X

തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം: നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ, യാത്രാ സൗകര്യം എന്നിവ ഉള്‍പ്പെടുത്തി രാത്രി 9 വരെ ജോലിയെടുക്കാനും പുതിയ ഭേദഗതി അനുമതി നല്‍കുന്നു.

തുണിക്കടകള്‍ അടക്കമുള്ള ഷോപ്പുകളിലെ വനിതാ തൊഴിലാളികള്‍ക്ക് ഇരുന്ന് ജോലിചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി കേരള ഷോപ്‌സ് & കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം. ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യുന്നതടക്കം എല്ലാ തൊഴിലാളികളെയും തൊഴിലാളി എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിയുന്ന വിധത്തിലാണ് പുതിയ വ്യവസ്ഥ. ഇതിനായി സര്‍ക്കാരിന് വിജ്ഞാപനം ഇറക്കിയാല്‍ മതിയാവും. കടകളില്‍ ഉള്‍പ്പെ ദീര്‍ഘനേരം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഇരിക്കാന്‍ സൗകര്യം ഒരുക്കണമെന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം.

സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ, യാത്രാ സൗകര്യം എന്നിവ ഉറപ്പുവരുത്തി രാത്രി 9 വരെ ജോലിയെടുക്കാനും പുതിയ ഭേദഗതി അനുമതി നല്‍കുന്നു. വൈകിട്ട് 7 മണി മുതല്‍ പുലര്‍ച്ചെ 6 വരെ സ്ത്രീ തൊഴിലാളികറെ ജോലിയെടുപ്പിക്കരുതെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍ 7 മണിക്ക് 2 സ്ത്രീതൊഴിലാളികള്‍ ഉള്‍പ്പെടെ 5 തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പ് ആയി മാത്രമേ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാവൂ എന്നും ഭേദദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.

സ്ഥാപന ഉടമകള്‍ക്കുള്ള പിഴ തുക (ഓരോ വകുപ്പിനും) 5,000 രൂപയില്‍ നിന്ന് 1 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ആവര്‍ത്തിച്ച് നിയമ ലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ ഇതോടെ 10,000 രൂപയില്‍ നിന്ന് 2 ലക്ഷം രൂപയാവും. എന്നാല്‍ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തൊഴിലാളിക്ക് 2,500 എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. നിയമ പ്രകാരം സ്ഥാപന ഉടമ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ ഇലക്‌ട്രോണിക് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതിനും പുതിയ വ്യവസ്ഥ സ്ഥാപന ഉടമയ്ക്ക് അനുമതി നല്‍കുന്നുണ്ട്.  ആഴ്ചയില്‍ ഒരു ദിവസം അവധി അനുവദിക്കണമെന്നും  പുതിയ നിയമം വ്യവസ്ഥചെയ്യുന്നു.

This post was last modified on July 4, 2018 6:28 pm