X

കോണ്‍ഗ്രസ് സാമ്പത്തിക പ്രതിസന്ധിയില്‍: കരകയറാന്‍ എംഎല്‍എമാരില്‍ നിന്നും പിരിവെടുക്കുന്നു

ഇതുവരെ സംഭാവന നല്‍കാത്ത എംഎല്‍എമാരുടെ പേരുവിവരങ്ങളും എഐസിസിയുടെ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

സാമ്പത്തിക ബുദ്ധിമുട്ടില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ രക്ഷിക്കുന്നതിന് ഒറ്റത്തവണ സംഭാവനകള്‍ നല്‍കാന്‍ പാര്‍ട്ടി എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരമുള്ള ഒറ്റത്തവണ സാമ്പത്തിക സംഭാവന ഉടന്‍ നല്‍കണമെന്ന് ഓര്‍മ്മിപ്പിച്ച് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിപിസിസി) കഴിഞ്ഞ ദിവസം തങ്ങളുടെ എംഎല്‍എമാര്‍ക്ക് കത്തയച്ചു. തുക ചെക്കായോ ഡ്രാഫ്റ്റായോ നല്‍കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പിപിസിസി ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ സന്ദീപ് സന്ധു എംഎല്‍എമാര്‍ക്ക് ഓഗസ്റ്റ് 19ന് എഴുതിയ കത്തില്‍ എഐസിസി ട്രഷറര്‍ മോട്ടിലാല്‍ വോറ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ഝാക്കറിന് എഴുതിയ കത്തും പരാമര്‍ശിച്ചിട്ടുണ്ട്. സംഭാവന നല്‍കേണ്ട വിധവും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ജൂലൈ അഞ്ചിന് ഝാക്കര്‍ക്ക് വോറ എഴുതിയ കത്തില്‍ പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളികള്‍ കണക്കിലെടുത്ത് നിങ്ങളുടെ സംസ്ഥാനത്ത് നിന്നുള്ള എംഎല്‍എമാര്‍ ഒറ്റത്തവണ സാമ്പത്തിക സംഭാവനയായി ഒരു ലക്ഷം രൂപ വീതം നല്‍കുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എഐസിസി അദ്ധ്യക്ഷയുടെ പേരിലുള്ള ഡ്രാഫ്റ്റായോ ചെക്കായോ പണം സമര്‍പ്പിക്കാമെന്നും ഇതോടൊപ്പം പാന്‍ കാര്‍ഡ് വിവരങ്ങളും നല്‍കണമെന്നും വോറയുടെ കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതുവരെ സംഭാവന നല്‍കാത്ത എംഎല്‍എമാരുടെ പേരുവിവരങ്ങളും എഐസിസിയുടെ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കുന്നത് സാധാരണ നടപടിയാണെന്ന് ക്യാപ്റ്റന്‍ സന്ധു പ്രതികരിച്ചു. പുതിയ നിയമസഭ നിലവില്‍ വന്നതിനെ തുടര്‍ന്നാണ് പുതിയ എംഎല്‍എമാരോട് സംഭാവന ആവശ്യപ്പെട്ട കത്ത് നല്‍കിയിരിക്കുന്നത്. നിയമസഭ രൂപീകരിച്ച് അധികനാളായിട്ടില്ലാത്തതിനാല്‍ എംഎല്‍എമാര്‍ ഇതുവരെ സംഭാവന നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on August 22, 2017 11:32 am