X

ചെറുതോണി പാലം കോര്‍ത്തുപിടിച്ച കൈയ്യായപ്പോള്‍; ശ്രദ്ധ പിടിച്ചുപറ്റി മുഖ്യമന്ത്രിയുടെ പുതുവൽസരാശംസ കാര്‍ഡ്

പ്രശസ്ത ഡിസൈനറായ സൈനുൽ ആബിദ് ആണ് 'അതിജീവനം-അത് ഒന്നേ മുന്നിൽ' എന്ന തലക്കെട്ടോടെ ആശംസ കാർഡ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടത് അന്താരാഷ്ത്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിയോജിപ്പുകൾ പല കോണുകളിൽ നിന്നുയരുന്നുണ്ടെങ്കിലും പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണം ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുന്ന പ്രധാന ദൗത്യം. പ്രളയവും പുനർ നിർമാണവും ഓർമിപ്പിച്ചു കൊണ്ടാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തവണ പുതുവത്സരാശംസകൾ അറിയിച്ചിരിക്കുന്നത്.

പുനർ നിർമാണം എന്നാൽ ഭൗതിക തലത്തിൽ മാത്രമല്ല മാനസിക തലത്തിലും കൂടിയാണ് നടക്കേണ്ടത്. നവോത്ഥാനത്തിന്റെയും, തുല്യതയുടെയും, മാനുഷിക മൂല്യങ്ങൾ കൊണ്ട് സമൂഹ മനസ്സാക്ഷിയെ പുതുക്കി പണിയുന്നതാവണം പുതുവര്‍ഷമെന്നും ആശംസ കാർഡിൽ മുഖ്യമന്ത്രി ഓർമിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ പ്രമുഖ കേരളീയർക്കും ഇ- മെയിൽ വഴി മുഖ്യമന്ത്രി പുതുവൽസരാശംസ അറിയിച്ചിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സൈനുൽ ആബിദ് ആണ് ‘അതിജീവനം- അത് ഒന്നേ മുന്നിൽ’ എന്ന തലക്കെട്ടോടെ ആശംസ കാർഡ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

“മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്നോട് ഒരു ആശംസ കാർഡ് തയ്യാറാക്കാമോ എന്ന് ചോദിച്ചിരുന്നു, ആദ്യം ചെയ്ത ഒന്ന് രണ്ടു ഡിസൈനുകളിൽ അവർക്ക് വേണ്ടത്ര തൃപ്തി കിട്ടിയില്ല. ഇതുമായി ബന്ധപ്പെട്ട് അവർ കുറച്ച് ഇമേജസ് തന്നിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ആണ് ലോകത്ത് നടന്ന എല്ലാ പ്രകൃതി ദുരന്തങ്ങളെയും അഡ്ഡ്രസ്സ്‌ ചെയ്യുന്ന ഒരു കോമൺ ഇമേജ് ഉണ്ടാകും. ഭോപ്പാൽ ദുരന്തത്തിലെ കുട്ടി, സുനാമിയിൽ ആണെങ്കിൽ പുലിറ്റ്സർ പുരസ്‌കാരം കിട്ടിയ ചിത്രം അങ്ങനെ ഒരുപാട് ഉദാഹരണങ്ങളുണ്ട്.

നമ്മുടെ സമൂഹം പ്രകൃതി ക്ഷോഭങ്ങൾ ഒട്ടും അനുഭവിച്ചിട്ടില്ലാത്ത ഒരു ജനതയാണ്. ഇക്കഴിഞ്ഞ പ്രളയ കാലത്തെ വിവിധ ചിത്രങ്ങൾ പരിശോദിച്ചാൽ ഏറ്റവും ശ്രദ്ധ നേടിയത് ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിന് മുൻപ് കുഞ്ഞിനേയും കൊണ്ട് ഓടുന്ന പോലീസുകാരന്റെ ചിത്രമാണ്. ഈ ചിത്രം ആണ് ഏറ്റവും ആപ്റ്റ് ആയ ഒന്ന് എന്ന ചിന്തയിൽ നിന്നാണ് ഈ ഡിസൈൻ രൂപപ്പെടുന്നത്. നാം ഒറ്റക്കെട്ടായി ആണല്ലോ പ്രളയത്തെ നേരിട്ടത്. അതിനെ സൂചിപ്പിക്കാൻ ആണ് രണ്ടു കൈകൾ ചേർത്ത് പിടിക്കുന്ന ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ആശംസ കാർഡുകൾ കണ്ടവർ എല്ലാം നല്ല അഭിപ്രായം ആണ് ഇത് വരെ പങ്കു വെച്ചത്.” സൈനുൽ ആബിദ് അഴിമുഖത്തോട് പറഞ്ഞു.

 

This post was last modified on December 28, 2018 4:31 pm