ബെംഗളൂരൂ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ എയറോസ്പേസ് ലാബില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഗവേഷകന് കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് നിഗമനം.
32 കാരനായ ഗവേഷകനായ മനോജ് കുമാറാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ മനോജിന്റെ ജീവന് നഷ്ടപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ നാല് ഗവേഷകരും ദൂരെ തെറിച്ചുപോയിരുന്നു. കൊല്ലപ്പെട്ട മനോജ് കുമാര്‍ 20 മീറ്ററോളം അകലെയാണ് പോയി വീണതെന്നും അപ്പോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നും ഐഐഎസ്സി സെക്യൂരിറ്റി ഇന്‍ ചാര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതുല്യ ഉദയ് കുമാര്‍, നരേഷ് കുമാര്‍, കാര്‍ത്തിക് ഷേണായി എന്നീ ഗവേഷകര്‍ക്കാണ് പരിക്കേറ്റത്. ശരീരത്തില്‍ നിരവധി മുറിവുകളും എല്ലുകള്‍ക്ക് ക്ഷതവും ഇവര്‍ക്ക് ഏറ്റിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മൂന്നുപേര്‍ക്കും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് പറയുന്നത്.
സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ദര്‍ അന്വേഷണം നടത്തുമെന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മനോജ് കുമാറും പരിക്കേറ്റ മൂന്നുപേരും ബെംഗളൂരൂ ഐഐഎസ്സിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൂപ്പര്വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിലെ എഞ്ചിനീയര്‍മാരുമായിരുന്നു. 1909 ല്‍ സ്ഥാപിതമായ ബെംഗളൂരൂ ഐഐഎസ്സിയില് ഇങ്ങനെയൊരു അത്യാഹിതം ആദ്യമായാണെന്നാണ് അധികൃതര്‍ പറയുന്നത്.
Leave a Comment