X

കാസറഗോഡ് ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്ക് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്

സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനോ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനോ സിപിഎം ജില്ലാ നേതാക്കള്‍ക്കോ കൊലപാതകത്തില്‍ പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പീതാംബരന്‍ നേരത്തെ തന്നെ കേസില്‍ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരന്‍ പീതാംബരന്‍ തന്നെയാണെന്നാണ് നേരത്തെ പോലീസും കണ്ടെത്തിയത്.

ഇതിനിടെ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കാസറഗോഡ് കണ്ണോത്ത് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും പിന്തുടര്‍ന്ന് പ്രതികള്‍ക്ക് ഫോണില്‍ വിവരങ്ങള്‍ കൈമാറി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. രഞ്ജിത്ത് കൂടി പിടിയിലായതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും കൊല്ലപ്പെട്ടു.©

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

This post was last modified on March 22, 2019 1:09 pm