X

സുഷമ സ്വരാജിനെ ‘സുഷമാ ബീഗ’മാക്കി സംഘപരിവാര്‍ സൈബറാക്രമണം

അവസാനം അവര്‍ സുഷമ സ്വരാജിനെയും തേടിയെത്തി

അവസാനം അവര്‍ സുഷമ സ്വരാജിനെയും തേടിയെത്തി. അല്‍പ്പം മനുഷ്യത്വവും മതേതരവും ആയതിന്റെ പേരില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെതിരെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. ഹിന്ദു വനിതയുടെ മുസ്ലിം ഭര്‍ത്താവിനോട് മതം മാറാതെ പാസ്‌പോര്‍ട്ട് നല്‍കില്ലെന്ന് നിലപാടെടുത്ത ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫിസര്‍ക്കെതിരേ നടപടി സ്വീകരിച്ചതാണ് സുഷമ സ്വരാജിനെതിരേ തിരിയാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. സുഷമ സ്വരാജിനെ സുഷമാ ബീഗം എന്നു വിശേഷിപ്പിച്ചായിരുന്നു സാമൂഹികമാധ്യമങ്ങളിലെ കടന്നാക്രമണം.

പാസ്‌പോര്‍ട്ട് ഓഫിസറെ സ്ഥലം മാറ്റുകയും, ദമ്പതികളുടെ കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനായി പോലീസ് വെരിഫിക്കേഷന്‍ നടത്തേണ്ടതില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രിയുടെ നിലപാട്. നവാസ് ഷെരീഫിന് വിസ നല്‍കാവുന്ന തരത്തില്‍ സുഷമ സ്വരാജ് മതേതര ആയെന്നായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആരോപണം. ഇത്തരം ട്വീറ്റുകള്‍ തുടക്കത്തില്‍ സുഷമ സ്വരാജ് റീട്വീറ്റ് ചെയ്‌തെങ്കിലും പീന്നീട് ഡിലീറ്റ് ചെയ്യുകയും ചെയതു. സുഷമാ ജി നിങ്ങളെയും മതേതര ഈച്ച കടിച്ചു എന്നും ട്വീറ്റുകള്‍ ആരോപിക്കുന്നു.

ഇന്ത്യയിലേക്ക് ചികിത്സ തേടിയെത്തുന്ന പാക് പൗരന്‍മാര്‍ക്ക് കാലതാമസം കൂടാതെ വിസ നല്‍കുന്ന വിദേശകാര്യ മന്ത്രിയുടെ തീരുമാനവും സംഘപരിവാര്‍ പ്രവര്‍ത്തകരെ നേരത്തെ തന്നെ ചൊടിപ്പിച്ചിരുന്നു. കൂട്ടമായ സൈബര്‍ ആക്രമണത്തിന് ഇരയായതോടെ സുഷമാ സ്വരാജിന്റെ ഫേസ്ബുക് റേറ്റിംഗ് അഞ്ചില്‍ നിന്നും ഒന്നായി ഏതാനും മണിക്കൂര്‍ ചുരുങ്ങി. ഇതോടെ ഫേസ്ബുക്കിലെ തന്റെ റിവ്യൂ ഓപ്ഷന്‍ സുഷമാ സ്വരാജ് എടുത്തുമാറ്റുകയും ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സൈബര്‍ പോരാളികളെ നിയോഗിച്ചതിന് പിറകെയാണ് സുഷമയ്‌ക്കെതിരെ സൈബര്‍ ആക്രമണമെന്നതും ശ്രദ്ധേയമാണ്.

പാസ്പോർട്ട് കിട്ടണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർ; പരാതിയുമായി മിശ്രവിവാഹിതർ രംഗത്ത്

This post was last modified on June 24, 2018 7:31 pm