X

ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോയെന്ന് ഗോപാലകൃഷ്ണന്‍; രോമത്തില്‍ തൊടില്ലെന്ന് അഭിലാഷ്

പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ ഒരു രോമത്തില്‍ പോലും അപകടം സംഭവിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നായിരുന്നു അഭിലാഷിന്റെ മറുപടി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും വാര്‍ത്ത അവതാരകന്‍ അഭിലാഷ് മോഹനും തമ്മിലുണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ നിന്നും കേരളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ മാറി നിന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് തര്‍ക്കമുണ്ടായത്.

ഫഹദ് ഫാസില്‍ അഭിനയിച്ച സിനിമകള്‍ കാണില്ലെന്ന് ബിജെപി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്യുകയായിരുന്നു അഭിലാഷ്. ചടങ്ങ് ബഹിഷ്‌കരിച്ച പാര്‍വതിയുടെയോ ഭാഗ്യലക്ഷ്മിയുടെയോ ഒന്നും സിനിമകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കാതെ ഫഹദിനെ മാത്രം ലക്ഷ്യമിട്ടത് വര്‍ഗീയതയുടെ ഭാഗമാണോയെന്ന അഭിലാഷിന്റെ ചോദ്യമാണ് തര്‍ക്കത്തിലേക്ക് നീണ്ടത്. മാന്യമല്ലാത്ത ഭാഷയില്‍ എന്നെക്കൊണ്ട് സംസാരിപ്പിക്കരുതെന്ന് പറഞ്ഞാണ് ഗോപാലകൃഷ്ണന്‍ തുടങ്ങിയത്. അത്തരം ഭീഷണികളൊന്നും വേണ്ടെന്ന് അഭിലാഷ് മറുപടി കൊടുത്തതോടെ അല്‍പം ഭീഷണിയാണെന്ന് തന്നെ വിചാരിച്ചോളൂ എന്ന് പറഞ്ഞാണ് ഗോപാലകൃഷ്ണന്‍ തുടങ്ങിയത്.

ബിജെപിയുടെ ഭീഷണി കണ്ടാല്‍ പേടിക്കുന്നവരല്ല മലയാളികള്‍ എന്ന് പറഞ്ഞ് അഭിലാഷ് അതിന് മറുപടിയും കൊടുത്തു. ‘ഇത് കേരളമാണ് ശ്രീ ബി ഗോപാലകൃഷ്ണന്‍’ എന്നായിരുന്നു ആ മറുപടി. പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ ഒരു രോമത്തില്‍ പോലും അപകടം സംഭവിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നായിരുന്നു അഭിലാഷിന്റെ മറുപടി. ഈ സംസ്ഥാനത്തെയും ഇവിടുത്തെ ജനങ്ങളെയും വിലകുറച്ച് കാണരുതെന്നും. ഫഹദ് ഫാസിലിനെയാണെങ്കിലും ഭാഗ്യലക്ഷ്മിയെയാണെങ്കിലും ഭീഷണിപ്പെടുത്തരുതെന്നും അഭിലാഷ് ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്കാരുടെ ഭീഷണി കേട്ട് ആലില പോലെ വിറച്ചുപോകുന്നവരൊന്നും കേരളത്തിലില്ലെന്നും അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം കേരളം നിങ്ങളുടെ തറവാട്ട് സ്വത്തല്ലെന്നാണ് ഗോപാലകൃഷ്ണന്റെ മറുപടി. എന്നാല്‍ ഇത് ഈ നാട്ടുകാരുടെ തറവാട്ട് സ്വത്താണ് നാട്ടുകാര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും അഭിലാഷ് പറയുന്നതോടെ ഗോപാലകൃഷ്ണന്റെ വായടയുകയായിരുന്നു. എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ഫേസ്ബുക്കും വാട്‌സ്ആപ്പും വഴി വലിയ തോതിലാണ് പ്രചരിക്കുന്നത്.

This post was last modified on May 5, 2018 12:40 pm

Related Post
Leave a Comment