X

വിമര്‍ശനങ്ങള്‍ വൈകാരികം; നോട്ട് നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങള്‍; പ്രധാനമന്ത്രി

വലിയ സമ്പത്തിക വിദഗ്ദര്‍ ഭരിച്ചപ്പോള്‍ ജിഡിപി ഇതിലും താഴെയായിരുന്നു

നോട്ടു നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടു നിരോധനം രാജ്യത്തെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കിയെന്നു സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി മോദിയെത്തിയിരിക്കുന്നത്. വസ്തുതകള്‍ വച്ചല്ല, വൈകാരികപരമായാണ് വിമര്‍ശനങ്ങളെന്നാണ് മോദി വിമര്‍ശകര്‍ക്കുള്ള മറുപടിയായി പറയുന്നത്. ഒരു പാദത്തിലെ വളര്‍ച്ച നിരക്ക് താഴുന്നത് അത്ര വലിയ പ്രശ്‌നമല്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എട്ടുതവണ ജിഡിപി 5.7 ശതമാനത്തിനു താഴെയായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യയുടെ രജതജൂബിലി ആഷോഷച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മോദി ഈ പ്രതികരണങ്ങള്‍ നടത്തിയത്.

യുപിഎ സര്‍ക്കാരിനെയും മുന്‍ പ്രധാനമന്ത്രിയേയും മോദി തന്റെ വിമര്‍ശനത്തിന് പാത്രമാക്കി. കഴിഞ്ഞ ആറു കൊല്ലത്തിനിടിയില്‍ എട്ടു തവണ വളര്‍ച്ചാ നിരക്ക് 5.7 ല്‍ നിന്നു താഴോട്ടു പോയി. അന്നു തന്നെക്കാള്‍ വലിയ സാമ്പത്തികവിഗ്ദറായിരുന്നു ഭരണത്തില്‍, എന്നിട്ടാണങ്ങനെ സംഭവിച്ചത്. താന്‍ സാമ്പത്തിക വിദഗ്ദനല്ല, അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല; മോദി പറയുന്നു.

2022 ല്‍ ഒരൊറ്റ കടലാസു കമ്പനി പോലും ഇന്ത്യയില്‍ ഉണ്ടാകില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക നില ശക്തമായി തുടര്‍ന്നു പോകേണ്ടത് ആവശ്യമാണെന്നും മോദി പ്രഖ്യാപിച്ചു. താഴ്ന്ന വളര്‍ച്ച നിരക്ക് തിരികെ പിടിക്കുമെന്നും അതിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്താമെന്നു മനസിലാക്കാന്‍ ജിഎസ്ടി കൗണ്‍സിലിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും മോദി അറിയിച്ചു.

This post was last modified on October 4, 2017 9:18 pm