നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുത്ത മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ് ഒരു കേരള ബന്ധമുണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. എന്നാല്‍ ബോറിസ് ജോണ്‍സണെ സംബന്ധിച്ച് ഒട്ടും സുഖകരമായ ഓര്‍മ്മയല്ല കേരളവുമായി ബന്ധപ്പെട്ടുള്ളത്. ഗോപാലന്‍ എന്ന് പേരുള്ള ആനയാണ് ബോറിസ് ജോണ്‍സണെ കേരളവുമായി ബന്ധിപ്പിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ എംകെ നിധീഷ് പറയുന്നു.
കഥയാണോ ശരിക്കും നടന്ന സംഭവമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധമാണ് ഈ സംഭവം വിവരിക്കപ്പെടുന്നത്. ബോറിസ് ജോണ്‍സണ്‍ 2003ല്‍ ഒരു കല്യാണത്തിന് കേരളത്തില്‍ വന്നപ്പോളാണ് സംഭവമുണ്ടായത് എന്ന് പ്രശസ്ത എഴുത്തുകാരനായിരുന്ന ഖുശ്‌വന്ത് സിംഗ് പറയുന്നു. ജോണ്‍സന്റെയും ഖുശ്‌വന്ത് സിംഗിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹം വഴി അകന്ന ബന്ധമുണ്ട്. അങ്ങനെ ഖുശ്‌വന്ത് സിംഗിന്റെ മൂത്ത സഹോദരന്റെ കൊച്ചുമകന്റെ കല്യാണത്തിനാണ് ബോറിസ് ജോണ്‍സണ്‍ എത്തിയത്. വധു മുന്‍ കേന്ദ്ര മന്ത്രിയും മുന്‍ കൊല്ലം എംപിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കൃഷ്ണകുമാറിന്റെ മകള്‍. ക്ഷേത്രത്തിലെ ആനയായിരുന്നു ഗോപാലന്‍.
മകളുടെ കല്യാണ ചടങ്ങുകള്‍ക്ക് മോടി കൂട്ടാനായാണ് കൃഷ്ണകുമാര്‍ ആനയെ വരുത്തിയത്. എന്നാല്‍ ആന അക്രമാസക്തനായി അടുത്ത് നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ച സ്ത്രീയെ തൂക്കിയെടുത്ത് നിലത്തെറിഞ്ഞു എന്ന് ഖുശ്‌വന്ത് സിംഗ് എഴുതി. വരനേയും ആന വെറുതെ വിട്ടില്ല. എട്ട് പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന ബോറിസ് ജോണ്‍സണ്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഈ സംഭവത്തെ കുറിച്ച് കേരളത്തില്‍ നിന്നുള്ള ഒരെഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗിനെ വിവരം അറിയിച്ചെന്ന് നിതീഷ് പറയുന്നു. ദി ടെലഗ്രാഫില്‍ എഴുതുന്ന തന്റെ അടുത്ത ലക്കം കോളത്തില്‍ ഖുശ്‌വന്ത് സിംഗ് സംഭവത്തെ കുറിച്ച് എഴുതി. “ഒന്നുകില്‍ ഇത്രയധികം വെള്ളക്കാരെ ഒറ്റയടിക്ക് കണ്ടത് ആനയ്ക്ക് പിടിചിട്ടുണ്ടാകില്ല, അല്ലെങ്കില്‍ ഇത്രയധികം ടര്‍ബന്‍ ചുറ്റിയ സര്‍ദാര്‍ജിമാരെ ആന ഒരുമിച്ചു കണ്ടിട്ടുണ്ടാവില്ല, എന്തായാലും ഇടഞ്ഞ ആന മൂലം എട്ടു പേര്‍ അന്ന് ആശുപത്രിയിലായി.”
സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍ പറഞ്ഞതായി ഖുശ്‌വന്ത് സിംഗ് എഴുതുന്നത് ഇങ്ങനെയാണ്. ആന ഇടച്ചിലും ഒക്കെ കഴിഞ്ഞ് സംഭവങ്ങള്‍ ഒക്കെ ഒന്ന് ഒതുങ്ങിയപ്പോള്‍ കൃഷ്ണകുമാര്‍ പറഞ്ഞു, ‘ഒരിക്കല്‍ ഒരാനയുടെ ആക്രമണത്തെ നിങ്ങള്‍ അതിജീവിച്ചാല്‍ നിങ്ങള്‍ക്ക് ഏത് ദുരന്തവും അതിജീവിക്കാന്‍ കഴിയും”. ചിത്രത്തില്‍ എവിടെയും ഇല്ലാതിരുന്ന ബോറിസ് ജോണ്‍സന്‍ ഇപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ സാഹചര്യത്തില്‍ കൃഷ്ണകുമാറിന്റെ വാക്കുകള്‍ സത്യമായി ഭാവിച്ചു എന്ന് പോലും സംശയിക്കാവുന്നതാണ്.
More Read: Boris Johnson’s close encounter with a Kerala elephant
This post was last modified on July 24, 2019 8:59 am
Leave a Comment