X

വിന്‍സെന്റിന്റെ അറസ്റ്റിന് പിന്നില്‍ സിപിഎം: എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് ഹസന്‍

വിന്‍സന്റിനെ പിന്തുണച്ച് പരാതിക്കാരിയുടെ സഹോദരിയും പുരോഹിതനും

കോവളം എംഎല്‍എ എം വിന്‍സന്റിനെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സിപിഎം നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനും ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഹസന്‍ ആരോപിക്കുന്നത്. അതേസമയം ആരോപണ വിധേയനായ വിന്‍സന്റ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

കെപിസിസി സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെയുള്ള പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും കോടതി കുറ്റവിമുക്തനാക്കുമ്പോള്‍ പദവികളിലേക്ക് തിരികെയെടുക്കുമെന്നാണ് ഹസന്‍ പറയുന്നത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കില്ലെന്നും ഹസന്‍ വ്യക്തമാക്കി. സ്ത്രീയുടെ പരാതി അന്വേഷിക്കുന്നതിനൊപ്പം ഇതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. അതേസമയം വിന്‍സന്റിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ട് രാജിവയ്പ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്.

അതേസമയം വിന്‍സന്റിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയാണെന്ന് ഭാര്യ ശുഭ ആരോപിച്ചു. ഒരു എംഎല്‍എയ്ക്കും സിപിഎം പ്രദേശിക നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ട്. ഗൂഢാലോചനയെക്കുറിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും അവര്‍ ആരോപിച്ചു. പരാതിക്കാരിയായ സ്ത്രീ വിന്‍സന്റിന്റെയും തന്റെയും ഫോണുകളില്‍ വിളിച്ചിരുന്നു. കുടുംബപ്രശ്‌നം കാരണം ആത്മഹത്യ ചെയ്യുമെന്നാണ് പറഞ്ഞത്. സത്യം പുറത്തുവരുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിന്‍സന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പരാതിക്കാരിയായ സ്ത്രീയുടെ സഹോദരിയും ആരോപിക്കുന്നുണ്ട്. ആരോപണത്തിനും ഗൂഢാലോചനയ്ക്കും പിന്നില്‍ എല്‍ഡിഎഫ് ആണെന്നാണ് അവര്‍ പറയുന്നത്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരുതുന്നതെന്നും സഹോദരീ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകനാണെന്നുമാണ് അവര്‍ പറയുന്നത്. പരാതിക്കാരി മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയിരുന്നത് അറിയാമെന്നും കുറെ വര്‍ഷങ്ങളായി മരുന്ന് കഴിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്നെ വന്നു കണ്ട പരാതിക്കാരി എംഎല്‍എ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ജോയ് മത്യാസ് അറിയിച്ചു. പീഡനവിവരം വീട്ടമ്മ തങ്ങളോട് വെളിപ്പെടുത്തിയെന്ന് ഒരു പുരോഹിതനും കന്യാസ്ത്രിയും മൊഴികൊടുത്തെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

This post was last modified on July 23, 2017 7:09 pm