാളത്തില്‍ ബഹുസ്വരത എന്നര്‍ത്ഥം വരുന്ന പ്ലൂറലിസം (Pluralism) എന്ന വാക്കാണ് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വൈവിധ്യത്തേയും ബഹുസ്വരതയേയും തകര്‍ക്കുന്ന ഹിന്ദുത്വ ആശയഗതിക്ക് എതിരെയുള്ള പ്രതികരണം എന്ന നിലയില്‍ കൂടിയായിരുന്നു തരൂരിന്റെ ഭാഷാ പ്രയോഗം.

എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തുവന്ന സുരേന്ദ്രന്‍ ആകട്ടെ, കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റിനുള്ള മറുപടിയായി സൂചിപ്പിച്ചിട്ടുള്ളത് തരൂരിന്റെ വ്യക്തിജീവിതമാണ്. ബഹുസ്വരത (Pluralism) എന്നതു കൊണ്ട് മാരിറ്റല്‍ പ്‌ളൂറലിസം (Marital Pluralism) എന്നതു കൂടിയായിരിക്കാം തരൂര്‍ ഉദ്ദേശിക്കുന്നത് എന്ന് സുരേന്ദ്രന്‍ ട്വിറ്ററില്‍ പറയുന്നു. ഒന്നിലധികം വിവാഹം, അല്ലെങ്കില്‍ പങ്കാളി എന്ന മറുപടിയിലൂടെ തരൂരിന്റെ വ്യക്തിജീവിതം തന്നെയാണ് ബിജെപി നേതാവിന്റെ അധിക്ഷേപത്തിന് കാരണമായിട്ടുള്ളത്.

നേരത്തെ മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പങ്കെടുത്തു കൊണ്ടാണ് ഏതെങ്കിലും ഇന്ത്യന്‍ ഭാഷയിലെ ഒരു വാക്ക് കുടി അധികമായി പഠിക്കണമെന്ന് മോദി പറഞ്ഞത്. ഇത് ഒരു ഭാഷാ വെല്ലുവിളി എന്ന ട്രെന്‍ഡ് ആയി മാറിയതോടെ തരൂര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി Pluralism എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു.

മോദിയെ എല്ലാ സമയത്തും വിമര്‍ശിക്കുന്നത് ശരിയല്ലെന്നും നല്ല കാര്യങ്ങള്‍ കണ്ടാല്‍ നല്ലതെന്നു പറയണമെന്നും അങ്ങനെയെങ്കില്‍ മാത്രമേ വിമര്‍ശനങ്ങള്‍ക്കും സാധുതയുണ്ടാകൂ എന്ന തരൂരിന്റെ ഈയടുത്ത നിലപാട് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ തരൂരിനെതിരെ രംഗത്തു വരികയും തരൂരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തരൂര്‍ താന്‍ നടത്തിയിട്ടുള്ള മോദി വിമര്‍ശനങ്ങളൊന്നും കേരള നേതാക്കള്‍ നടത്തിയിട്ടില്ലെന്ന് തിരിച്ചടിക്കുകയും കെപിസിസിക്ക് മറുപടി നല്‍കുകയും ചെയ്തതോടെ വിഷയം അവസാനിച്ചതായി മുല്ലപ്പള്ളി വിശദമാക്കുകയും ചെയ്തിരുന്നു.

This post was last modified on August 31, 2019 11:58 am