X

കപട ദേശസ്‌നേഹികളുടെ മോങ്ങലുകള്‍ ഇല്ലാത്തതാവണം നവകേരളം: സോഹന്‍ സീനുലാല്‍

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഈ സംഘം എന്തേ ഒന്നും മിണ്ടുന്നില്ല? ഇവര്‍ പറയുന്ന ദേശസ്‌നേഹം എന്താണ്?

പ്രളയ ദുരിതത്തിനിടയിലും രാഷ്ട്രീയ വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിച്ചവരെ പരിഹസിച്ച് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. പ്രളയത്തെ മലയാളികള്‍ ഒറ്റക്കെട്ടായി നേരിട്ടെന്നത് വീമ്പ് പറച്ചിലാവുമെന്നും മനുഷ്യ സ്‌നേഹികള്‍, വര്‍ഗീയ വാദികള്‍ എന്നീ രണ്ട് വിഭാഗങ്ങളാണിപ്പോള്‍ കേരളത്തിലുള്ളതെന്നും സിനൂലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എല്ലാ കക്ഷി രാഷ്ട്രീയ ചിന്തകളും മാറ്റിവെച്ച് ദുരിതമനുഭവിക്കുന്ന സഹജീവിക്കു വേണ്ടി കൈമെയ് മറന്ന് ഒരു കൂട്ടം പ്രവര്‍ത്തിച്ചപ്പോള്‍, ഒരു ജനത ഇങ്ങനെ ഒന്നായാല്‍ പിന്നെ തങ്ങള്‍ക്ക് എന്താണ് ഇവിടെ പ്രസക്തി എന്ന് ചിന്തിച്ച് അവരെ എങ്ങനെ ഒക്കെ ഭിന്നിപ്പിക്കാം എന്ന് ചിന്തിച്ച് മറ്റൊരു കപട ദേശ സ്‌നേഹികളായ കൂട്ടവും പ്രവര്‍ത്തിച്ചു. കേരളത്തിനെ സഹായിക്കാന്‍ ആരൊക്കെ ആഗ്രഹിക്കുന്നുവോ അവരെ ഒക്കെ നിരുല്‍സാഹപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുകായിരുന്ന ഇവര്‍.
മതേതരത്ത്വം മുഴങ്ങേണ്ട കേരളത്തില്‍ ഈ കപട ദേശസ്‌നേഹികളുടെ വര്‍ഗ്ഗീയ മോങ്ങലുകള്‍ ഇനി ഒരിക്കലും കേള്‍ക്കാതിരിക്കാനുള്ള കരുതല്‍ കൂടിയാവണം നമ്മുടെ നവ കേരള സൃഷ്ട്ടിയെന്നും സീനുലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

 

പോസ്റ്റിന്റെ പൂര്‍ണരൂപം

കപട ദേശസ്‌നേഹികളുടെ മോങ്ങലുകള്‍

കേരളത്തെ ബാധിച്ച പ്രളയം , കേരളജനത ഒറ്റകെട്ടായി നേരിട്ടു എന്ന് നാം ഇനി വീമ്പ് പറയരുത് . നാം ഒറ്റകെട്ടല്ല! ഇന്ന് കേരളത്തില്‍ രണ്ട് വിഭാഗം ആളുകളുണ്ട് . ഒന്ന് മനുഷ്യ സ്‌നേഹികള്‍ , രണ്ട് വര്‍ഗ്ഗീയവാദികള്‍. എല്ലാ കക്ഷി രാഷ്ട്രീയ ചിന്തകളും മാറ്റിവെച്ച് ദുരിതമനുഭവിക്കുന്ന സഹജീവിക്കു വേണ്ടി കൈമെയ് മറന്ന് ഒരു കൂട്ടം പ്രവര്‍ത്തിച്ചപ്പോള്‍, ഒരു ജനത ഇങ്ങനെ ഒന്നായാല്‍ പിന്നെ തങ്ങള്‍ക്ക് എന്താണ് ഇവിടെ പ്രസക്തി എന്ന് ചിന്തിച്ച് അവരെ എങ്ങനെ ഒക്കെ ഭിന്നിപ്പിക്കാം എന്ന് ചിന്തിച്ച് മറ്റൊരു കൂട്ടവും പ്രവര്‍ത്തിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയല്പക്കത്തുകൂടി പോയിട്ടില്ലെങ്കിലും , ബ്രിട്ടീഷ്‌കാര്‍ക്ക് വിടുവേല ചെയ്‌തെങ്കിലും ദേശസ്‌നേഹത്തിന്റെ ബാനര്‍ പിടിക്കുക ഈ സംഘത്തിന്റെ പതിച്ച് കിട്ടിയ ഒരു അവകാശം പോലെ ആണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇന്ന് വരെ ഈ കപട ദേശസ്‌നേഹത്തിന് ഒരുപാട് ഉദാഹരണങ്ങളാണ് ഉള്ളത് .
അതിലേക്കൊന്നും കടക്കാതെ ഇന്നത്തെ അവസ്ഥ മാത്രം ഒന്ന് നോക്കൂ .. കേരളത്തിനെ സഹായിക്കാന്‍ ആരൊക്കെ ആഗ്രഹിക്കുന്നുവോ അവരെ ഒക്കെ നിരുല്‍സാഹപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കുക . .

നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നല്ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ സംഘം എന്തേ ഒന്നും മിണ്ടുന്നില്ല? ഇവര്‍ പറയുന്ന ദേശസ്‌നേഹം എന്താണ്?
ഇന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ജനാധിപത്യ രാജ്യം ആണ് . നാം അതില്‍ അഭിമാനം കൊള്ളുന്നുണ്ട് . ഇന്ത്യ മുറുകെ പിടിക്കുന്ന ഏറ്റവും വലിയ മൂല്യങ്ങളാണ് ജനാധിപത്യവും, മതേതരത്വവും. നമ്മുടെ ഭരണഘടന പോലും ഈ മൂല്യങ്ങളില്‍ ഊന്നിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് . ജാതി മത കക്ഷി ലിംഗ ഭേദമെന്യേ സ്വയം ജീവിക്കാനെന്നപോലെ സഹാജീവികള്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് മനസ്സിലാക്കുകയാണ് ഒരു രാജ്യസ്‌നേഹിയുടെ പ്രഥമ കര്‍ത്തവ്യം . ഈ സംഘത്തിന്റെ മൂത്ത രാജ്യ സ്‌നേഹിയായ ഗോള്‍വാള്‍ക്കര്‍ 1939 ല്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പറയുന്നത് ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ് എന്നും ഇന്ത്യ ഹിന്ദു രാജ്യമാണെന്നുമാണ്. മാത്രമല്ല മറ്റ് ന്യുനപക്ഷങ്ങള്‍ക്ക് ഇവിടെ ഇടമില്ലെന്നും ഗോള്‍വള്‍ക്കര്‍ ആഹ്വാനം ചെയ്യുന്നു . ദേശീയത എന്നത് മതപരമായ ഒരു സിദ്ധാന്തം ആയി തന്നെയാണ് ഇവര്‍ കാണുന്നത് . ഇത് സത്യമാണെന്ന് നമുക്ക് ഒരിക്കല്‍ കൂടി മനസ്സിലാക്കിത്തരുന്ന സാഹചര്യമാണ് ഇന്ന് കേരളത്തില്‍ സംജാതമായിരിക്കുന്നത് . വര്ഗ്ഗീയതയുടെ രാഷ്ട്രീയം ഈ സംഘം ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണ് ഈ രാജ്യത്തിന്റെ തന്നെ ഭാഗമായ , അല്ലെങ്കില്‍ ഈ രാജ്യം തന്നെയായ കേരളത്തിന് സഹായം ലഭിക്കുന്നതും , സഹായത്തിന് ആരെങ്കിലും മുതിരുന്നതും ഇവര്‍ക്ക് സഹിക്കാന്‍ പറ്റാത്തത് . നാമിതുവരെ ജാതി പറയാത്തതും ഒരുമിച്ച് ഈ ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നതും ഇക്കൂട്ടര്‍ക്ക് ഒരിക്കലും സഹിക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല..
ഈ കപട ദേശസ്‌നേഹികളുടെ വര്‍ഗ്ഗീയ മോങ്ങലുകള്‍ മതേതരത്ത്വം മുഴങ്ങേണ്ട കേരളത്തില്‍ ഇനി ഒരിക്കലും കേള്‍ക്കാതിരിക്കാനുള്ള കരുതല്‍ കൂടിയാവണം നമ്മുടെ നവ കേരള സൃഷ്ട്ടി.

This post was last modified on August 28, 2018 2:45 pm