X

സിനിമാക്കാര്‍ക്ക് നാണക്കേടായ ‘അമ്മ’ പിരിച്ചുവിടണം: ഇന്നസെന്റിന് ഗണേഷ് കുമാറിന്റെ കത്ത്

നടി ആക്രമിക്കപ്പെട്ടപ്പോള്‍ 'അമ്മ'യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ അഭിപ്രായപ്പെടുന്നു.

നടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു ഇടപെടലും നടത്താതിരുന്ന അമ്മ എന്ന താരസംഘടന നടീനടന്മാര്‍ അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് അപമാനമാണെന്ന് അമ്മ അംഗമായ കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്തിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ അഭിപ്രായപ്പെടുന്നു.

ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ ഉന്നയിക്കുന്നത്. താന്‍ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളില്‍ ഇന്നസെന്റ് ഇടപെട്ടില്ലെന്ന് ഗണേഷ് പറയുന്നു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും ഗണേഷ് കത്തില്‍ പറയുന്നു.

എന്നാല്‍ ദിലീപിനും കത്തില്‍ പിന്തുണയുണ്ട്. ദിലീപിനെ മാധ്യമങ്ങള്‍ വേട്ടയാടിയപ്പോള്‍ അമ്മ നിസംഗത പാലിക്കുകയായിരുന്നു എന്ന് ഗണേഷ് കുറ്റപ്പെടുത്തുന്നു. ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ കഴിയാത്ത സംഘടന അപ്രസക്തമാണ്. അതേസമയം കത്ത് നേരത്തെ കൊടുത്തിരുന്നതാണെന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. കൊച്ചിയിലെ യോഗത്തിന് മുമ്പ് കൊടുത്തതാണ് കത്തെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ യോഗത്തിലെടുത്ത തീരുമാനങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

This post was last modified on July 12, 2017 5:10 pm